ബൈക്ക് കത്തിച്ച കേസ്: പ്രതികള്‍ അറസ്റ്റില്‍

Wednesday 20 July 2016 10:18 pm IST


ബൈക്ക് കത്തിച്ച കേസില്‍ അറസ്റ്റിലായ പ്രതികള്‍

ഇരിങ്ങാലക്കുട : ബൈക്ക് സമീപത്തെ പറമ്പില്‍ കൊണ്ടിട്ട് കത്തിച്ച കേസില്‍ മൂന്നുപേരെ ഇരിങ്ങാലക്കുട പോലിസ് അറസ്റ്റ് ചെയ്തു. പൊറത്തിശ്ശേരി എലമ്പലക്കാട്ടില്‍ കുറുക്കന്‍ രാജേഷ് എന്നിവിളിക്കുന്ന രാജേഷ് (34), തളിയക്കോണം സ്വദേശി തൈവളപ്പില്‍ ഉല്ലാസ് (42), എലമ്പലംകാട്ടില്‍ സജി എന്ന ശശി (44) എന്നിവരെയാണ് എസ്.ഐ എം.ജെ ജിജോയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ പത്തിന് രാത്രിയാണ് മാടായിക്കോണം കുന്നുമ്മക്കര കൊരുമ്പില്‍ തങ്കപ്പന്റെ വീട്ടുമുറ്റത്ത് വെച്ചിരുന്ന ഐക്കരകുന്ന് സ്വദേശി കളത്തില്‍ ഉണ്ണികൃഷ്ണന്‍ മകന്‍ സുഭാഷിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് സമീപത്തെ വളപ്പില്‍ കത്തിനശിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബത്തോടൊപ്പം ചെമ്മണ്ട ഷഷ്ഠി ഉത്സവം കാണാനെത്തിയ ശശിയെ പരസ്യമായി സുഭാഷ് മര്‍ദ്ദിച്ചതിലുള്ള പ്രതികാരമായിട്ടാണ് ബൈക്ക് കത്തിച്ചതെന്ന് പ്രതികള്‍ പോലിസിനോട് പറഞ്ഞു. അന്നേ ദിവസം മാടായിക്കോണത്ത് ഒരു മരണാവശ്യത്തിന് എത്തിയതായിരുന്നു സുഭാഷ്.
സംഭവമറിഞ്ഞ് തങ്കപ്പന്റെ വീടിന്റെ പരിസരത്ത് ബൈക്കിലെത്തിയ എത്തിയ സംഘം സുഭാഷിന്റെ ബൈക്ക് തള്ളികൊണ്ടുപോയി സമീപത്തെ പറമ്പിലിട്ട് കത്തിക്കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ വെള്ളാങ്ങല്ലൂരില്‍ നിന്നുമാണ് പോലിസ് പിടികൂടിയത്. ഒന്നാം പ്രതി രാജേഷ് നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.
അന്വേഷണ സംഘത്തില്‍ അഡിഷണല്‍ സിനിയര്‍ സിവില്‍ പോലിസ് ഓഫിസറായ തോമസ് മാളിയേക്കല്‍, പോലിസുകാരായ പ്രശാന്ത്, എം.സി രാജിവ് എന്നിവരും ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.