ആന്റണിയുടെ ആനപ്പക

Thursday 21 July 2016 8:47 pm IST

കേരളം കണ്ട ഏറ്റവും വര്‍ഗീയമായ ഒരു പ്രചാരണത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി കോണ്‍ഗ്രസിന് ദയനീയമായ തോല്‍വി സമ്മാനിച്ച തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം അക്ഷരാര്‍ത്ഥത്തില്‍ മുങ്ങുകയായിരുന്നു. ബിജെപിയെ നിയമസഭ കാണിക്കാതിരിക്കാന്‍ എല്‍ഡിഎഫിനുവേണ്ടിയും പ്രചാരണം നടത്തിയ ആന്റണിക്ക് കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തെക്കുറിച്ച് ഒന്നും പറയാനുണ്ടായിരുന്നില്ല. അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഹെലികോപ്ടര്‍ അഴിമതിക്കേസില്‍ മാഡം സോണിയയെ രക്ഷിക്കാന്‍ ലക്ഷ്യമിട്ട് പാര്‍ലമെന്റിനകത്തും പുറത്തും വിലകുറഞ്ഞ നാടകം കളിക്കുന്നതിനിടയില്‍ ഏതോ ഒരു ചാനലിനോട് ഡിഫീറ്റ് ഈസ് ഡിഫീറ്റ് (പരാജയം പരാജയമാണെന്ന്) എന്നു പറഞ്ഞതല്ലാതെ, എന്തുകൊണ്ട് ഇങ്ങനെയൊരു പരാജയം ഏറ്റുവാങ്ങേണ്ടിവന്നു എന്നതിനെക്കുറിച്ച് 'മദാമ്മ കോണ്‍ഗ്രസി'നെ കേരളത്തില്‍ ഒരിക്കല്‍ക്കൂടി അധികാരത്തിലെത്തിക്കാന്‍ വിയര്‍പ്പൊഴുക്കിയ ഈ 'ആദര്‍ശധീരന്‍' വിശദീകരിക്കുകയുണ്ടായില്ല. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം 'വാനിഷ്ഡ്' ആയ ആന്റണി ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ സ്ഥാനംപിടിച്ചിരിക്കുന്നു. എഐസിസി ജനറല്‍ സെക്രട്ടറിയും കേന്ദ്രമന്ത്രിയും ഗവര്‍ണറുമൊക്കെയായിരുന്ന കര്‍ണാടകയില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വ നടത്തിയ വെളിപ്പെടുത്തലാണ് ഇതിനുകാരണം. താന്‍ കോണ്‍ഗ്രസില്‍നിന്ന് പുറത്തായതിനുപിന്നില്‍ ആന്റണിയായിരുന്നുവെന്നും, ആന്റണി തന്നോട് പ്രതികാരം ചെയ്യുകയായിരുന്നുവെന്നുമാണ് ഉടന്‍ പ്രസിദ്ധീകരിക്കുന്ന 'കറേജ് ആന്റ് കമ്മിറ്റ്‌മെന്റ്' എന്ന ആത്മകഥയില്‍ ആല്‍വ തുറന്നടിച്ചിരിക്കുന്നത്. എല്ലാറ്റിന്റെയും തുടക്കം 2008 ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയം ശരിയായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോല്‍ക്കില്ലായിരുന്നുവെന്ന് മാര്‍ഗരറ്റ് ആല്‍വ പറയുകയുണ്ടായി. പല കോണ്‍ഗ്രസ് നേതാക്കളുടെ ബന്ധുക്കള്‍ക്കും ടിക്കറ്റ് ലഭിച്ചപ്പോള്‍ ആല്‍വയുടെയും ജാഫര്‍ ഷെരീഫിന്റെയും ബന്ധുക്കള്‍ക്ക് ടിക്കറ്റ് നിഷേധിക്കപ്പെട്ടു. ഇതിനെതിരെ ആല്‍വ പൊട്ടിത്തെറിക്കുകതന്നെ ചെയ്തു. വിമര്‍ശനത്തിന്റെ വിശദാംശങ്ങള്‍ക്കായി തന്റെ വസതിയില്‍ എത്തിയ മാധ്യമപ്രവര്‍ത്തകരോട് ആല്‍വ രൂക്ഷമായിത്തന്നെ പ്രതികരിച്ചു: ''പലര്‍ക്കും പല നിയമമാണ്... ഇങ്ങനെയാണ് കര്‍ണാടകയില്‍ ഞങ്ങള്‍ തോറ്റത്! പ്രാദേശികതലത്തില്‍ (ടിക്കറ്റ് വിറ്റതിനെക്കുറിച്ച്) പരാതികള്‍ ലഭിച്ചിട്ടുണ്ട്. ആണ്‍മക്കളെയും പെണ്‍മക്കളെയും കുറിച്ചാണെങ്കില്‍ ജാഫര്‍ ഷെരീഫിന്റെ ചെറുമകനും എന്റെ മകനും കള്ളക്കടത്തുകാരോ ഭീകരവാദികളോ അല്ല. എന്തുകൊണ്ട് അവര്‍ക്ക് ടിക്കറ്റ് നിഷേധിക്കപ്പെട്ടു?'' മാര്‍ഗരറ്റ് ആല്‍വയുടെ ഈ പ്രതികരണം മാധ്യമങ്ങള്‍ വന്‍ വാര്‍ത്തയാക്കി. കൂടുതല്‍ പറയാനോ പറഞ്ഞത് നിഷേധിക്കാനോ അവര്‍ തയ്യാറായില്ല. ഇതിനിടെ കുടുംബപരമായ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ മൂന്നുദിവസം ആല്‍വ ദല്‍ഹിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പോന്നു. ദല്‍ഹിയില്‍ തിരിച്ചെത്തിയ അവര്‍ പ്രതിരോധമന്ത്രിയായിരുന്ന ആന്റണിയെ ചെന്നുകണ്ടു. ആല്‍വയോട് അനുതാപം പ്രകടിപ്പിച്ച ആന്റണി എന്താണ് പ്രകോപനപരമായ പ്രസ്താവനകള്‍ക്ക് കാരണമെന്ന് ആരാഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ താങ്കളെ കാണാനാഗ്രഹിക്കുന്നുവെന്ന് കൂടിക്കാഴ്ചയ്‌ക്കൊടുവില്‍ ആന്റണി, ആല്‍വയെ അറിയിച്ചു. ''ഞാന്‍ പോകാനെഴുന്നേറ്റപ്പോള്‍ അദ്ദേഹം (ആന്റണി) എന്റെ പിന്നാലെ വരുന്നതുകണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. എനിക്ക് വല്ലാത്ത സംശയവും അസ്വസ്ഥതയും തോന്നി. ഞങ്ങള്‍ ഒന്നിച്ച് 10 ജന്‍പഥിലേക്ക് പ്രവേശിക്കുകയും, അവിടെ കോണ്‍ഗ്രസ് അധ്യക്ഷ ഗൗരവത്തിലിരിക്കുന്നതും കണ്ടു. ഞാന്‍ പറഞ്ഞു, ''ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പാള്‍ വിളിച്ചുവരുത്തിയതുപോലെയാണ് എനിക്ക് തോന്നുന്നത്. താങ്കള്‍ക്ക് ഇപ്പോഴും എന്നോട് ദേഷ്യമാണോ?'' അവര്‍ പുഞ്ചിരിച്ചുകൊണ്ട് ഞങ്ങളോട് ഇരിക്കാന്‍ പറഞ്ഞു, ''നിങ്ങള്‍ എന്തുകൊണ്ടിത് ചെയ്തു മാര്‍ഗരറ്റ്? അതും തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍.'' അവര്‍ തിരക്കി. ഞാന്‍ പറഞ്ഞു ക്ഷമിക്കണം, ക്ഷോഭംകൊണ്ട് പറഞ്ഞുപോയതാണ്. പക്ഷെ പറഞ്ഞത് സത്യമാണ്. സ്ഥാനാര്‍ത്ഥികളില്‍നിന്ന് എത്ര തുക ആവശ്യപ്പെട്ടുവെന്ന് കാണിക്കുന്ന കത്തുകള്‍ എന്റെ പക്കല്‍ തെളിവുകളായുണ്ട്.'' ഈ ഘട്ടത്തില്‍ ഇടപെടാനൊരുങ്ങിയ ആന്റണിയോട് ''നിങ്ങളിതില്‍ ഇടപെടേണ്ടതില്ല'' എന്ന് കടുത്ത ഭാഷയില്‍ ആല്‍വ പറഞ്ഞു. അപ്പോള്‍ സോണിയ പറഞ്ഞു, ''ഞാന്‍ എപ്പോഴും നിങ്ങള്‍ക്കൊപ്പം നിന്നിട്ടുണ്ട്, നിങ്ങളെ രക്ഷിക്കുകപോലും ചെയ്തിട്ടുണ്ട് മാര്‍ഗരറ്റ്. പക്ഷെ ഇത്തവണ എനിക്കുമേല്‍ വലിയ സമ്മര്‍ദ്ദമുണ്ട്. എല്ലാവര്‍ക്കുമറിയാം നിങ്ങള്‍ എന്റെ അടുപ്പക്കാരിയാണെന്ന്. പിന്നെ എന്തുകൊണ്ട് നിങ്ങളിതു ചെയ്തു? നിങ്ങളെന്നെ നിരാശപ്പെടുത്തുകയാണോ...'' അപ്പോള്‍ ഞാന്‍ പറഞ്ഞു, ''താങ്കളാണ് എന്നെ എഐസിസിയില്‍ കൊണ്ടുവന്നത്. ഞാന്‍ താങ്കളെ നിരാശപ്പെടുത്തുകയാണെന്ന് തോന്നുന്നുവെങ്കില്‍ ഞാന്‍ പോയേക്കാം. രാജിക്കത്തിന് അന്തിമരൂപം നല്‍കാന്‍ ഒരു ദിവസം വേണം. ഇപ്പോള്‍ തന്നെ അത് തയ്യാറാണ്. താങ്കള്‍ക്ക് അറിയേണ്ടതെല്ലാം അതിലുണ്ടാവും.'' അപ്പോള്‍ ആന്റണി യാചിച്ചു, ''അരുത്, അരുത്, ദയവായി നേതാവിനെ വേദനിപ്പിക്കുന്നതൊന്നും പറയല്ലേ!'' ''ആന്റണി ഇതില്‍ ഇടപെടേണ്ടതില്ല'' എന്ന് അപ്പോഴും ഞാന്‍ ശക്തമായി പറഞ്ഞു. ''ഇത് ഞാനും സോണിയാജിയും തമ്മിലുള്ള പ്രശ്‌നമാണ്. ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ നിങ്ങള്‍ക്കിടമില്ല.'' ആല്‍വയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് സോണിയ ഇങ്ങനെ പറഞ്ഞു: ''ശാന്തമാകൂ, ഇപ്പോള്‍ താങ്കള്‍ക്കുപോകാം. ഞാന്‍ വീണ്ടും വിളിക്കും.'' സോണിയക്ക് നന്ദി പറഞ്ഞ്, ഒരിക്കല്‍ക്കൂടി ക്ഷമചോദിച്ച് ആന്റണിയെ കൂടാതെ ആല്‍വ പുറത്തിറങ്ങി. നേരെ വീട്ടിലേക്കുപോയി രാജിക്കത്ത് എഴുതി കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് അയച്ചുകൊടുത്തു. ഇനിയാണ് മാര്‍ഗരറ്റ് ആല്‍വ ആന്റണിയുടെ തനിനിറം തുറന്നുകാട്ടുന്നത്. ''വിവാദത്തെക്കുറിച്ച് (കര്‍ണാടകയിലെ ടിക്കറ്റ് വില്‍പ്പനയെക്കുറിച്ച്) പരിശോധിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയ ആന്റണി യഥാര്‍ത്ഥത്തില്‍ എന്നെ പുറത്താക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് എഐസിസിയോട് ഏറ്റവും അടുത്തുനില്‍ക്കുന്ന സുഹൃത്തുക്കളില്‍നിന്ന് പിന്നീട് ഞാനറിഞ്ഞു. എന്നെ പുറത്താക്കരുതെന്ന്, എന്റെ പാര്‍ട്ടി പാരമ്പര്യം അറിയാവുന്ന എല്ലാവരും സോണിയയോട് പറഞ്ഞു. പക്ഷെ ആന്റണിയുടെ എനിക്കെതിരായ പ്രചാരണം ഒടുവില്‍ വിജയം കാണുകയായിരുന്നു. എന്തുകൊണ്ടാണ് എന്നെ നീക്കണമെന്ന നിലപാടില്‍ ആന്റണി ഉറച്ചുനിന്നതെന്ന് എനിക്കറിയാം. ''2004 ല്‍ ആന്റണി കേരള മുഖ്യമന്ത്രിയായിരിക്കെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് പരാജയപ്പെട്ടതില്‍ സോണിയാജി വളരെ അസ്വസ്ഥയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെല്ലാം തോറ്റപ്പോള്‍ യുപിഎയുടെ ഭാഗമായ മുസ്ലിംലീഗിന് മാത്രമാണ് സീറ്റ് നേടാനായത്. എംഎല്‍എമാരെയും പാര്‍ട്ടി നേതാക്കളെയും കണ്ട് എന്താണ് കുഴപ്പമെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എന്നെയും ആര്‍.എല്‍.ഭട്ടിയയെയും സോണിയ നിരീക്ഷകരായി അയച്ചു. രണ്ട് ദിവസംകൊണ്ട് ഞങ്ങള്‍ ഓരോരുത്തരെയും വ്യക്തിപരമായി കണ്ട് ചെറുതെങ്കിലും വ്യക്തമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി കോണ്‍ഗ്രസ് പ്രസിഡന്റിന് നല്‍കി. നേതൃമാറ്റം വേണമെന്നായിരുന്നു ഏറെക്കുറെ ഒറ്റക്കെട്ടായ ആവശ്യം. എല്ലാറ്റിനുമുപരി സ്വന്തം പ്രതിച്ഛായയില്‍ മാത്രമാണ് ആന്റണിക്ക് ശ്രദ്ധെയന്നും പാര്‍ട്ടിയെ അവഗണിക്കുകയാണെന്നുമായിരുന്നു പരാതി. 'ഉടന്‍ തുടര്‍നടപടി വേണം' എന്ന് സോണിയ റിപ്പോര്‍ട്ടില്‍ കുറിച്ചു. അടുത്ത നടപടിയെടുക്കാന്‍ പ്രണബ് മുഖര്‍ജിയെയും അഹമ്മദ് പട്ടേലിനെയും ചുമതലപ്പെടുത്തി. എ.കെ.ആന്റണിയെ മാറ്റി ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കി. (തീരുമാനം സോണിയാജിയുടേതായിരുന്നെങ്കിലും) ഇതിന് ആന്റണി ഒരിക്കലും എന്നോട് പൊറുത്തില്ല. എല്ലാ അവസരവും എനിക്കെതിരെ ഉപയോഗിച്ചു.'' ആന്റണിക്കെതിരായ മാര്‍ഗരറ്റ് ആല്‍വയുടെ ഈ വെളിപ്പെടുത്തല്‍ നിഷേധിച്ച് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്തുവന്നിട്ടുണ്ടെങ്കിലും താന്‍ പറഞ്ഞതില്‍ ആല്‍വ ഉറച്ചുനില്‍ക്കുകയാണ്. 