തിരുവനന്തപുരത്തും അഭിഭാഷക അക്രമം

Friday 22 July 2016 12:39 am IST

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ തിരുവനന്തപുരത്തും അഭിഭാഷകരുടെ മൃഗീയ ആക്രമണം. ഹൈക്കോടതിക്കു സമീപം കഴിഞ്ഞ ദിവസം നടന്നതിനു സമാനമായ അക്രമമാണ് ഇന്നലെ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലും ആവര്‍ത്തിച്ചത്. കല്ലുകളും മദ്യക്കുപ്പികളും ഇരുമ്പുദണ്ഡുകളും കൊണ്ടുള്ള ഏറില്‍ എട്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും ഒരു വക്കീല്‍ ഗുമസ്തനും പരിക്കേറ്റു. ജീവന്‍ ടിവി റിപ്പോര്‍ട്ടര്‍ അനുലാല്‍, മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ ബിജു, കേരളകൗമുദിയിലെ രജീവ്, അമൃത ടിവിയിലെ ഗോപീകൃഷ്ണന്‍, എസിവിയിലെ രാമകൃഷ്ണന്‍, മീഡിയാ വണ്ണിലെ നിഷാന്ത്, ചന്ദ്രികയിലെ ഗോപന്‍ കൃഷ്ണന്‍, കൈരളി പീപ്പിളിലെ നജീബ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അനുലാലിന്റെ തലയ്ക്ക് എട്ടു തുന്നലിടേണ്ടി വന്നു. അനുലാല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും രജീവ് മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്. അഭിഭാഷകരുടെ ആക്രമണത്തില്‍ ഏതാനും വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കും നിസാര പരിക്കുണ്ട്. അഭിഭാഷകരുടെ കല്ലേറിലാണ് വക്കീല്‍ ഗുമസ്തന്‍ കണ്ണന്റെ തല പൊട്ടിയത്. പോലീസ് സംഘവും രാഷ്ട്രീയ നേതാക്കളും നോക്കിനില്‍ക്കെയായിരുന്നു അഭിഭാഷകരുടെ അക്രമം. വൈകിട്ട് നാലു മണിയോടെ കടകംപള്ളി ഭൂമി തട്ടിപ്പു കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനാണ് മാധ്യമപ്രവര്‍ത്തകര്‍ വഞ്ചിയൂരിലെ ജില്ലാ കോടതി വളപ്പിലെത്തിയത്. എന്നാല്‍, മാധ്യമപ്രവര്‍ത്തകരുടെ വാഹനം കണ്ടു ഗോബാക്ക് വിളികളുമായി അഭിഭാഷകര്‍ പാഞ്ഞടുത്തു. മീഡിയാ റൂമിലേക്ക് പോകാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ തെറിവിളികളുമായാണ് അഭിഭാഷകര്‍ തടഞ്ഞത്. മീഡിയാ റൂം പുറത്തു നിന്ന് പൂട്ടി 'നാലാം ലിംഗക്കാര്‍ക്ക് പ്രവേശനമില്ലെ'ന്ന പോസ്റ്ററും പതിപ്പിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ചാനല്‍ ക്യാമറാമാന്മാരെയും പത്ര ഫോട്ടോഗ്രാഫര്‍മാരെയും മര്‍ദ്ദിക്കാന്‍ ശ്രമിച്ചതോടെയാണ് പോലീസ് ഇടപെട്ടത്. പോലീസിന്റെ നിര്‍ദ്ദേശാനുസരണം മാധ്യമപ്രവര്‍ത്തകര്‍ കോടതിവളപ്പില്‍ നിന്ന് വാഹനങ്ങളില്‍ പുറത്തേക്ക് പോകാന്‍ തയ്യാറായി. എന്നാല്‍, അഭിഭാഷകര്‍ ഗേറ്റടച്ച് വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചു. പോലീസിന്റെ സമയോചിത ഇടപെടല്‍ മൂലം മാധ്യമപ്രവര്‍ത്തകര്‍ക്ക് വാഹനങ്ങളില്‍ കോടതിവളപ്പിന് പുറത്തെത്താന്‍ സാധിച്ചു. എന്നാല്‍, ആക്രോശങ്ങളും