ഡോക്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് അഞ്ജലി പുതുജീവിതത്തിലേക്ക്

Friday 19 May 2017 11:53 am IST

ട്രെയിനില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം പാപ്പനംകോട് അരിവക്കോട് കാഞ്ഞിരംവിള വീട്ടില്‍ അനില്‍ കുമാര്‍-രഞ്ജിനി ദമ്പതികളുടെ മകള്‍ നാലുവയസുകാരി അഞ്ജലി കളിയും ചിരിയുമായി പുതു ജീവിതത്തിലേക്ക്. നടുങ്ങുന്ന ഓര്‍മ്മകളില്‍ നിന്നും തങ്ങളുടെ പൊന്നുമോളെ രക്ഷിച്ചെടുത്ത മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയും എസ്എടി ആശുപത്രിയിലേയും ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ആ ദമ്പതികള്‍ നന്ദി പറഞ്ഞ് വീട്ടിലേയ്ക്ക് യാത്രയാകുമ്പോള്‍ അവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ഇപ്പോഴും നടുങ്ങുന്ന ഓര്‍മ്മകളോടെയാണ് അന്നത്തെ ട്രെയിനിലെ സംഭവം അനില്‍കുമാറും ഭാര്യ രഞ്ജിനിയും ഓര്‍ക്കുന്നത്. കൊല്ലത്താണ് രഞ്ജിനിയുടെ വീട്. ഇടയ്ക്കിടയ്ക്ക് ട്രെയിന്‍ യാത്ര പതിവാണ്. ഇപ്രാവശ്യവും ഭാര്യാവീട്ടില്‍ നിന്നും കൊല്ലം നാഗര്‍കോവില്‍ പാസഞ്ചര്‍ ട്രെയിനിലാണ് ഇവര്‍ കയറിയത്. മകന്‍ അതുലും(10) അഞ്ജലിയും അവര്‍ക്കൊപ്പമുണ്ടായിരുന്നു. ചാക്ക കഴിഞ്ഞപ്പോള്‍ ട്രെയിനിന്റെ വേഗത കുറഞ്ഞു. ശൗചാലയത്തില്‍ പോകാനായി അനില്‍കുമാര്‍ എഴുന്നേറ്റു. അപ്പോള്‍ അമ്മയുടെ മടിയിലായിരുന്നു അഞ്ജലി. അച്ഛന്റെ കൂടെ താനും ശൗചാലയത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് അമ്മയുടെ അടുത്തു നിന്നും എഴുന്നേറ്റ് നടന്നു. അഞ്ജലി പുറകേ വരുന്ന വിവരം അച്ഛന്‍ അറിഞ്ഞില്ല. അന്നേരം പേട്ട, മൂന്നാമനയ്ക്കല്‍ അമ്പലത്തിന് സമീപം ട്രെയിനെത്തിയിരുന്നു. അച്ഛനെത്തിരക്കി വന്ന കുട്ടി ട്രെയിനിന്റെ ഉലച്ചില്‍ കാരണം വെളിയില്‍ തെറിച്ച് വീണു. ശൗചാലയത്തില്‍ നിന്നും തിരികെ വന്ന അച്ഛന്‍ കരുതിയത് കുട്ടി അമ്മയുടെ അടുത്തായിരിക്കുമെന്നാണ്. എന്നാല്‍ അമ്മ വിചാരിച്ചു കുട്ടി അച്ഛന്റെ അടുത്താണെന്ന്. തിരികെ എത്തിയ അച്ഛന്‍ അന്വേഷിച്ചപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് മനസിലായത്. കുസൃതിക്കാരിയായ കുട്ടി സീറ്റിനടിയില്‍ ഒളിക്കുക പതിവായിരുന്നു. എന്നാല്‍ ആ ബോഗി മുഴുവന്‍ പരിശോധിച്ചിട്ടും കുട്ടിയെ കാണാത്തതിനാല്‍ അവരുടെ ചിന്ത പലവഴിക്കായി. അപ്പോള്‍ ട്രെയിന്‍ ഏതാണ്ട് തമ്പാനൂര്‍ എത്താറായിരുന്നു. സര്‍വവും തകര്‍ന്ന ആ അച്ഛന്‍ ഉടന്‍തന്നെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും ചാടിയിറങ്ങി പലവഴിക്ക് അന്വേഷിച്ചെങ്കിലും ഒരു വിവരവുവും കിട്ടിയില്ല. അവസാനം പോലീസിനോട് ഇക്കാര്യം പറഞ്ഞപ്പോഴാണ് ഒരു കുട്ടി ട്രെയിനില്‍ നിന്നും വീണിട്ടുണ്ടെന്ന കാര്യം അവര്‍ക്ക് അറിയാന്‍ കഴിഞ്ഞത്. മൂന്നാം മനയ്ക്കല്‍ അമ്പലത്തിന് പുറകിലുള്ള റെയില്‍വേ പാളങ്ങള്‍ക്ക് ഇടയിലാണ് കുട്ടി വീണത്. കുട്ടിയുടെ കരച്ചില്‍ കേട്ട് അമ്പലത്തിന് സമീപം നിന്നിരുന്ന രണ്ടു പേര്‍ അവിടെ ഓടിയെത്തി രക്തത്തില്‍ കുളിച്ചു കിടക്കുന്ന