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തെത്തുടര്‍ന്നാണ് ആന്റണിക്ക് രാജിവയ്‌ക്കേണ്ടിവന്നതെന്നും ഇത് സോണിയയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്നും എല്ലാവര്‍ക്കും അറിയാം. ഇതിനിടയാക്കിയ അന്തര്‍നാടകമെന്തായിരുന്നുവെന്ന് മാത്രമാണ് ആല്‍വ ആത്മകഥയില്‍ വെളിപ്പെടുത്തുന്നത്. യുഡിഎഫ് എംഎല്‍എമാരും പാര്‍ട്ടി നേതാക്കളും നേതൃമാറ്റം ആവശ്യപ്പെട്ടതാണ് രാജിയിലേക്ക് നയിച്ചതെങ്കിലും ഹൈക്കമാന്റിന്റെ തീരുമാനം ശിരസാവഹിച്ച് താന്‍ മഹത്തായ ഒരു ത്യാഗം അനുഷ്ഠിക്കുകയാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ പതിവുപോലെ ആന്റണിക്ക് കഴിഞ്ഞിരുന്നു. ഇതുവഴി സോണിയയുടെ ഇഷ്ടക്കാരനായി ആന്റണി മാറുകയും ചെയ്തു. ഈ ഇഷ്ടം മുതലാക്കിയാണ് മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ കഴിവുകേടിന്റെ പ്രതിരൂപമായ ആന്റണി പ്രതിരോധമന്ത്രിയായത്. ഹൈക്കമാന്റിന്റെ തീരുമാനപ്രകാരമാണ് 2004 ല്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്‌ക്കേണ്ടിവന്നതെങ്കിലും മാര്‍ഗരറ്റ് ആല്‍വയുടെ റിപ്പോര്‍ട്ടാണ് ഇതിന് വഴിവച്ചതെന്ന് മറക്കാതിരുന്ന ആന്റണിയില്‍ അവരോടുള്ള പക കത്തിജ്വലിച്ചുനിന്നു. നാല് വര്‍ഷത്തിനകം അനുകൂലമായ അവസരം വന്നപ്പോള്‍ സോണിയയെ ഉപയോഗിച്ചുതന്നെ ആന്റണി പാര്‍ട്ടി നേതൃത്വത്തില്‍നിന്ന് ആല്‍വയെ വെട്ടിമാറ്റുകയായിരുന്നു. അധികമാരും തിരിച്ചറിയാത്ത ആന്റണിയുടെ ആനപ്പകയാണിത്. എം.ടി.വാസുദേവന്‍ നായരുടെ 'കാലം' എന്ന നോവലിലെ കഥാപാത്രമായ സുമിത്ര നായകനായ സേതുവിനോട് പറയുന്ന ഒരു ഡയലോഗുണ്ടല്ലോ. ''സേതൂന് എന്നും ഒരാളോടെ ഇഷ്ടംണ്ടായിരുന്നുള്ളൂ! സേതുനോട് മാത്രം.'' രാഷ്ട്രീയത്തില്‍ ഇങ്ങനെയൊരു കഥാപാത്രത്തെ സങ്കല്‍പ്പിക്കാമെങ്കില്‍ അത് ആന്റണിയാണ്. ആന്റണിയുടെ ട്രാക് റെക്കോര്‍ഡ് പരിശോധിക്കുന്ന ഏതൊരാള്‍ക്കും ആദര്‍ശരാഷ്ട്രീയത്തിന്റെ പരിവേഷത്തോടെ അധികാരസ്ഥാനങ്ങളില്‍ കണ്ണുവെച്ച് കരുക്കള്‍ നീക്കി, അക്ഷമയോടെ കാത്തിരുന്ന്, ഒടുവില്‍ വിജയിക്കുന്ന അങ്ങേയറ്റം സ്വാര്‍ത്ഥമതിയായ ഒരു 'കരിയറിസ്റ്റി'നെ കാണാനാവും. മാര്‍ഗരറ്റ് ആല്‍വയുടെ ആത്മകഥ വരച്ചുകാട്ടുന്ന ആന്റണിയുടെ ചിത്രവും വ്യത്യസ്തമല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.