അട്ടഹാസങ്ങളുമായി പുറകെ എത്തിയ നൂറോളം അഭിഭാഷകര്‍ ഒരു പ്രകോപനവും കൂടാതെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കല്ലേറ് ആരംഭിച്ചു. ഇവരുടെ കല്ലേറിലാണ് മൂന്നു മാധ്യമപ്രവര്‍ത്തകര്‍ക്കും ഒരു വക്കീല്‍ ഗുമസ്തനും പരിക്കേറ്റത്. ഏഷ്യാനെറ്റ് ന്യൂസിന്റെ കാറിന്റെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. മാതൃഭൂമി ന്യൂസിന്റെ ക്യാമറ അടിച്ചു പൊട്ടിച്ചു. ജില്ലാ കോടതിയുടെ കിഴക്കേ റോഡില്‍ കൂടി പോകുകയായിരുന്ന നാട്ടുകാര്‍ക്കും കല്ലേറു കൊണ്ടു. ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ കിഴക്കേ കവാടത്തിലെ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധം തുടങ്ങി. പ്രതിഷേധം മുറുകുന്നതിനിടെ നിരവധി തവണ അഭിഭാഷകരുടെ ഭാഗത്തു നിന്ന് കല്ലേറും പ്രകോപനവും ഉണ്ടായെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ അങ്ങേയറ്റം സംയമനം പാലിച്ചു. ഡിസിപി ശിവവിക്രമിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി അഭിഭാഷകരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കോടതി കവാടത്തിലേക്ക് കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയതോടെ സമരം ശക്തമായി. സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ എത്തിയെങ്കിലും കോടതിവളപ്പില്‍ സംഘടിച്ചിരുന്ന അഭിഭാഷകര്‍ പിരിഞ്ഞു പോകാന്‍ തയ്യാറായില്ല. ഇതിനിടെ വി.എസ്. ശിവകുമാര്‍ എംഎല്‍എ, റേഞ്ച് ഐജി മനോജ് എബ്രഹാം, ബിജെപി സംസ്ഥാന വക്താവ് അഡ്വ.ജെ.ആര്‍. പദ്മകുമാര്‍, സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, വി. ശിവന്‍കുട്ടി, കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ ബിനു ഐ.പി. എന്നിവര്‍ സ്ഥലത്തെത്തി. ഇവര്‍ പ്രശ്‌നപരിഹാരത്തിനായി ശ്രമിക്കുന്നതിനിടെ അഭിഭാഷകര്‍ വീണ്ടും പ്രകോപിതരായി മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിയാന്‍ ആരംഭിച്ചു. അവസാനം വീഡിയോ ദൃശ്യങ്ങള്‍ നോക്കി കുറ്റക്കാര്‍ക്കെതിരെ കേസെടുക്കുമെന്ന് ഐജി: മനോജ് എബ്രഹാം നല്‍കിയ ഉറപ്പിനെത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ പിരിഞ്ഞു പോയി. പരിക്കേറ്റ മാധ്യമപ്രവര്‍ത്തകരുടെയും വക്കീല്‍ ഗുമസ്തന്റെയും മൊഴിയെടുക്കുമെന്നും ഡിസിപി: ശിവവിക്രം അറിയിച്ചു. പോലീസുമായി ചര്‍ച്ചയ്ക്ക് കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് സി. റഹിം, സെക്രട്ടറി ബി.എസ്. പ്രസന്നന്‍, പ്രസ് ക്ലബ് പ്രസിഡന്റ് പ്രദീപ് പിള്ള, മുന്‍ പ്രസിഡന്റ് ആര്‍. അജിത്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നടന്ന ആക്രമണത്തില്‍ കെയുഡബ്ല്യുജെ ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.