ആദായനികുതി പരിധി മൂന്ന്‌ ലക്ഷമാക്കിയേക്കും

Saturday 25 February 2012 10:57 am IST

ന്യൂദല്‍ഹി: ആദായനികുതി പരിധി മൂന്ന്‌ ലക്ഷം രൂപയായി ഉയര്‍ത്തിയേക്കും. ബജറ്റിന്‌ മുന്നോടിയായി ചേര്‍ന്ന നിര്‍ണായക പാര്‍ലമെന്ററി സമിതിയാണ്‌ ഇക്കാര്യം ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്‌.
ഡയറക്ട്‌ ടാക്സസ്‌ കോഡ്‌ (ഡിടിസി) പരിശോധിക്കുന്ന ധനകാര്യ പാര്‍ലമെന്ററി സ്റ്റാന്റിംഗ്‌ കമ്മറ്റി യോഗത്തില്‍ അംഗങ്ങള്‍ ഈ നിര്‍ദ്ദേശത്തോട്‌ യോജിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. 2.5ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക്‌ നികുതി ഇളവുകളും ശുപാര്‍ശ ചെയ്യും. ഡിടിസി സംബന്ധിച്ച റിപ്പോര്‍ട്ടിന്‌ മാര്‍ച്ച്‌ രണ്ടോടെ അന്തിമ രൂപം നല്‍കാനും മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ധനമന്ത്രിയുമായ യശ്വന്ത്‌ സിന്‍ഹയുടെ അധ്യക്ഷതയിലുള്ള ധനകാര്യ സ്റ്റാന്റിംഗ്‌ കമ്മറ്റി യോഗത്തില്‍ തീരുമാനമായി. നാണയപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ അതിന്റെ ആഘാതം കുറക്കാനാണ്‌ ആദായനികുതി പരിധി ഇപ്പോഴുള്ള 1.8 ലക്ഷത്തില്‍നിന്ന്‌ മൂന്ന്‌ ലക്ഷം രൂപയായി ഉയര്‍ത്തുന്നതെന്ന്‌ സമിതിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
പ്രോവിഡന്റ്‌ ഫണ്ടിലുള്ള നിക്ഷേപം, ലൈഫ്‌ ഇന്‍ഷുറന്‍സ്‌, കുട്ടികളുടെ വിദ്യാഭ്യാസം, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ബോണ്ടുകള്‍ എന്നിവ വഴി മൊത്തം നികുതി സമ്പാദ്യ ഇളവു പരിധി 1.2 ലക്ഷത്തില്‍നിന്ന്‌ 2.5 ലക്ഷമായി ഉയര്‍ത്തണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടു. ഇപ്പോള്‍ ഒരു ലക്ഷം രൂപ വരെയുള്ള പ്രത്യേക നിക്ഷേപങ്ങളെയാണ്‌ നികുതിബാധ്യത കണക്കാക്കുന്ന വേളയില്‍ ഇളവിനായി പരിഗണിക്കുന്നത്‌. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ബോണ്ടുകളില്‍ 20,000 വരെയുള്ള നിക്ഷേപങ്ങളെയും നികുതിയില്‍നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌.
മാര്‍ച്ച്‌ 12 നാണ്‌ പാര്‍ലമെന്റിന്റെ ബജറ്റ്‌ സമ്മേളനം തുടങ്ങുക. പ്രത്യക്ഷനികുതി ഘടന സ്റ്റാന്റിംഗ്‌ കമ്മറ്റി കൈമാറുന്നതോടെ ഇതുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങള്‍ പാര്‍ലമെന്റ്‌ ചര്‍ച്ച ചെയ്യും. മാര്‍ച്ച്‌ മൂന്നാം വാരത്തോടെ റിപ്പോര്‍ട്ട്‌ പാര്‍ലമെന്റിന്‌ സമര്‍പ്പിക്കുമെന്ന്‌ സമിതിയംഗങ്ങളില്‍ ചിലര്‍ സൂചിപ്പിച്ചു.
ഇപ്പോള്‍ 1.80-5 ലക്ഷത്തിന്‌ 10 ശതമാനവും 5-8 ലക്ഷത്തിന്‌ 20 ശതമാനവും 8 ലക്ഷത്തിന്‌ മുകളില്‍ 30 ശതമാനവുമാണ്‌ നികുതി. ഈ മൂന്ന്‌ വിഭാഗങ്ങളുടെയും നികുതി സ്ലാബുകള്‍ പരിഷ്കരിക്കാനാണ്‌ കമ്മറ്റി ശുപാര്‍ശ ചെയ്യുക. 1961 ലെ ആദായനികുതി നിയമത്തിന്‌ പകരമുള്ള ഡയറക്ട്‌ ടാക്സസ്‌ കോഡ്‌ 2010 ആഗസ്റ്റിലാണ്‌ ധനകാര്യ പാര്‍ലമെന്ററി സമിതിയുടെ പരിശോധനക്കായി സമര്‍പ്പിച്ചത്‌.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.