രാജ്യത്ത് ഇരട്ട ജീവപര്യന്തം പാടില്ല: സുപ്രീം കോടതി

Tuesday 19 July 2016 1:47 pm IST

ന്യൂദല്‍ഹി: രാജ്യത്ത് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി. കുറ്റത്തിന്റെ ഗൗരവം പരിഗണിച്ച് ആദ്യം നിശ്ചിത കാലത്തേക്ക് തടവും പിന്നീടു ജീവപര്യന്തവും വിധിക്കാം. മറിച്ച് വിധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. നിലവില്‍ ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുള്ള എല്ലാ കേസുകള്‍ക്കും ബാധകമാണ് ഇന്നത്തെ സുപ്രീം കോടതി വിധി. തമിഴ്‌നാട്ടില്‍ എട്ടു പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് എട്ട് ജീവപര്യന്തം ശിക്ഷ വിധിച്ചതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതി നിര്‍ദേശം. ഒരാള്‍ ഒരു ജീവിതമേ ജീവിക്കാന്‍ കഴിയൂ. അപ്പോള്‍ ഒരു ജീവപര്യന്തം ശിക്ഷ പര്യാപ്തമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റേതാണ് ഇരട്ട ജീവപര്യന്തം ശിക്ഷ സംബന്ധിച്ച വിധി. ജീവപര്യന്തം തടവുകൊണ്ട് ഉദ്ദേശിക്കുന്നതു ജീവിതകാലം മുഴുവന്‍ ജയില്‍ജീവിതം നയിക്കലാണെന്നു കോടതി നേരത്തെ പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.