കുട്ടിയെ വാരിയെടുത്ത് പോലീസിനെ അറിയിച്ചു. ഉടന്‍ തന്നെ പോലീസിന്റെ സഹായത്തോടെ കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. വേദനയ്ക്കിടയിലും അവള്‍ അച്ഛനെക്കാണണമെന്ന് പറഞ്ഞ് കരഞ്ഞു. അച്ഛന്റേയും അമ്മയുടേയും പേരുകള്‍ പറയുകയും ചെയ്തു. പോലീസുകാരില്‍ നിന്നും വിവരം അറിഞ്ഞ അനില്‍കുമാറും ഭാര്യയും തകര്‍ന്ന ഹൃദയവുമായി നേരെ ആശുപത്രിയിലേക്കെത്തുമ്പോള്‍ കണ്ടത് ട്രോളിയില്‍ കിടക്കുന്ന തങ്ങളുടെ പൊന്നു മോളെയാണ്. കെട്ടിപ്പിടിച്ചുകൊണ്ട് എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ മോളുടെ മറുപടി അവരെ ഞെട്ടിച്ചു. 'അച്ഛാ ഞാന്‍ ചാടിയതാ...' അവളുടെ നിഷ്‌കളങ്കമായ മറുപടി അവരെ കൂടുതല്‍ വേദനിപ്പിച്ചു. തലയ്ക്ക് മുറിവേറ്റെന്ന് മനസിലാക്കിയ ഡോക്ടര്‍മാര്‍ കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എസ്എടി ആശുപത്രിയിലെത്തിയ കുട്ടിയെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധിച്ചു. പരിശോധനയില്‍ കുട്ടിയുടെ തലയ്ക്ക് ആഴത്തിലുള്ള മുറിവും തലയോട്ടിക്ക് പൊട്ടലും തലച്ചോറിന് സമ്മര്‍ദ്ധമുള്ളതായും കണ്ടെത്തി. തുടര്‍ന്നാണ് മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജറി വിദഗ്ധര്‍ അടിയന്തിര ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്. അന്ന് രാത്രിയില്‍ തന്നെ മണിക്കൂറുകള്‍ നീണ്ട ന്യൂറോ സര്‍ജറി നടത്തി. തുടര്‍ന്ന് അഞ്ജലിയെ ട്രോമ കെയര്‍ ഐസിയുവില്‍ തീവ്ര പരിചരണം നല്‍കി. ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതി ഉണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ എസ്എടി ആശുപത്രിയിലെ ശിശുരോഗ വിഭാഗം വാര്‍ഡില്‍ പ്രവേശിപ്പിച്ചു. തലയ്‌ക്കേറ്റ ഗുരുതരമായ ക്ഷതം കാരണം കുട്ടിയുടെ ഒരു വശത്ത് ചെറിയ ബലക്കുറവുണ്ട്. അത് ഫിസിയോ തെറാപ്പിയിലൂടെ മാറ്റിയെടുക്കാന്‍ സാധിക്കും എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മൂന്നാഴ്ചത്തെ ആശുപത്രി പരിചരണത്തിന് ശേഷം കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. തങ്ങളുടെ പൊന്നുമകളെ തിരികെ തന്ന ഡോക്ടര്‍മാര്‍, ദിവസങ്ങളോളം ഉറക്കമിളച്ച് ഐസിയുവിലും വാര്‍ഡുകളിലും പരിചരിച്ച നഴ്‌സുമാര്‍ മറ്റ് ജീവനക്കാര്‍ എന്നിവരോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്ന് അനില്‍കുമാറും ഭാര്യയും പറഞ്ഞു. സത്യന്‍നഗര്‍ നഴ്‌സറി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിയാണ് അഞ്ജലി. സഹോദരന്‍ അതുല്‍ അഞ്ചാം ക്ലാസിലും പഠിക്കുന്നു. നിര്‍മ്മാണ തൊഴിലാളിയായ അനില്‍കുമാറിന് വയറ്റിലെ മുഴയ്ക്കായി ശസ്ത്രക്രിയ ചെയ്യേണ്ടതുണ്ട്. എന്നാല്‍ സാമ്പത്തിക പരാധീനത കാരണം അത് മാറ്റിവയ്ക്കുകയായിരുന്നു. ഈയൊരപകടത്തെ പലരും പലരീതിയില്‍ കുറ്റപ്പെടുത്തുമ്പോഴും തങ്ങളുടെ ജീവന്റെ ജീവനെ കാത്തുകൊള്ളേണമേ എന്ന ഒറ്റ പ്രാര്‍ത്ഥനയായിരുന്നു ആ കുടുംബത്തിന്റെ ആകെയുള്ള ബലം. ആ പ്രാര്‍ത്ഥന ദൈവം കേട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.