വില്‍പനക്കായി സൂക്ഷിച്ച കഞ്ചാവും വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍

Thursday 21 July 2016 2:36 pm IST

കൊല്ലം: പോളയത്തോട് പൊതുശ്മശാനത്തിന് സമീപത്തു നിന്നും കഞ്ചാവും വിദേശമദ്യവുമായി ഒരാള്‍ കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായി. വടക്കേവിള മാടന്‍നട ഐശ്വര്യ നഗറില്‍ ഹബീബ് (52) ആണ് അറസ്റ്റിലായത്. വില്‍പനക്കായി സൂക്ഷിച്ച മൂന്ന് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും 35 ഗ്രാം കഞ്ചാവും പോലീസ് ഇയാളില്‍ നിന്നും കണ്ടെടുത്തു. തൊഴിലാളികളും, വിദ്യാര്‍ത്ഥികളുമാണ് ഇടപാടുകാരെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ചെറു പൊതികളിലാക്കിയ കഞ്ചാവ് 500 രൂപക്കാണ് വില്പന നടത്തിയിരുന്നത്. ചില്ലറ വില്പനക്കായാണ് മദ്യം സൂക്ഷിച്ചിരുന്നതെന്നും പോലീസ് അറിയിച്ചു. പോളയത്തോട് ശ്മശാനവും പരിസരപ്രദേശങ്ങളും, കോളേജ് ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളും കേന്ദ്രീകരിച്ചാണ് ഇയാള്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നത്. സിറ്റി പോലീസ് കമ്മീഷണര്‍ സതീഷ് ബിനോക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹബീബ് ഷാഡോ പോലീസിന്റെ പിടിയിലായത്. കൊല്ലം എസിപി കെ.ലാല്‍ജി, സെപ്ഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ റെക്‌സ് ബോബി അര്‍വിന്‍, കൊല്ലം ഈസ്റ്റ് സിഐ മഞ്ജുലാല്‍, എസ്‌ഐ ആര്‍.രാജേഷ്‌കുമാര്‍, കൊല്ലം സിറ്റി മയക്ക്മരുന്നുവിരുദ്ധ സ്‌ക്വാഡിലെ അംഗങ്ങളായ വേണുഗോപാല്‍, അനന്‍ബാബു, മണികണ്ഠന്‍, സജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.