ശ്രീപത്മനാഭസേവയുടെ പത്തരമാറ്റ്‌

Tuesday 5 July 2011 9:56 pm IST

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ തുറന്ന്‌ സഹസ്രകോടികളുടെ വിലയുള്ള അമൂല്യ പുരാവസ്തു ശേഖരങ്ങളുള്‍പ്പെടെ സ്വത്തുവകകളുടെ വിവരം പുറംലോകത്തിന്‌ ലഭിച്ചപ്പോള്‍ ഉണര്‍ന്നത്‌ ശ്രീപത്മനാഭദാസന്മാരായി നൂറ്റാണ്ടുകളായി തിരുവിതാംകൂര്‍ ഭരിച്ച രാജവംശ പരമ്പരയോടുള്ള വര്‍ധിച്ച ബഹുമാനവും ആദരവും മാത്രമല്ല ഈ സ്വത്തുവകകളുടെ ഭാവിയിലെ സുരക്ഷിതത്വത്തെപ്പറ്റിയുള്ള ആശങ്കകൂടിയാണ്‌.
ഒാ‍രോ അറകളും തുറന്ന്‌ സ്വത്തുവിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ സാംസ്കാരിക നായകര്‍ എന്ന മുദ്രപേറുന്നവരില്‍ പലരും പറഞ്ഞത്‌ ഇത്‌ രാജവംശം കൊള്ളയടിച്ച്‌ സംഭരിച്ച മുതലാണെന്നും പൊതുസ്വത്താണെന്നും കുചേലന്മാര്‍ക്ക്‌ വീതിച്ചുനല്‍കേണ്ടതാണെന്നും മറ്റുമാണ്‌. ഈ വന്‍ സമ്പദ്ശേഖരം ഇത്ര ഭദ്രമായി നൂറ്റാണ്ടുകളായി സൂക്ഷിച്ചുവെച്ച തിരുവിതാംകൂര്‍ രാജവംശത്തെ അനുമോദിക്കാന്‍ എറണാകുളം കരയോഗം സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ചരിത്രകാരനായ പ്രിയദര്‍ശന്‍ലാല്‍ പറഞ്ഞതുപോലെ ഈ സ്വത്ത്‌ ഭക്തജനങ്ങളുടെ സമര്‍പ്പണംതന്നെയാണ്‌. ഈ സ്വത്തുക്കള്‍ രഹസ്യമായിരുന്നതിനാല്‍ മാത്രമാണ്‌ ഇത്‌ സംരക്ഷിപ്പെട്ടത്‌ എന്നാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌. അല്ലെങ്കില്‍ വിദേശശക്തികള്‍ കേരളത്തില്‍ വന്നപ്പോള്‍ ഇവ കയ്യടക്കുമായിരുന്നു. ഇപ്പോള്‍ സ്വത്ത്‌ വെളിപ്പെട്ടപ്പോള്‍ അത്‌ എങ്ങനെ അപഹരിക്കാം എന്നതിന്‌ രൂപരേഖകള്‍ തയ്യാറാക്കപ്പെടുന്നുണ്ടാകാം.
സ്വാതന്ത്ര്യലബ്ധിക്ക്‌ ശേഷം രാജഭരണം നിലച്ചപ്പോള്‍ ക്ഷേത്രസ്വത്ത്‌ സര്‍ക്കാര്‍ വകയായി എന്ന വാദവും ഉയരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം 13 മഹാക്ഷേത്രങ്ങളില്‍ ഒന്നായ ശ്രീപത്മനാഭസ്വാമി ക്ഷേത്രം സര്‍ക്കാര്‍ അധീനതയില്‍ ആയിരുന്നെങ്കില്‍ ഇന്ന്‌ നിത്യപൂജക്കുപോലും നിവര്‍ത്തിയില്ലാത്ത അവസ്ഥയില്‍ എത്തുമായിരുന്നു.
