കഞ്ചാവും പാന്‍മസാലയും പിടിച്ചെടുത്തു; ജില്ലയില്‍ വന്‍ലഹരിവേട്ട

Tuesday 19 July 2016 11:01 am IST

കൊല്ലം: ജില്ലയില്‍ ഇന്നലെ നടത്തിയ റെയ്ഡില്‍ വിവിധ ഭാഗങ്ങളില്‍ നിന്നും വന്‍തോതില്‍ ലഹരി ഉല്‍പ്പന്നങ്ങളും കഞ്ചാവും പിടിച്ചെടുത്തു. 20,000 പാക്കറ്റ് പാന്‍മസാല, 1,500 പാക്കറ്റ് സിഗരറ്റ്, 1,600 പാക്കറ്റ് ബീഡി, പുകയില എന്നിവയാണ് പിടികൂടിയത്. വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്തതിന് അഞ്ചല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രിന്‍സ് ബാബുവും പാര്‍ട്ടിയും കൂടി നാല് പ്രതികളെ അറസ്റ്റ് ചെയ്യുകയും 1.75 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു. കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ഓട്ടോറിക്ഷയും ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. ചവറയിലും കരുനാഗപ്പള്ളിയിലും സ്‌കൂളുകളുടെ സമീപം ലഹരികലര്‍ന്ന മിഠായികള്‍ വില്‍പ്പന നടത്തുന്നുവെന്ന പരാതിയില്‍ എക്‌സൈസ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, പോലീസ് വകുപ്പുകള്‍ സംയോജിതമായി നടത്തിയ റെയ്ഡില്‍ സംശയകരമായി കാണപ്പെട്ട മിഠായികളുടെ സാമ്പിളുകള്‍ വിശദപരിശോധനക്ക് അയക്കുകയും ചെയ്തു. ജില്ലയിലാകമാനം നടന്ന റെയ്ഡില്‍ 80 കോട്പ കേസുകളും, അഞ്ച് അബ്കാരി കേസുകളും, രണ്ട് മയക്കുമരുന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തു. ഈ മാസം ഇതുവരെ 23 മയക്കുമരുന്നുകേസുകളിലായി 17.689 കിലോഗ്രാം കഞ്ചാവും അഞ്ച് വാഹനങ്ങളും പിടിച്ചെടുത്തു. 193 അബ്കാരി കേസ്സുകളും, 206 കോട്പ കേസ്സുകളും എടുത്തു. കേസുകളിലായി 15 വാഹനങ്ങള്‍ പിടിച്ചെടുത്തു. റെയിഡില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജിദാസ്, ബി.സുരേഷ്, ആര്‍.ബാബു, വി.റോബര്‍ട്ട്, പി.കെ.ഹരികുമാര്‍ എന്നിവരും പങ്കെടുത്തു. റെയ്ഡുകള്‍ക്ക് കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.ആര്‍.അനില്‍കുമാര്‍, എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ജി.രാധാകൃഷ്ണപിള്ള എന്നിവര്‍ നേതൃത്വം നല്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.