കേന്ദ്രത്തിന്‌ കോടതിയുടെ കുറ്റപത്രം

Tuesday 5 July 2011 9:55 pm IST

കേന്ദ്രസര്‍ക്കാറിന്‌ ഇപ്പോള്‍ വേവലാതികളുടെ കാലമാണ്‌. ഒന്നൊന്നായി പ്രഹരങ്ങള്‍ കിട്ടുന്നു. പൊതുസമൂഹത്തില്‍ നിന്നുള്ളതിന്‌ രാഷ്ട്രീയ മാനമുണ്ടെന്ന്‌ വേണമെങ്കില്‍ ആക്ഷേപിക്കാം. അത്തരമൊരു കാലാവസ്ഥയാണല്ലോ രാഷ്ട്രീയാന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നത്‌. എന്നാല്‍ പരമോന്നത കോടതിയുടെ സ്ഥിതി അതല്ല. ന്യായാലയത്തിന്‌ രാഷ്ട്രീയ പക്ഷപാതിത്വമുണ്ടായിക്കൂടെന്നല്ല. പക്ഷേ, ഇന്നത്തെ സാഹചര്യത്തില്‍ കോടതി സ്വീകരിച്ച നിലപാടുകളും നിരീക്ഷണങ്ങളും നിഷ്പക്ഷമായി വിലയിരുത്തുന്ന ആര്‍ക്കും അതിലെ ആത്മാര്‍ഥത കണ്ടെത്താനാവും.
പലതരത്തിലുള്ള വിഷമസന്ധികളില്‍പ്പെട്ട്‌ ഉഴലുന്ന ഭാരതത്തെ സംബന്ധിച്ചിടത്തോളം സുപ്രീംകോടതി കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശങ്ങളും ഉത്തരവും ആശ്വാസമാവാനേ തരമുള്ളു. നിര്‍ലജ്ജമായ കുറ്റമാണ്‌ യുപിഎ സര്‍ക്കാര്‍ കള്ളപ്പണത്തിന്റെ പേരില്‍ ചെയ്തത്‌. കള്ളപ്പണം എവിടെ, എത്രയൊക്കെ, ആരുടെ പേരില്‍ എന്നതിനെക്കുറിച്ച്‌ വ്യക്തമായ വിവരങ്ങള്‍ രാജ്യത്തിന്‌ ലഭ്യമാവണമെന്ന ആഗ്രഹം തരിമ്പും വെച്ചുപുലര്‍ത്താത്ത ഒരു ഭരണകൂടമാണ്‌ മന്‍മോഹന്‍സിംഗിന്റെ നിയന്ത്രണത്തിലുള്ളത്‌. കോടികള്‍ പലതരത്തില്‍ വിദേശത്ത്‌ നിക്ഷേപിച്ചവര്‍ അതിന്റെ സുഖാലസ്യത്തില്‍ മയങ്ങുമ്പോള്‍ 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ' എന്ന നിലപാടാണ്‌ യുപിഎ സര്‍ക്കാരിന്റേത്‌.
സര്‍ക്കാരിന്റെ നിസ്സംഗതക്കെതിരെ ശരിക്കും പൊട്ടിത്തെറിക്കുകയായിരുന്നു സുപ്രീംകോടതി. ഇതുസംബന്ധിച്ച്‌ കേസുകള്‍ ആദ്യം പരിഗണിച്ചപ്പോള്‍, ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ നിസ്സഹായരാണെന്നുമുള്ള നിലപാടാണ്‌ സര്‍ക്കാര്‍ സ്വീകരിച്ചത്‌. യുപിഎ സര്‍ക്കാര്‍ പ്രശ്നത്തിന്റെ ഉള്ളിലേക്കിറങ്ങാതെ ഒഴിഞ്ഞുമാറിയെന്നാണ്‌ ഇതിനെക്കുറിച്ച്‌ കോടതി കുറ്റപ്പെടുത്തിയത്‌. തങ്ങള്‍ ആവര്‍ത്തിച്ച്‌ ചോദിച്ചപ്പോള്‍ മാത്രമാണ്‌ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതായി സര്‍ക്കാര്‍ സമ്മതിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. ഭരണഘടനാപരമായും നിയമപരമായുമുള്ള ഉത്തരവാദിത്തത്തിനു നിരക്കുന്നതല്ലെന്ന്‌ മുഖത്തടിച്ചതുപോലെയാണ്‌ കോടതി കുറ്റപ്പെടുത്തിയിരിക്കുന്നത്‌.