ഇന്ന്‌ ജനങ്ങള്‍ തെരഞ്ഞെടുത്ത്‌ ഭരിക്കാനയക്കുന്ന 'രാജാക്കന്മാര്‍' നടത്തുന്ന അഴിമതിയുടെ ചുരുള്‍ അഴിയുമ്പോഴും ഇൌ‍ വാദമുഖങ്ങള്‍ ഉയരുന്നത്‌ എന്നെ അതിശയിപ്പിക്കുന്നു. "രാജ" എന്ന പേരില്‍ രാജാധികാരം കയ്യാളിയ മുന്‍ ടെലികോംമന്ത്രി എ. രാജ നടത്തിയ അഴിമതി 1,76,000 കോടി രൂപയുടേതായിരുന്നു. ഇതിലെ പൂജ്യങ്ങള്‍ എങ്ങനെ എണ്ണിത്തീര്‍ക്കും എന്ന്‌ സുപ്രീംകോടതി ജസ്റ്റിസ്‌ പോലും ചോദിക്കുകയുണ്ടായി. ഇങ്ങനത്തെ രാജാക്കന്മാരുടെ കൈകളില്‍ ഈ സ്വത്തുശേഖരം എത്തിപ്പെട്ടാലത്തെ സ്ഥിതി ഓര്‍ത്താണ്‌ ഇന്ന്‌ ജനങ്ങള്‍ ആശങ്കപ്പെടുന്നത്‌. ഒരിക്കലും കവര്‍ച്ച നടക്കാത്ത ശ്രീപത്മനാഭസ്വാമിക്ഷേത്രം ഇനി എത്രത്തോളം സുരക്ഷിതമായിരിക്കും? ശ്രീപത്മനാഭസ്വാമിക്ഷേത്രത്തെപ്പറ്റിയുള്ള ഐതിഹ്യങ്ങള്‍ തിരുവിതാംകൂര്‍കാര്‍ക്ക്‌ ഹൃദിസ്ഥമാണ്‌. അമ്മമാര്‍ കഥ പറഞ്ഞുതന്നിരുന്ന കാലത്ത്‌ എന്റെ അമ്മ പറഞ്ഞുതന്നത്‌ വില്വമംഗലം സ്വാമിയോടൊപ്പം പൂജാകര്‍മങ്ങളില്‍ സഹായിച്ചിരുന്ന ബാലനെ ഇടംകൈകൊണ്ട്‌ തട്ടിമാറ്റിയപ്പോള്‍ ഇനി എന്നെ കാണണമെങ്കില്‍ അനന്തന്‍കാട്ടില്‍ വരണം എന്ന്‌ പറഞ്ഞ്‌ ബാലന്‍ അപ്രത്യക്ഷമായെന്നും വിഷ്ണുഭഗവാനാണ്‌ ബാലന്‍ എന്ന്‌ തിരിച്ചറിഞ്ഞ വില്വമംഗലം സ്വാമി ഘോരവനമായിരുന്ന അനന്തന്‍കാട്ടില്‍ വന്ന്‌ നടത്തിയ വിഗ്രഹപ്രതിഷ്ഠയാണ്‌ ഇതെന്നും ചിരട്ടയില്‍ ആയിരുന്നു നിവേദ്യം നല്‍കിയതെന്നും മറ്റുമായിരുന്നു.
എന്റെ കുട്ടിക്കാലത്ത്‌ ശ്രീചിത്തിരതിരുനാള്‍ ആണ്‌ രാജ്യഭരണം നടത്തിയിരുന്നത്‌. തിരുവിതാംകൂര്‍ മഹാരാജാക്കന്മാര്‍ ലാളിത്യത്തിന്റെ പ്രതീകങ്ങളായിരുന്നല്ലോ. കിരീടമില്ലാത്ത പത്മനാഭദാസന്മാര്‍ അണിഞ്ഞിരുന്നത്‌ പുളിയിലക്കരമുണ്ടും രുദ്രാക്ഷമാലയും ആയിരുന്നു. ഭക്ഷണരീതി പോലും ലളിതമായിരുന്നു. അന്ന്‌ കുട്ടികള്‍ ക്ലാസ്‌ തുടങ്ങുന്നതിന്‌ മുമ്പ്‌ ആലപിച്ചിരുന്നത്‌ "വഞ്ചിഭൂമിപതേ ചിരം സഞ്ചിനാഭം ജയിക്കേണം" എന്ന വഞ്ചീശമംഗളമായിരുന്നു.
ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടിയശേഷം മാറിമാറി ഭരണം കയ്യാളിയ ജനകീയ രാജാക്കന്മാരാല്‍ അഴിമതി സ്ഥാപനവല്‍ക്കരിച്ചു. അഴിമതിക്കെതിരെ ജനവികാരം ഉയര്‍ത്തിയ അണ്ണാ ഹസാരെ ടീം ആവശ്യപ്പെടുന്ന ലോക്പാല്‍ ബില്‍ പോലും അംഗീകരിക്കപ്പെടാത്തത്‌ പ്രധാനമന്ത്രിയെയും എംഎല്‍എമാരെയും ഉന്നത ജുഡീഷ്യറിയെയും ഉന്നതസര്‍ക്കാര്‍ഉദ്യോഗസ്ഥരെയും ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരണം എന്ന ആവശ്യത്തോടുള്ള വിയോജിപ്പ്‌ മൂലമാണ്‌. എംപിമാരില്‍ നല്ലൊരു ശതമാനം കോടിപതികളാണെന്നും ഓരോ ജനപ്രതിനിധിയുടെയും ആസ്തി ഓരോ അഞ്ചുവര്‍ഷവും കഴിയുമ്പോള്‍ ഇരട്ടിക്കുന്നു എന്നും മറ്റും പഠനങ്ങളും മാധ്യമ നിരീക്ഷണങ്ങളും വരുന്നു. മാധ്യമങ്ങളോടുള്ള അസഹിഷ്ണുത പ്രധാനമന്ത്രി പോലും പ്രകടിപ്പിച്ചു. മാധ്യമങ്ങള്‍ ഒരേസമയം കുറ്റം ആരോപിക്കുകയും നിയമനടപടിയെടുക്കുകയും വിധിപറയുകയും ചെയ്യുന്നുവെന്നാണ്‌ മന്‍മോഹന്‍ അഭിപ്രായപ്പെട്ടത്‌.
ഇപ്പോള്‍ വിദേശബാങ്കുകളിലെ നിക്ഷേപം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലോ കള്ളപ്പണം പുറത്തുകൊണ്ടുവരുന്ന കാര്യത്തിലോ കേന്ദ്രസര്‍ക്കാരിന്‌ പ്രതിബദ്ധതയോ ആത്മാര്‍ത്ഥതയോ ഇല്ലാത്തതിനാല്‍ സുപ്രീംകോടതി സ്വയം അന്വേഷണസമിതിയെ നിയോഗിച്ചിരിക്കുന്നു. ഇത്‌ ഭരണാധികാരികളെയും രാഷ്ട്രീയനേതാക്കളെയും പ്രകോപിപ്പിക്കുന്നത്‌ തങ്ങളുടെ വിദേശനിക്ഷേപങ്ങളുടെ വിവരങ്ങളും പുറത്തുവരികയോ തിരിച്ചുപിടിക്കുകയോ ചെയ്യും എന്ന ഭയംമൂലമാണ്‌. വിദേശത്തെ കള്ളപ്പണനിക്ഷേപം 23,000 ലക്ഷം കോടി വരുമത്രെ. ഇത്‌ കുചേലന്മാരെ സഹായിക്കാന്‍ ഉപയോഗിക്കണമെന്ന നിര്‍ദ്ദേശവും ഉയരാന്‍ സാധ്യതയില്ല.
