തലശ്ശേരി: പുന്നോല്‍ കുറിച്ചിയില്‍ റെയില്‍വേ ഗെയിറ്റിന് സമീപത്തെ വ്യാപാരി തലശ്ശേരി പുതിയ ബസ്സ്റ്റാന്റില് വാഹനാപകടത്തില്‍ മരിച്ചു. കുറിച്ചിയില്‍ ഈയ്യത്തുങ്കാട് ശ്രീനാരായണ മഠത്തിന് സമീപം ദര്‍ശനയിലെ എന്‍.വി.മഹേഷ് ബാബു (50) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7.30ഓടെയാണ് സംഭവം. കണ്ണൂരിലേക്ക് പോകുകയായിരുന്ന ടിപ്പര്‍ ലോറി മഹേഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിലിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടറില്‍ നിന്നും തെറിച്ചുവീണ മഹേഷിന്റെ തലക്ക് ഗുരുതരമായ പരിക്കേറ്റു. ഹെല്‍മെറ്റ് ധരിച്ചിരുന്നുവെങ്കിലും തെറിച്ചുപോയിരുന്നു. ഉടന്‍തന്നെ തലശ്ശേരി ഗവ.ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മകന് വൈശാഖിനെ തലശ്ശേരി എക്സല്‍ കോളേജില്‍ വിട്ടശേഷം വ്യാപാര സ്ഥാപനത്തിലേക്കുള്ള സാധനങ്ങള്‍ വാങ്ങുന്നതിനായി പുതിയ സ്റ്റാന്റിലേക്ക് പോകുമ്പോഴാണ് അപകടം. പരേതനായ നിട്ടൂര്‍ വീട്ടില്‍ കൃഷ്ണന്റെയും ലീലയുടെയും മകനാണ്. ഭാര്യ: വിനീത. മക്കള്‍: വൈശാഖ് (കാവുംഭാഗം ഹയര്‍സെക്കണ്ടറി സ്കൂള്‍), ദര്‍ശന (വിദ്യാര്‍ത്ഥി, ബേങ്ക് കോച്ചിംഗ് അക്കാദമി, കതിരൂര്‍), സഹോദരങ്ങള്‍: സുരേഷ് ബാബു, രമേശ് ബാബു (അബുദാബി) ദിനേശ് ബാബു (വ്യാപാരി കുറിച്ചിയില്‍), സുരേഷ് ബാബു, റീന മുക്കാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: