മോദിവിരുദ്ധ വികാരം വളര്‍ത്താന്‍ കമ്മ്യൂണിസ്റ്റ് ശ്രമം ഒ. രാജഗോപാല്‍.

Monday 18 July 2016 11:05 pm IST

തിരുവനന്തപുരം: മോദിവിരുദ്ധ വികാരം വളര്‍ത്താന്‍ കമ്മ്യൂണിസ്റ്റ് ശ്രമമെന്ന് ഒ. രാജഗോപാല്‍. നിയമസഭയില്‍ എസ്ബിടി ലയനത്തിനെരെയുള്ള മുഖ്യമന്ത്രിയുടെ പ്രമേയചര്‍ച്ചയില്‍ പങ്കെടുക്കുക ആയിരുന്നു രാജഗോപാല്‍. എസ്ബിടി ലയനകാര്യത്തില്‍ രണ്ടുഭാഗത്തുനിന്നും സമാനവാദഗതികളാണുണ്ടാകുന്നത്. ഇതിന്റെ അടിസ്ഥാനം സാമ്പത്തിക പ്രശ്‌നമല്ല, രാഷ്ട്രീയമാണ്. മോദിവിരുദ്ധ വികാരം വളര്‍ത്താനുള്ള കമ്മ്യൂണിസ്റ്റ് വാദഗതികളോട് കോണ്‍ഗ്രസ്സും ഒന്നിക്കുന്നു. നിവൃത്തിയില്ലാത്തവര്‍ അതിനെ പിന്തുണയ്ക്കുന്നു. സ്വാതന്ത്ര്യം കിട്ടിയ ഉടനെ തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാനുള്ള തീരുമാനത്തിലും ഇതുപോലുള്ള ആശങ്കകളുണ്ടായിരുന്നു. ഇവിടത്തെ സംസ്‌കാരം ക്ഷയിക്കുമെന്നുംനാടിന്റെ സമ്പത്ത് നഷ്ടപ്പെടുമെന്നുമൊക്കെ. എന്നിട്ടെന്താണുണ്ടായത്. അന്നത്തെ ആശങ്ക ഇപ്പോഴാരും പ്രകടിപ്പിക്കുന്നില്ല. അതുപോലെ തന്നെയാണ് ഇതും. ബാങ്ക് ഉദ്യോഗസ്ഥര്‍ക്കോ നിക്ഷേപകര്‍ക്കോ ലയനത്തില്‍ പരാതിയില്ല. മറിച്ച് ചില ട്രേഡ് യൂണിയനുകള്‍ക്ക് മാത്രമാണ് പ്രശ്‌നം. അവരുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമോയെന്ന ആശങ്കയാണ് ഇതിന് പിന്നില്‍. അതല്ലാതെ ഈ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടണമെന്ന താത്പര്യമാണെങ്കില്‍ ആശങ്കയ്ക്ക് യാതൊരവകാശവുമില്ല- രാജഗോപാല്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ആഴത്തില്‍ പഠിച്ചിട്ടുണ്ട്. ഇന്ന് ആഗോളീകരണ യുഗമാണ്. പഴയ ചിന്താഗതികൊണ്ട് കാലഘട്ടത്തെ കൈകാര്യം ചെയ്യല്‍ സാധ്യമല്ല. വലിയ കടബാധ്യത വരുന്ന അവസരത്തില്‍ വലിയ നിലയ്ക്കുള്ള ബാങ്ക് വേണം. ആഗോള അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബാങ്കുപോലും ഇന്ന് ഭാരതത്തിലില്ല. ലയനം അനിവാര്യമാണ്. ലയനം വന്നാല്‍ കാര്‍ഷിക വായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങിയവ ലഭിക്കില്ലെന്ന വാദം കണ്ണടച്ചിരുട്ടാക്കലാണ്. ഇത് നിര്‍ഭാഗ്യകരമാണ്. ഒരു പെണ്‍കുട്ടിയെ വളര്‍ത്തി വലുതാക്കി കല്യാണം കഴിപ്പിക്കുമ്പോള്‍ അച്ഛനും അമ്മയ്ക്കുമുണ്ടാകുന്ന വിഷമം മാത്രമേ ഇവിടെയുള്ളൂ. ഇത് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും തമ്മിലുള്ള ഒത്തുകളിയാണെന്നും രാജഗോപാല്‍ പറഞ്ഞു. തുടര്‍ന്ന് പ്രമേയത്തില്‍ നടന്ന വോട്ടെടുപ്പില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ രാജഗോപാല്‍ വോട്ട് രേഖപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.