പത്മനാഭസ്വാമി ക്ഷേത്ര സമ്പത്തിന്റെ സ്വകാര്യത അതിനെ സുരക്ഷിതമാക്കി നിലനിര്‍ത്തി. ഈ സ്വത്ത്‌ ദേവസ്വം ബോര്‍ഡ്‌ രൂപീകരിച്ച്‌ അതിന്‌ കീഴില്‍ ആക്കണം എന്ന വാദവും ഉയരുന്നുണ്ട്‌. ഇന്ന്‌ അറിയപ്പെടുന്ന ശബരിമല, ഗുരുവായൂര്‍, ഏറ്റുമാനൂര്‍ തുടങ്ങിയ പല ക്ഷേത്രങ്ങളും ദേവസ്വത്തിന്റെ കീഴിലാണ്‌. ശബരിമലയിലെ നടവരവ്‌ പ്രതിവര്‍ഷം അനേകമടങ്ങ്‌ വര്‍ധിക്കുന്നു എന്ന്‌ അധികൃതര്‍ സമ്മതിക്കുമ്പോഴും അയ്യപ്പസ്വാമിയുടെ നടവരവിലും മോഷണം വ്യാപകമാണെന്നത്‌ അപ്രിയ സത്യമാണ്‌. മേല്‍ശാന്തി തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടാന്‍ കൊടുക്കുന്ന കോഴ ഇന്ന്‌ ലക്ഷങ്ങളാണ്‌. എന്തിന്‌ കോഴ നല്‍കി ശാന്തിപ്പണി സംഘടിപ്പിക്കണം, എന്തിന്‌ ശബരിമല ദേവസ്വം ബോര്‍ഡ്‌ അംഗമാകാന്‍ മത്സരിക്കണം? ഇതിന്റെ പ്രേരകഘടകവും അഴിമതി സാധ്യതയാണെന്ന്‌ കല്ലും മുള്ളും ചവിട്ടി മലകയറി മണിക്കൂറുകള്‍ ക്യൂ നിന്ന്‌ ദര്‍ശനം നടത്തി, സ്വര്‍ണമാല ഉള്‍പ്പെടെ ശ്രീകോവിലില്‍ സമര്‍പ്പിച്ച്‌ 'സ്വാമി ശരണം' പറയുന്ന ഭക്തര്‍ക്കറിയുകയില്ലല്ലോ.
എത്രയോ ക്ഷേത്രങ്ങളിലെ കലവറയും തിരുവാഭരണങ്ങളും ഭണ്ഡാരങ്ങളും മോഷ്ടിക്കപ്പെടുന്നു? ദേവസ്വത്തിന്‌ കീഴിലോ രാഷ്ട്രീയ നേതാക്കള്‍ക്ക്‌ കീഴിലോ ഒരു ക്ഷേത്രസമ്പത്തും സുരക്ഷിതമല്ല.
ഇത്‌ തിരിച്ചറിഞ്ഞാണ്‌ മുസ്ലീം, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ രാഷ്ട്രീയ ഇടപെടലിന്‌ അതീതമായി നിലനിന്ന്‌ അഭിവൃദ്ധി പ്രാപിക്കുന്നത്‌. ന്യൂനപക്ഷപ്രീണനം എന്നത്‌ രാഷ്ട്രീയ അജണ്ടയായതിനാലും അധികാരം എന്നാല്‍ പണം ആണെന്നും അധികാരത്തിലെത്താന്‍ ന്യൂനപക്ഷ വോട്ടുബാങ്ക്‌ ആവശ്യമാണെന്നും തിരിച്ചറിയുന്ന ഒരു രാഷ്ട്രീയപാര്‍ട്ടിയും അവരുടെ ആരാധനാലയങ്ങളെ തൊട്ടുകളിക്കാന്‍ ധൈര്യപ്പെടില്ല. ഭൂരിപക്ഷം എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന സമുദായം ഇപ്പോള്‍ ഭൂരിപക്ഷപദവി ഒരു ശാപമായി കരുതിത്തുടങ്ങിയിട്ടുണ്ടാകാം.
