ശബരിമല: മണ്ഡല മഹോത്സവത്തിന് മുമ്പായി റോഡുകള്‍ ഗതാഗത യോഗ്യമാക്കും

Wednesday 20 July 2016 11:01 pm IST

തിരുവനന്തപുരം: ശബരിമല മണ്ഡല മഹോത്സവത്തിന് മുമ്പായി പൊതുമരാമത്ത് റോഡുകള്‍ ഗതാഗത യോഗ്യമാക്കുമെന്ന് മന്ത്രി ജി.സുധാകരന്‍. നവംബര്‍ 14ന് ആരംഭിക്കുന്ന ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല റോഡുകളില്‍ നടത്തേണ്ട പ്രവൃത്തികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരികുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കാലങ്ങളില്‍ സെപ്തംബര്‍ മാസത്തിലാണ് ഇത്തരത്തിലുള്ള യോഗം വിളിച്ച് ചേര്‍ത്തിരുന്നത്. അതുമൂലം ശബരിമല ഉല്‍സവകാലം ആരംഭിക്കുന്നതിന് മുമ്പ് മരാമത്തു പ്രവൃത്തികള്‍ കാര്യക്ഷമമായി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. അതിനാലാണ് ഈ വര്‍ഷം വളരെ നേരത്തെ തന്നെ യോഗം വിളിച്ചു കൂട്ടിയതെന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞമാസം ചേര്‍ന്ന ചീഫ് എഞ്ചിനീയര്‍മാരുടെ യോഗത്തില്‍ ശബരിമല റോഡുകളുടെ പ്രവൃത്തികളുടെ സമയമക്രമം നിശ്ചയിച്ചിട്ടുണ്ട്. ശബരിമലയിലേക്കുള്ള 25 റോഡുകളുടെ പ്രവൃത്തികള്‍ സംബന്ധിച്ച എസ്റ്റിമേറ്റ് തയ്യാറാക്കി 27ന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കണം. ആഗസ്റ്റ് 15ന് മുമ്പ് ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി കരാര്‍ നല്‍കണം. ഒക്‌ടോബര്‍ 15 ന് മുമ്പായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അധികരിച്ച എസ്റ്റിമേറ്റ് ഉണ്ടാകുന്നു എന്ന ആക്ഷേപം വരുന്നതിനാല്‍ ജില്ലാ കളക്ടര്‍, സുപ്രണ്ടിംഗ് എഞ്ചിനീയര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന അഞ്ചു ടീമുകള്‍ ശബരിമല പ്രവൃത്തികളുടെ എസ്റ്റിമേറ്റുകള്‍ പരിശോധിക്കും. പ്രവൃത്തിയുടെ പ്രാരംഭഘട്ടം മുതല്‍ സോഷ്യല്‍ ഓഡിറ്റ് സംവിധാനം നടപ്പാക്കാനും റോഡ് നിര്‍മ്മാണത്തില്‍ ഗുണനിലവാരം പാലിക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. ഈ 25 റോഡുകള്‍ക്ക് പുറമെ 500 ഓളം അനുബന്ധ റോഡുകളും ഫണ്ടിന്റെ ലഭ്യത അനുസരിച്ച് സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.