ഇന്റര്‍സെപ്റ്റര്‍ ബോട്ടുകള്‍ക്ക് രജിസ്‌ട്രേഷനോ സുരക്ഷാ സംവിധാനങ്ങളോ ഇല്ല

Tuesday 19 July 2016 9:58 pm IST

ആലപ്പുഴ: കഴിഞ്ഞ ദിവസം കത്തിനശിച്ച കോസ്റ്റല്‍ പോലീസിന്റെ കോടികള്‍ വിലമതിക്കുന്ന ഇന്റര്‍ സെപ്റ്റര്‍ ബോട്ട് പ്രവര്‍ത്തിച്ചത് രജിസ്‌ട്രേഷനോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ. 2010ല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച മൂന്ന് ബോട്ടുകളും നാളിതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലായെന്നത് അധികൃതരുടെ അനാസ്ഥ വ്യക്തമാക്കുന്നതാണ്. അഞ്ചു മാസം മുമ്പ് പോര്‍ട്ട് ഓഫീസില്‍നിന്നുള്ള പരിശോധനയില്‍ അഗ്‌നിബാധ തടയാനുള്ള സംവിധാനങ്ങളുടെ തകരാര്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടും കോസ്റ്റല്‍ പോലിസ് നടപടി സ്വീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ കത്തിനശിച്ച ബോട്ടിന് ഇന്‍ഷ്വറന്‍സ് തുകയും ലഭിക്കില്ല. കഴിഞ്ഞ ഒന്‍പതിനാണ് കോസ്റ്റല്‍ പോലിസിന്റെ രണ്ടരക്കോടി രൂപ വിലയുള്ള ഇന്റര്‍സെപ്റ്റര്‍ ബോട്ട് കത്തിനശിച്ചത്. തൃക്കുന്നപ്പുഴ ആറ്റില്‍ പതിയാങ്കര ഇടത്തുരുത്തു പാലത്തിന് സമീപം ഓടിച്ചു കൊണ്ടു പോകവേയാണ് ബോട്ടിന് തീപ്പിടിച്ചത്. അപകടത്തില്‍ ബോട്ടിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സമീപത്ത് വല നന്നാക്കുകയായിരുന്ന മത്സ്യത്തൊഴിലാളികള്‍ വള്ളത്തിലെത്തിയാണ് ഇവരെ രക്ഷിച്ചത്. ബോട്ട് പൂര്‍ണമായും കത്തിയമര്‍ന്നു. അറ്റകുറ്റപണിക്ക് ശേഷം ട്രയല്‍ റണ്‍ നടത്തിയപ്പോഴായിരുന്നു അപകടം. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജില്ലയില്‍ കോസ്റ്റല്‍ പൊലിസിന്റെ പ്രവര്‍ത്തനത്തിനായി 2010 ലാണ് കേന്ദ്ര സര്‍ക്കാര്‍ മൂന്ന് ബോട്ടുകള്‍ നല്‍കിയത്. 2012ല്‍ തോട്ടപ്പള്ളിയില്‍ കോസ്റ്റല്‍ പൊലിസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനവും തുടങ്ങി. എന്നാല്‍ ബോട്ടുകളുടെ രജിസ്ട്രഷന്‍ എന്ന പ്രഥമിക നടപടി പോലും നാളിതുവരെ ചെയ്യാത്തത് വന്‍ വീഴ്ചയാണ്. 2015 ലാണ് ആദ്യമായി ബോട്ടുകളുടെ രജിസ്ട്രഷനായി കോസ്റ്റല്‍ പോലിസ് പോര്‍ട്ട് ഓഫീസിനെ സമീപിച്ചത്. തുടര്‍ന്ന് പോര്‍ട്ട് ഓഫീസ് സര്‍വെ വിഭാഗം ബോട്ടില്‍ നടത്തിയ പരിശോധനയില്‍ അഗ്‌നിബാധ തടയാനുള്ള സംവിധാനങ്ങള്‍ പോലും പ്രവര്‍ത്തനക്ഷമമായിരുന്നില്ലന്ന് ചീഫ് സര്‍വയര്‍ തന്നെ വ്യക്തമാക്കുന്നു. മുംബൈ തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യ സുരക്ഷയുടെ ഭാഗമായാണ് എല്ലാ തീരദേശ സംസ്ഥാനങ്ങളിലും ജില്ലാ അടിസ്ഥാനത്തില്‍ കോസ്റ്റല്‍ പോലിസ് സ്‌റ്റേഷനുകള്‍ രൂപീകരിച്ചത്. എന്നാല്‍ സംസ്ഥാന ഭരണകുടം ഇതിനെ ലാഘവത്തോടെ കണ്ടു എന്നു വ്യക്തമാക്കുന്നതാണ് ബോട്ടുകള്‍ പോലും സംരക്ഷിക്കാന്‍ തയാറാകാത്ത നടപടി. ബോട്ടു കത്തി നശിച്ചത് കടലിലെ പട്രോളിങിനെ സാരമായി ബാധിച്ചു. ജില്ലയില്‍ നിലവില്‍ തോട്ടപ്പള്ളിയില്‍ മാത്രമാണ് കോസ്റ്റല്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. എണ്‍പത്തിരണ്ടു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീരം കാക്കാന്‍ നിലവിലുള്ള സൗകര്യങ്ങള്‍ പോലും അപര്യാപ്തമാണ്. ഇതിനിടെയാണ് ഇന്റര്‍ സെപ്റ്റര്‍ ബോട്ട് കത്തിനശിച്ചത്. മറ്റൊരു പ്രശ്‌നം തോട്ടപ്പള്ളി കോസ്റ്റല്‍ സ്റ്റേഷനില്‍ നിന്ന് 45 കിലോമീറ്ററോളം സഞ്ചരിച്ചാല്‍ മാത്രമെ ഇന്റര്‍ സെപ്റ്റര്‍ ബോട്ടുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തെത്താന്‍ കഴിയുകയുള്ളു. ഇതിന് ഒരു മണിക്കൂര്‍ സമയം എങ്കിലും വേണ്ടി വരും. അപകടം നടന്നതായി വിവരം അറിഞ്ഞതിന് ശേഷം കടലിലിറങ്ങാനുള്ള ബോട്ടിന് അടുത്തെത്താന്‍ ഇത്രയും വൈകുന്നത് രക്ഷാപ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.