സര്‍ക്കാരിന്റെ പിഴച്ചപോക്കില്‍ മനംനൊന്താണ്‌ സുപ്രിംകോടതി തന്നെ അന്വേഷണത്തിന്‌ മുന്നിട്ടിറങ്ങിയിരിക്കുന്നത്‌. ഇത്‌ ജനങ്ങളുടെ നെടുനാളായുള്ള അഭിലാഷം കൂടിയാണ്‌. വിദേശബാങ്കുകളില്‍ ഇന്ത്യക്കാര്‍ സൂക്ഷിച്ചിട്ടുള്ള കള്ളപ്പണം സംബന്ധിച്ച കേസുകള്‍ ഊര്‍ജിതമായി അന്വേഷിച്ച്‌ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ്‌ സുപ്രീംകോടതി മുന്‍ ജഡ്ജി ബി.പി.ജീവന്‍ റെഡ്ഡി അധ്യക്ഷനായ പ്രത്യേക അന്വേഷണസംഘത്തിന്‌ സുപ്രീംകോടതി അധികാരം നല്‍കിയിരിക്കുന്നത്‌. സമൂഹത്തിലെ പേരും പെരുമയും സത്യസന്ധതയും കൈമുതലായവരെയും കോടതി സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.
സുപ്രീംകോടിതിയുടെ ഈയൊരു ഇടപെടല്‍ യുപിഎ സര്‍ക്കാരിലുള്ള അവിശ്വാസം കൂടിയാണ്‌. സിസ്സംഗഭാവം തുടരുന്ന സര്‍ക്കാരിന്റെ ഉള്ളിലിരിപ്പ്‌ എന്താണെന്ന്‌ ഇതുവരെയും വ്യക്തമായിട്ടില്ല. കള്ളപ്പണക്കാരെ വ്യക്തമായി സര്‍ക്കാരിനറിയാമെങ്കിലും നടപടിയെടുക്കാന്‍ വൈകുന്നു. ഒരുപക്ഷേ, അതില്‍ രാഷ്ട്രീയമുണ്ടാവാം. അല്ലെങ്കില്‍ മേറ്റ്ന്തെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ ഉണ്ടാവാം.എന്തായാലും രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യയില്‍ നിന്ന്‌ കടത്തിക്കൊണ്ടുപോയ കള്ളപ്പണം തിരികെ എത്തുകതന്നെവേണം. അങ്ങനെ അത്‌ നിയമാനുസൃതമാക്കി രാജ്യത്തിന്റെ ശോഭനമായ വളര്‍ച്ചയ്ക്കുപയുക്തമാക്കണം. ഇക്കാര്യത്തില്‍ ഒരലംഭാവവും വിട്ടുവീഴ്ചയും പാടില്ല.
വാസ്തവത്തില്‍ ഇതൊന്നും കോടതിയായിരുന്നില്ല സര്‍ക്കാരിനെ ഓര്‍മിപ്പിക്കേണ്ടത്‌. യുപിഎ സര്‍ക്കാരിനെ നിയന്ത്രിക്കുന്ന കോണ്‍ഗ്രസ്സിന്‌ ഈ താല്‍പര്യം വേണമായിരുന്നു. അഴിമതിയുടെ ചളിക്കുണ്ടില്‍ കിടന്ന്‌ രസം പിടിച്ചുപോയ ഒരു കക്ഷിക്ക്‌ മറ്റുള്ളവരുടെ അഴിമതിക്കറയ്ക്കുനേരെ വിരല്‍ചൂണ്ടാന്‍ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുന്നു. കോണ്‍ഗ്രസ്സിന്റെ അടിവേരില്‍ത്തന്നെ അഴിമതിയുടെ വ്രണമാണ്‌. അത്‌ പൊട്ടിയൊലിച്ചുണ്ടാകുന്ന അസഹനീയ ദുര്‍ഗന്ധത്താല്‍ മൊത്തം രാജ്യവും നാറിത്തുടങ്ങിയിരിക്കുന്നു. അങ്ങനെയുള്ളപ്പോള്‍ എങ്ങനെയാണ്‌ കള്ളപ്പണക്കാരെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുക.
കള്ളപ്പണം പിടികൂടാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ബാബാരാംദേവിന്റെയും അണ്ണാഹസാരെയുടെയും സമരങ്ങളെ തച്ചുതകര്‍ക്കാനുള്ള ഔദ്ധത്യമാണല്ലോ സോണിയ പിന്‍സീറ്റ്‌ ഡ്രൈവിങ്‌ നടത്തുന്ന യുപിഎ സര്‍ക്കാര്‍ കാണിച്ചത്‌. ആ വ്യക്തികളുടെ ആത്മാര്‍ഥതയുടെ തരിമ്പുപോലും സര്‍ക്കാരിലെ ഉന്നതന്‍മാര്‍ക്കില്ലെന്ന്‌ പേരെടുത്തുപറയാതെ സുപ്രീംകോടതി കുറ്റപ്പെടുത്തിയിരിക്കുന്നു. നവ ഉദാരവത്ക്കരണ സാമ്പത്തിക നയങ്ങള്‍ക്കായി നിലകൊള്ളുന്നവരുടെ നേരെയുള്ള അതിശക്തമായ ചാട്ടുളി തന്നെയാണ്‌ സുപ്രീം കോടതിയുടെ ഉത്തരവ്‌. ഓരോ രാജ്യസ്നേഹിയെയും കോള്‍മയിര്‍കൊള്ളിക്കുന്ന വിലയിരുത്തലുകളാലും നിരീക്ഷണങ്ങളാലും സമൃദ്ധമാണ്‌ കോടതിയുടെ പരാമര്‍ശങ്ങള്‍.
