കുറ്റിപ്പുറത്ത് കോളറ ബാക്ടീരിയയുടെ സാന്നിധ്യം; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

Thursday 21 July 2016 3:27 pm IST

മലപ്പുറം: മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. അഴുക്കു ചാലുകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ നിന്നാണ് ബാക്ടീരിയയെ കണ്ടെത്തിയത്. അഴുക്കുചാലുകളിലെ വെള്ളം ഭാരതപുഴയിലേക്ക് ഒഴുകുന്ന സാഹചര്യത്തില്‍ പുഴയുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. കുറ്റിപ്പുറത്ത് നിന്നും നിരവധി പേര്‍ അസുഖം ബാധിച്ച് ചികിത്സയ്ക്ക് എത്തിയതോടെയാണ് പ്രദേശത്തെ അഴുക്കുചാലുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് വിദഗ്ദ്ധ പരിശോധന നടത്തിയത്. വിവിധ വീടുകളിലെയും കിണറുകളിലെയും വെള്ളവും പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതില്‍ കുറ്റിപ്പുറം നഗരത്തിലെ മൂന്ന് ഓടകളില്‍ കൂടി ഒഴുകുന്ന അഴുക്കുവെള്ളത്തിലാണ് ബാക്ടീരിയയുടെ സാനിധ്യം കണ്ടെത്തിയത്. കഴിഞ്ഞദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ ഈ ഓടകള്‍ നിറഞ്ഞ് നഗരത്തിലെ പ്രധാന പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു. ഇതാണ് രോഗം പകരാന്‍ കാരണമാകുമെന്ന് ആരോഗ്യവകുപ്പ് സംശയിക്കുന്നു. കൂടാതെ ഈ ഓടകള്‍ ചെന്നെത്തുന്നത് ഭാരതപുഴയിലാണ്. നിരവധി കുടിവെള്ള പദ്ധതികള്‍ ഭാരതപുഴയിലുണ്ട്. ഈ സാഹചര്യത്തില്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കുറ്റിപ്പുറം പഞ്ചായത്തില്‍ മാലിന്യനീക്കം ഫലപ്രദമായി നടപ്പിലാകുന്നില്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.