മാസങ്ങള്‍ പിന്നിട്ടിട്ടും അടിസ്ഥാന സൗകര്യങ്ങളില്ലാതെ കണ്ണൂര്‍ കോര്‍പ്പറേഷന്‍

Wednesday 20 July 2016 12:46 am IST

കണ്ണൂര്‍: കണ്ണൂര്‍ നഗരസഭ മാറി കോര്‍പ്പറേഷന്‍ നിലവില്‍ വന്നിട്ട് മാസങ്ങള്‍ പിന്നിടുമ്പോഴും അടിസ്ഥാന സൗകര്യങ്ങളില്ലാതെ കോര്‍പ്പറേഷന്‍ ഓഫീസ് വീര്‍പ്പുമുട്ടുന്നു. നഗരസഭ കോര്‍പ്പറേഷനായി ഉയര്‍ത്തപ്പെടുകയും തെരഞ്ഞെടുപ്പ് നടന്ന എല്‍ഡിഎഫ് ഭരണസമിതി അധികാരത്തില്‍ വരികയും ചെയ്തിട്ട് പത്ത് മാസത്തോളമായി. കോര്‍പ്പറേഷനായി മാറിയതോടെ മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരുടെ എണ്ണം വര്‍ദ്ധിച്ചെങ്കിലും സ്വതന്ത്രമായി സ്ഥല സൗകര്യങ്ങളോടെ കൗണ്‍സില്‍ യോഗം ചേരാനുളള ശരിയായ ഹാളുപോലുമില്ലാത്ത അവസ്ഥയാണ്. കെട്ടിടത്തിന്റെ കാലപഴക്കവും പ്രശ്‌നമായി നിലനില്‍ക്കുകയാണ്. ആവശ്യത്തിന് ഫര്‍ണ്ണിച്ചറുകളില്ലെന്ന പരാതികളും നിലവിലുണ്ട്. മഴക്കാലമായതോടെ കെട്ടിടത്തിന്റെ പലഭാഗങ്ങളിലും ചോര്‍ച്ചയും അനുഭവപ്പെടുന്നുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ജനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങളോ ജീവനക്കാരോ ഇല്ലാത്തതും കോര്‍പ്പറേഷന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. പുതിയ കോര്‍പ്പറേഷന്‍ ഓഫീസ് കെട്ടിടം നിര്‍മ്മിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെങ്കിലും എങ്ങും എത്താത്ത സ്ഥിതിയാണ്. പുതിയ കെട്ടിടം എന്ന് യാഥാര്‍ത്ഥ്യമാകുമെന്ന് പറയാനാവാത്ത സ്ഥിതിയാണ്. യുഡിഎഫ് ഭരണത്തില്‍ രൂപംകൊണ്ട കോര്‍പ്പറേഷനെ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ വികസപ്പിക്കാതെ യുഡിഎഫ് സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാനത്ത് അധികാരത്തിലെത്തുകയും കോര്‍പ്പറേഷന്റെ ഭരണം നടത്തുകയും ചെയ്യുന്ന എല്‍ഡിഎഫും പുതുതായി രൂപംകൊണ്ട കണ്ണൂര്‍ കോര്‍പ്പറേഷനോട് തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്ന് ചില ജീവനക്കാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. കോര്‍പ്പറേഷന്റെ ഭാഗമായി മാറിയ പഞ്ചായത്തുകളുടെ ഓഫീസുകള്‍ കോര്‍പ്പറേഷന്റെ മേഖലാ ഓഫീസുകളായി നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കോര്‍പ്പറേഷന്റെ ഭരണ-ഓഫീസ് നിര്‍വ്വഹണങ്ങള്‍ക്ക് ഏകീകരണ സ്വാഭാവമില്ലാത്തതിനാല്‍ ഭരണ നടപടികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. മേഖലാ ഓഫീസുകള്‍ പ്രവര്‍ത്തിക്കുമ്പോഴും പല ആവശ്യങ്ങള്‍ക്കും കീലോമീറ്ററുകള്‍ സഞ്ചരിച്ച് കണ്ണൂരില്‍തന്നെ എത്തേണ്ട സ്ഥിതിയാണ്. പൊതുജനത്തിനും ഇത് വലിയ ബാധ്യതയായി മാറിയിരിക്കുകയാണ്. പൊതുജനങ്ങളുടെ അപേക്ഷയില്‍ തീരുമാനങ്ങളെടുക്കാനും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനും ഉദ്യോഗസ്ഥരുടെ എണ്ണക്കുറവും മറ്റും കാരണം കാലതാമസം നേരിടുന്നതായും പരാതിയുയര്‍ന്നിട്ടുണ്ട്. പലയിടങ്ങളിലായി സ്ഥാപിച്ച കോര്‍പ്പറേഷന്‍ ഓഫീസിന്റെ നെയിംബോര്‍ഡുകളില്‍ ഇപ്പോഴും നഗരസഭ എന്നു തന്നെയാണുളളത്. പത്തുമാസം പിന്നിട്ടിട്ടും ബോര്‍ഡ് പുതുക്കി സ്ഥാപിക്കാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിനു വേണ്ടി ഇടതരും വലതരും പോരടിക്കുകയും കേവലം ആറുമാസം കൊണ്ട് രണ്ട് ഡെപ്യൂട്ടിമേയറെ കാണേണ്ടി വരികയും ചെയ്ത നാട്ടുകാര്‍ക്ക് പ്രഥമ കോര്‍പ്പറേഷന്‍ രൂപം കൊണ്ട് മാസങ്ങള്‍ കഴിയുമ്പോഴും വേണ്ട രീതിയില്‍ സേവനങ്ങള്‍ ലഭിക്കാത്തത് തിരിച്ചടിയായിരിക്കുകയാണ്. കോര്‍പ്പറേഷന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നടപടികള്‍ ഉടന്‍ ഉണ്ടാവണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.