അഞ്ചലില്‍ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍

Wednesday 20 July 2016 4:45 pm IST

അഞ്ചല്‍: എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിംഗിന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചല്‍ എക്‌സൈസ് റെയിഞ്ച് സംഘം നടത്തിയ റെയിഡില്‍ ഓട്ടോറിക്ഷയും ബൈക്കും ഒന്നര കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍. ഓട്ടോറിക്ഷയില്‍ കടത്തികൊണ്ടു വന്ന 1.300 കിലോയും ബൈക്കില്‍ കടത്തികൊണ്ടുവന്ന 280 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. കരവാളൂര്‍ കനാല്‍മുക്ക് വെഞ്ചേമ്പ് റോഡില്‍ പന്നികോണം എന്ന സ്ഥലത്ത് പന്നിഫാമിന് തെക്കുഭാഗത്തെ കനാല്‍ റോഡില്‍ വച്ച് അഞ്ചല്‍ എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി നടത്തിയ വാഹനപരിശോധനയിലാണ് ബൈക്കും കഞ്ചാവും പിടികൂടിയത്. ബൈക്കില്‍ വന്ന കരവാളൂര്‍ ചുടുകുന്നുംപുറം മഠത്തുംകോണം വീട്ടില്‍ മനോജ് (35), ഇളമാട് തേവന്നൂര്‍ രമേശ് മന്ദിരത്തില്‍ രമേശന്‍ (28) എന്നിവരാണ് പിടിയിലായത്. അടൂര്‍ എന്ന സുനില്‍കുമാര്‍ എക്‌സൈസ്പാര്‍ട്ടിയെ കണ്ട് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ടി പ്രതികളെ ചോദ്യം ചെയ്തതില്‍ അഞ്ചലിലെ കഞ്ചാവ് മൊത്തവിതരണക്കാരനായ ഏരൂര്‍ നെടിയത്ത്‌കോണം കരിക്കത്തില്‍ വീട്ടില്‍ ഗോപിനാഥന്‍ മകന്‍ വാസു എന്ന വിളിക്കുന്ന അനില്‍കുമാറിനെ (43) ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന ഒന്നേകാല്‍ കിലോ കഞ്ചാവുമായി പിടികൂടി. ചോദ്യം ചെയ്തതില്‍ കഞ്ചാവ് തമിഴ്‌നാട്ടില്‍ നിന്നും കിലോയ്ക്ക് 5000 രൂപ നിരക്കില്‍ കൊണ്ടുവന്ന് അഞ്ചലില്‍ കിലോയ്ക്ക് 15000 രൂപ മുതല്‍ 17000 രൂപ നിരക്കില്‍ വില്‍ക്കുന്നതാണ് പതിവ്. തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് കൊണ്ടുവരുന്നത്. തെങ്കാശിയില്‍ ബസ് സ്റ്റാന്‍ഡില്‍ പ്രത്യേകസ്ഥലത്ത് നില്‍ക്കുമ്പോള്‍ ഏജന്റ് കഞ്ചാവ് കായസഞ്ചിയിലാക്കികൊണ്ടുവന്ന് കൊടുക്കുകയാണ് പതിവ്. പത്തു ദിവസമായി അഞ്ചല്‍ എക്‌സൈസ് റെയിഞ്ചിലെ സ്‌പെഷ്യല്‍ നാര്‍ക്കോട്ടിക്ക് ടീം, അഞ്ചലിലെ കഞ്ചാവ് ഗുണ്ടാസംഘത്തെ രഹസ്യമായി പിന്‍തുടരുകയായിരുന്നു. സാഹസികമായിട്ടാണ് ഈ കഞ്ചാവ് ഗുണ്ടാസംഘത്തെ വലയിലാക്കിയത്. സ്‌പെഷ്യല്‍ നാര്‍ക്കോട്ടിക്ക് ടീമില്‍ റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ പ്രിന്‍സ്ബാബു, പ്രിവന്റീവ് ആഫീസര്‍ ശ്രീകുമാരന്‍നായര്‍, വി.എ.ഷാജഹാന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനില്‍കുമാര്‍, സുരേഷ്, ഡ്രൈവര്‍ സാബു എന്നിവരും ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.