ചൈനീസ് അതിര്‍ത്തിയില്‍ കരസേന യുദ്ധ ടാങ്കുകള്‍ വിന്യസിച്ചു

Tuesday 19 July 2016 10:00 pm IST

ന്യൂദല്‍ഹി: ചൈനീസ് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി യുദ്ധ ടാങ്കുകള്‍ വിന്യസിച്ച് കരസേന. കിഴക്കന്‍ ലഡാക്കിലെ മലകളിലാണ് കരസേനയുടെ 100ലധികം യുദ്ധ ടാങ്കുകള്‍ വിന്യസിച്ചിരിക്കുന്നത്. 1962ലെ ഭാരത-ചൈന യുദ്ധത്തിന് ശേഷം ലഡാക്ക് മേഖലയില്‍ ഭാരത സൈന്യത്തിന്റെ ടാങ്കുകള്‍ വിന്യസിക്കുന്നത് ഇതാദ്യമാണ്. അതിര്‍ത്തിയിലെ തന്ത്രപ്രധാന മേഖലകളില്‍ മൂന്നു വീതം ടാങ്കുകളുടെ ഗ്രൂപ്പിനെയാണ് വിന്യസിച്ചിരിക്കുന്നത്. ചൈനയില്‍ നിന്നും ഭാവിയിലുണ്ടായേക്കാവുന്ന ഏതുതരം വെല്ലുവിളികളേയും നേരിടാന്‍ ലഡാക്ക് അതിര്‍ത്തിയില്‍ യുദ്ധ ടാങ്കുകളുടെ സാന്നിധ്യം ഉണ്ടാകണമെന്ന നിലപാടിലാണ് കരസേന. ഇതിന്റെ ഭാഗമായി ആറുമാസം മുമ്പാണ് ടാങ്കുകള്‍ അതിര്‍ത്തികളിലേക്ക് വിന്യസിച്ചത്. സി130 ഹെര്‍ക്കുലീസ് വിമാനങ്ങളിലാണ് ടാങ്കുകള്‍ അതിര്‍ത്തിയിലെത്തിച്ചത്. ലഡാക്കിലെ ദൗലത് ബേഗ് ഓള്‍ഡിയിലെ എയര്‍ സ്ട്രിപ്പിലാണ് ടാങ്കുകള്‍ കൊണ്ടിറക്കിയത്. 1962ലെ യുദ്ധത്തില്‍ ഇത്തരത്തില്‍ 5 ടാങ്കുകള്‍ ഇവിടെ ഇറക്കിയിരുന്നു. എന്നാല്‍ അതിശൈത്യ മേഖലയായതിനാല്‍ ഇവ പിന്നീട് തിരികെ കൊണ്ടുപോയി. യുദ്ധരഹസ്യങ്ങളായതിനാല്‍ കിഴക്കന്‍ ലഡാക്കിലെ ഏതൊക്കെ മേഖലകളിലാണ് ടാങ്കുകള്‍ വിന്യസിക്കപ്പെട്ടിരിക്കുന്നതെന്ന വിവരങ്ങള്‍ കരസേന പുറത്തുവിട്ടിട്ടില്ല. കൂടുതല്‍ ടാങ്കുകള്‍ ഇവിടേക്ക് വിന്യസിക്കാനും സൈന്യം ആലോചിക്കുന്നുണ്ട്. ചൈനീസ് അതിര്‍ത്തി ലക്ഷ്യമാക്കി സൈന്യം രൂപീകരിച്ച മൗണ്ടന്‍ കോറിന് സഹായകരമായാണ് അതിര്‍ത്തിയിലേക്ക് ടാങ്കുകളെക്കൂടി അയച്ചിരിക്കുന്നത്. മൈനസ് 45 ഡിഗ്രിവരെ താപനില താഴുന്ന ഇവിടെ ടാങ്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതും സൂക്ഷിക്കുന്നതും വലിയ വെല്ലുവിളിയാണ്. ഇതിനായി പ്രത്യേകതരം ഇന്ധനവും മറ്റുമാണ് ടാങ്കുകളില്‍ ഉപയോഗിക്കുന്നത്. എല്ലാ രാത്രിയിലും രണ്ടു തവണ ടാങ്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. നിരവധി തവണ അതിര്‍ത്തിലംഘിച്ച് ചൈനീസ് പ്രകോപനങ്ങള്‍ തുടരുന്നതിനിടെയാണ് കരസേന യുദ്ധ ടാങ്കുകള്‍ വിന്യസിച്ചത്. റാണാപ്രതാപ്, ടിപ്പു സുല്‍ത്താന്‍, ഔറംഗസേബ് തുടങ്ങിയ പേരുകളിലുള്ള ടാങ്കുകളാണ് അതിര്‍ത്തിയില്‍ വിന്യസിക്കപ്പെട്ടിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.