കേരളത്തിന് ലഭിച്ചത് 4047 കോടി രൂപ

Wednesday 20 July 2016 4:03 pm IST

ന്യൂദല്‍ഹി: ഗ്രാമീണ മേഖലയിലെ വിവിധ ക്ഷേമ പദ്ധതികള്‍ക്കായി 2015-16 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിയത് 4,047 കോടി രൂപ. കേന്ദ്രത്തില്‍ നിന്നും ലഭിച്ച തുകയുടെ പകുതി മാത്രമാണ് കേരളം ചെലവഴിച്ചത്. കേന്ദ്രഗ്രാമ വികസന മന്ത്രി രാംകൃപാല്‍ യാദവ് രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിത്. ആകെ ലഭിച്ച 4047.24 കോടി രൂപയില്‍ 2188.40 കോടി രൂപയാണ് കേരളം ഇതുവരെ ചെലവഴിച്ചത്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്കായി 1,526.34 കോടി രൂപയും പ്രധാനമന്ത്രി ആവാസ് യോജനയ്ക്കായി 2,175കോടിരൂപയും പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിക്കായി 151 കോടി രൂപയും മാത്രമാണ് കേരളം ചെലവഴിച്ചത്. ദീനദയാല്‍ അന്ത്യോദയ പദ്ധതിക്കായി 10കോടി രൂപ, ദേശീയ സാമൂഹ്യ സഹായ പദ്ധതിക്കായി 18.5 കോടി രൂപയും കേരളം ചെലവഴിച്ചു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ വേതന വിതരണ കാലതാമസം ഒഴിവാക്കുന്നതിനായി കേരളം നടപ്പാക്കിയ ഇലക്ട്രോണിക് ഫണ്ട് മാനേജ്‌മെന്റ് അടക്കമുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ രാജ്യവ്യാപകമായി നടപ്പാക്കിയെന്നും രാംകൃപാല്‍ യാദവ് അറിയിച്ചു. 2022നകം എല്ലാവര്‍ക്കും വീട് എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ആവാസ് യോജന വഴിയുള്ള ഭവന നിര്‍മ്മാണ ധനസഹായം വര്‍ദ്ധിപ്പിച്ചതായും കേന്ദ്രമന്ത്രി രാജ്യസഭയിയെ അറിയിച്ചു. പതിനൊന്നര ലക്ഷം ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന 241.2 ദശലക്ഷം ഡോളറിന്റെ ജലനീതി-രണ്ട് പദ്ധതി കേരളത്തിലും നടക്കുന്നുണ്ടെന്ന് കേന്ദ്രകുടിവെള്ള-ശുചീകരണ വകുപ്പ് സഹമന്ത്രി ആര്‍.സി ജിഗജിനാഗി അറിയിച്ചു. കേരളം പുതിയ കുടിവെള്ള-ശുചീകരണ പദ്ധതികള്‍ക്ക് അപേക്ഷകള്‍ നല്‍കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ആയുര്‍വേദ ഗവേഷണത്തിന് 4.97 കോടി നല്‍കി ന്യൂദല്‍ഹി: രാജ്യത്ത് ആയുര്‍വേദ ഗവേഷണത്തിനും വികസനത്തിനുമായി ആയുര്‍വേദ സയന്‍സസ് റിസര്‍ച്ച് സെന്‍ട്രല്‍ കൗണ്‍സിലിന് (സി.സി.ആര്‍.എ.എസ്) കേന്ദ്ര സര്‍ക്കാര്‍ 4,97,10,207 രൂപ നല്‍കിയതായി ആയുഷ് വകുപ്പ് സഹമന്ത്രി ശ്രീപദ്‌നായിക്ക് രാജ്യസഭയില്‍ എം.പി വീരേന്ദ്രകുമാറിന്റെ ചോദ്യത്തിന് മറുപടി നല്‍കി. യോഗ, നാച്ചുറോപ്പതി റിസര്‍ച്ച് സെന്‍ട്രല്‍ കൗസിലിന് (സി.സി.ആര്‍.വൈ.എന്‍) 10,67,000 രൂപയും യൂനാനി മെഡിസിന്‍ റിസര്‍ച്ച് കൗണ്‍സിലിന് (സി.സി.ആര്‍.യു.എം) 5,88,52,000 രൂപയും സിദ്ധ റിസര്‍ച്ച് സെന്‍ട്രല്‍ കൗണ്‍സിലിന് 14,02,000 രൂപയും ഹോമിയോപ്പതി റിസര്‍ച്ച് സെന്‍ട്രല്‍ കൗണ്‍സിലിന് 8,59,89,000 രൂപയും നല്‍കിയതായി മന്ത്രി അറിയിച്ചു. ജീവിതശൈലി രോഗങ്ങള്‍ക്കും മാരക രോഗങ്ങള്‍ക്കും ഫലപ്രദമായ ചികിത്സയും ഔഷധങ്ങളും കണ്ടുപിടിക്കുന്നതിനുള്ള ഗവേഷണത്തിനാണ് വിവിധ ചികിത്സാ സമ്പ്രദായങ്ങളിലെ സര്‍ക്കാര്‍ ഗവേഷണ സംവിധാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായധനം നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.