രാഷ്ട്രഗാത്രം താങ്ങി നിര്‍ത്തുന്ന നാലു സ്തംഭങ്ങളില്‍ മൂന്നെണ്ണവും നിസ്സംഗമനോഭാവമോ കുറ്റകരമായ മൗനമോ തുടരുമ്പോള്‍ അതിശക്തമായ തിരിച്ചറിവിന്റെ ആയുധങ്ങളോടെ കോടതി എത്തുന്നത്‌ ആഹ്ലാദകരമായ അനുഭവം തന്നെയാണ്‌ . രാഷ്ട്രീയത്തിന്റെ ദൂരക്കാഴ്ചയില്ലാത്ത വര്‍ത്തമാനകാലസാഹചര്യത്തില്‍ കോടതി കൂടി ഇല്ലായിരുന്നെങ്കില്‍ സ്ഥിതി ഭയാനകമാവുമായിരുന്നു. ഏതു തെറ്റിനും കുറ്റത്തിനും മറ്റുള്ളവര്‍ക്കു നേരെ വിരല്‍ചൂണ്ടുന്ന ഭരണകൂട വൈതാളികരെ നിലയ്ക്കുനിര്‍ത്താന്‍ കോടതിക്കു മാത്രമെ കഴിയൂ. കള്ളപ്പണത്തിന്റെ കാര്യത്തില്‍ സുപ്രീം കോടതിയുടെ ഉത്തരവ്‌ കേന്ദ്രസര്‍ക്കാറിനുള്ള കുറ്റപത്രം തന്നെയാണ്‌.
കോടതിയുടെ കുറ്റപത്രത്തെ അതിന്റെ ആത്മാര്‍ഥതയൊടെ സ്വീകരിച്ച്‌ അതിശക്തമായ നയ-നടപടികളുമായി മന്‍മോഹന്‍സര്‍ക്കാരിന്‌ പോകാന്‍ സാധിച്ചാല്‍ ഈ രാഷ്ട്രത്തോട്‌ അവര്‍ക്ക്‌ അല്‍പമെങ്കിലും കൂറ്‌ ഉണ്ടെന്ന്‌ വിലയിരുത്താം. അതല്ല, ഇതൊക്കെ മാധ്യമങ്ങളും അവരുടെ സംഘവും വരുത്തിക്കൂട്ടുന്ന ചെറിയ പ്രശ്നങ്ങളാണെന്ന ലാഘവബുദ്ധിയോടെയുള്ള നിലപാട്‌ സ്വീകരിക്കുകയാണെങ്കില്‍ സ്ഥിതിഗതികള്‍ ആശങ്കാജനകമായിരിക്കും. അതിന്‌ വഴിവെട്ടാതിരിക്കാനാണ്‌ വിവേകമുള്ളവര്‍ തയാറാവുക. കള്ളപ്പണത്തിന്റെ കൂമ്പാരം വര്‍ധിക്കുന്നതിനനുസരിച്ച്‌ ഇന്ത്യയില്‍ അസ്വസ്ഥതയും അരാജകത്വവും ഉയര്‍ന്നുവരുമെന്നത്‌ തര്‍ക്കമറ്റ സംഗതിയാണ്‌. ഇന്ത്യയെ തകര്‍ക്കാന്‍ കണ്ണിലെണ്ണയൊഴിച്ച്‌ കാത്തിരിക്കുന്നവര്‍ക്ക്‌ അന്യനാട്ടിലുള്ള ഇന്ത്യക്കാരുടെ കള്ളപ്പണം ചാകരതന്നെയാണ്‌. സ്വയം നാശത്തിന്‌ നമ്മള്‍ നിന്നുകൊടുക്കണോ എന്ന വലിയ ചോദ്യം അന്തരീക്ഷത്തില്‍ ഉയര്‍ത്തിയിരിക്കുന്നത്‌ സുപ്രീം കോടതിയാണ്‌. ഓരോ ഭാരതീയന്റെയും ഹൃദയവികാരവുമാണത്‌. ഇനി കണ്ണ്‌ തുറന്ന്‌ കാര്യങ്ങള്‍ കാണേണ്ടത്‌ കേന്ദ്രസര്‍ക്കാരാണ്‌. എല്ലാ തടസ്സവും ഒഴിവാക്കേണ്ടതും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.