ഇന്നത്തെ തിരുവിതാംകൂറിന്റെ ശില്‍പ്പിയായ മാര്‍ത്താണ്ഡവര്‍മ്മ അധികാരത്തിലെത്തിയ സമയത്തും രാജ്യത്തെ സമ്പദ്സ്ഥിതി മോശമായിരുന്നുവത്രേ. പക്ഷെ അദ്ദേഹം കടം വാങ്ങി ശമ്പള കുടിശ്ശിക തീര്‍ക്കുകയായിരുന്നു. അന്ന്‌ സമൃദ്ധമായിരുന്ന പത്മനാഭസ്വാമിയുടെ സ്വത്തുക്കള്‍ എടുത്ത്‌ പ്രതിസന്ധി തരണം ചെയ്യാമെന്ന്‌ തിരുവിതാംകൂര്‍ രാജവംശത്തെ പത്മനാഭസ്വാമിയ്ക്കടിയറവെച്ച്‌ പ്രജകളെ പത്മനാഭദാസന്മാരാക്കിയ മാര്‍ത്താണ്ഡവര്‍മ്മ ശ്രമിച്ചില്ല. ഇന്നത്തെ സമൂഹം മൂല്യച്യുതി നേരിടുകയാണ്‌. ഇന്ന്‌ രാഷ്ട്രീയ-കോര്‍പ്പറേറ്റ്‌-മാഫിയാ ബന്ധം ശക്തമാണ്‌. യാതൊന്നിനും -പിതൃ-പുത്രീ ബന്ധത്തിന്‌ പോലും പാവനത്വമോ പവിത്രതയോ കല്‍പ്പിക്കാത്ത കേരളസമൂഹം ശ്രീപത്മനാഭസ്വാമിയുടെ അനന്തകോടി സമ്പത്ത്‌ സുരക്ഷിതമായി സൂക്ഷിക്കുമെന്ന്‌ പ്രതീക്ഷിക്കാനാവില്ല. "എമ്പ്രാനല്‍പ്പം കട്ട്‌ ഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും" എന്ന്‌ കവി പാടിയിട്ടുണ്ട്‌. ഇവിടെയും അത്‌ സംഭവിക്കാന്‍ പാടില്ലായ്കയില്ല.
സാധാരണ ജനം ഭഗവാനോടാണ്‌ "രക്ഷിക്കണേ" എന്ന്‌ പ്രാര്‍ത്ഥിക്കുക. ഇപ്പോള്‍ പത്മനാഭസ്വാമിയുടെ ഓരോ ഭക്തനോടും സ്വാമി ആവശ്യപ്പെടുന്നത്‌ ഈ സ്വത്ത്‌ അനാവശ്യമായി അപഹരിക്കപ്പെടാതെ കാത്തുസൂക്ഷിക്കണം എന്നായിരിക്കും. കേരളത്തിന്റെ അഭിമാനമായ ശ്രീപത്മനാഭന്റെ വസ്തുവകകള്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടത്‌ ഓരോ മലയാളിയുടെയും കടമയാണ്‌. ധനാര്‍ത്തി മൂത്ത കേരളസമൂഹത്തില്‍ ഇവ മ്യൂസിയങ്ങളില്‍ പോലും സുരക്ഷിതമായിരിക്കില്ല. തിരുവാഭരണങ്ങള്‍ മാറ്റി ഒരു ഗ്രാം തങ്കത്തില്‍പ്പൊതിഞ്ഞ തിരുവാഭരണം അണിയിക്കാനും ഇപ്പോഴത്തെ മലയാളികള്‍ മടിക്കില്ല.
-ലീലാമേനോന്‍പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.