അഭിഭാഷകന്റെ ആവശ്യം ഹൈക്കോടതി തള്ളി

Tuesday 19 July 2016 10:54 pm IST

കൊച്ചി: യുവതിയെ കടന്നു പിടിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവ. പഌഡര്‍ അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. കേസില്‍ അന്വേഷണം തുടരട്ടെയെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് സുനില്‍ തോമസ് പൊലീസിന്റെ വിശദീകരണം തേടി ഹര്‍ജി ജൂലായ് 21 ലേക്ക് മാറ്റി. ജൂലായ് 14 ന് രാത്രി ഏഴുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളം ബോട്ടുജെട്ടിക്കു സമീപത്തെ ഷോപ്പില്‍ നിന്ന് ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയ ഞാറയ്ക്കല്‍ സ്വദേശിനിയെ ഉണ്ണിയാട്ടില്‍ ലെയിനില്‍ വച്ചു കടന്നു പിടിച്ചുവെന്നാരോപിച്ചാണ് ധനേഷ് മാത്യുവിനെ പൊലീസ് പിടികൂടിയത്. എന്നാല്‍ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും മാല പൊട്ടിച്ചെടുത്തെന്ന് പറഞ്ഞ് യുവതി ബഹളമുണ്ടാക്കിയപ്പോള്‍ ഓടിയെത്തിയ തന്നെ തെറ്റിദ്ധരിച്ചാണ് പിടികൂടിയതെന്നും ധനേഷിന്റെ ഹര്‍ജിയില്‍ പറയുന്നു. തന്നെ പിടികൂടിയ പൊലീസ് സത്യമന്വേഷിക്കാതെ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയെന്നും ധനേഷല്ല കടന്നു പിടിച്ചതെന്ന് യുവതി സത്യവാങ്മൂലം നല്‍കിയ സാഹചര്യത്തിലാണ് തനിക്ക് ജാമ്യം ലഭിച്ചതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ അഭിഭാഷകന് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ അന്വേഷണം തുടരട്ടെയെന്ന നിലപാടാണ് സിംഗിള്‍ബെഞ്ച് സ്വീകരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.