ഭവനപദ്ധതിയില്‍ മുടങ്ങിക്കിടന്ന വീടുകള്‍ക്ക് ജപ്തിഭീഷണി

Tuesday 19 July 2016 7:39 pm IST

എടത്വ: ഐഎവൈ ഭവനപദ്ധതിയില്‍ മുടങ്ങിക്കിടന്ന വീടുകള്‍ക്ക് ജപ്തിഭീഷണി. 2011 - 14 സാമ്പത്തിക വര്‍ഷത്തില്‍ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ നൂറുകണക്കിന് വീടുകളാണ് ജപ്തിഭീഷണി നേരിടുന്നത്. കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ഭവനപദ്ധതി പ്രകാരം വീട് അനുവദിച്ചാല്‍ പഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന തുകയുടെ നാലിരട്ടിയെങ്കിലും തുക വീട്ടുകാര്‍ കരുതിവെയ്ക്കണം. നിര്‍മാണ സാമിഗ്രികള്‍ സ്ഥലത്ത് എത്തണമെങ്കില്‍ കയറ്റിയിറക്കുകൂലിയായി നല്ലൊരുശതമാനം തുക നഷ്ടമാകും. ഭവന നിര്‍മാണ പദ്ധതിപ്രകാരം ലഭിക്കുന്ന ഈ തുശ്ശമായ തുകയില്‍ നിന്നുവേണം സാധാരണക്കാരായ കുടുംബങ്ങള്‍ വീടുനിര്‍മ്മിക്കേണ്ടത്. പലപ്പോഴും വീടുനിര്‍മ്മാണം മുടങ്ങുകയും പിന്നീട് ജപ്തി നടപടിയാല്‍ എത്തുകയുമാണ് ചെയ്യുന്നത്. തലവടിയില്‍ പലിശക്ക് പണമെടുത്ത് വീടുപണി പുനരാരംഭിച്ച കുടുംബങ്ങളില്‍ പഞ്ചായത്ത് ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു. തലവടി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ ഐഎവൈ പദ്ധതിപ്രകാരം വീട് അനുവദിച്ച ഇടയത്ര വിനീത് സന്തോഷ്, രാമശ്ശേരി വിലാസിനി എന്നിവരുടെ വീടുനിര്‍മാണമാണ് സാമ്പത്തിക ബുദ്ധിമുട്ടുകാരണം മുടങ്ങിക്കിടന്നത്. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ വീടുനിര്‍മാണത്തിനായി 1,65,000 അനുവദിച്ചു. ആദ്യഗഡുവായി ലഭിച്ച 40,000 രൂപകൊണ്ട് വീടുനിര്‍മാണം ആരംഭിച്ചെങ്കിലും നിര്‍ദ്ദേശിക്കപ്പെട്ട പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. നിര്‍മാണ സാമിഗ്രികളുടെ വിലവര്‍ദ്ധനയും തൊഴില്‍കൂലിയും കാരണം നിര്‍ദ്ധനരായ ഈ കുടുംബങ്ങളുടെ വീടുനിര്‍മാണം പാതിവഴിയില്‍ മുടങ്ങി. നിര്‍മാണം നടക്കാതെ വന്നതോടെ ആദ്യഗഡുവായി ലഭിച്ച തുക തിരിച്ചടക്കണമെന്ന് നിര്‍ദ്ദേശിച്ചു. തിരിച്ചടക്കാത്തത് കാരണം ജപ്തിനടപടിയിലേക്ക് തിരിയുമെന്ന ഘട്ടത്തില്‍ വാര്‍ഡ് മെമ്പര്‍ ഇടപെട്ട് പുനര്‍നിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശംവച്ചു. ഇതിനെതുടര്‍ന്ന് കടംവാങ്ങിയും പലിശക്കെടുത്തും വീടുപണി പുനരാരംഭിക്കാന്‍ വീട്ടുകാര്‍ ശ്രമം തുടങ്ങി. പഞ്ചായത്ത് നിര്‍ദ്ദേശിക്കപ്പെട്ട പണി പൂര്‍ത്തിയാക്കിയതോടെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രാജേഷ്, തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരന്‍, വാര്‍ഡ് മെമ്പര്‍ അജിത്ത്കുമാര്‍ പിഷാരത്ത് എന്നിവര്‍ വീടുപണി നേരില്‍കണ്ട് വിലയിരുത്തിയശേഷം അടുത്ത ഗഡു അനുവദിക്കുന്നതിനുള്ള നടപടിയും തുടങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.