കൊച്ചി കപ്പല്‍ശാലയ്ക്ക് കേന്ദ്രത്തിന്റെ 1,799 കോടി

Wednesday 20 July 2016 11:47 pm IST

ന്യൂദല്‍ഹി: പുതിയൊരു ഡ്രൈ ഡോക്ക് കൂടി നിര്‍മ്മിക്കാന്‍ കൊച്ചി കപ്പല്‍ശാലയ്ക്ക് 1,799 കോടി രൂപയുടെ പദ്ധതിക്ക് മോദി സര്‍ക്കാരിന്റെ അനുമതി. കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി ഇന്നലെ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് തീരുമാനം എടുക്കുകയായിരുന്നു. കേരളത്തിന്റെയും കപ്പല്‍ശാലയുടെയും ദീര്‍ഘനാളായുള്ള ആവശ്യമാണ് ഇപ്പോള്‍ സഫലമായിരിക്കുന്നത്. പ്രകൃതി വാതക ഇന്ധനക്കപ്പല്‍ ഉള്‍പ്പെടെ വന്‍ കപ്പല്‍ നിര്‍മ്മാണത്തിന് രാജ്യത്തെ സജ്ജമാക്കുന്നതാണ് പുതിയ ഡ്രൈ ഡോക്ക് നിര്‍മ്മാണത്തിനു പിന്നിലെ ലക്ഷ്യം. വിമാന വാഹിനി, ജാക്കപ് റിഗ്, കൂറ്റന്‍ മണ്ണുമാന്തിക്കപ്പല്‍ തുടങ്ങിയവയുടെ നിര്‍മ്മാണവും അറ്റകുറ്റപ്പണിയും ഈ ഡോക്ക് വഴി നടത്താന്‍ ലക്ഷ്യമിടുന്നു. മോദിയുടെ മേക് ഇന്‍ ഇന്ത്യ പദ്ധതിയുടെ വന്‍ വിജയത്തിലേക്കുള്ള ഒരു ചുവടുവെയ്പ്പു കൂടിയാണിത്. രാജ്യത്ത്, പ്രത്യേകിച്ച് കേരളത്തില്‍ വന്‍ തൊഴില്‍ സാധ്യത കൂട്ടുന്ന പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ 300 പേര്‍ക്ക് നേരിട്ടും 2,000 പേര്‍ക്ക് പരോക്ഷമായും ഉന്നത ജോലികള്‍ ലഭിക്കാന്‍ ഇടയാക്കും. അനുബന്ധ മേഖലയില്‍ ആയിരക്കണക്കിനു പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതാണ് ഈ കേന്ദ്ര പദ്ധതി. അതേസമയം നിര്‍മ്മാണ കാലത്ത് ആയിരങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാകും. സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് ആക്കം കൂട്ടുന്നതാകും ഈ തീരുമാനം. വിഴിഞ്ഞം തുറമുഖ പദ്ധതിക്കു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ഫാക്ടിന്റെ രക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ എടുത്തതിനു തുടര്‍ച്ചയായി ഷിപ്‌യാര്‍ഡിന്റെ രക്ഷയ്ക്ക് എത്തിയത് കേന്ദ്ര സര്‍ക്കാരിന്റെ സംസ്ഥാന വികസന താല്‍പര്യം വ്യക്തമാക്കുന്ന നടപടിയായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.