വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്: കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും സംസ്ഥാനത്തിന് അലംഭാവം

Thursday 21 July 2016 9:57 pm IST

ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ യഥാസമയം ഫണ്ട് അനുവദിച്ചിട്ടും ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ത്ഥ്യമാകാത്തത് സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം കാരണം. പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ പ്രധാന പങ്കുവഹിക്കേണ്ട ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ കേന്ദ്രം ഫണ്ട് അനുവദിച്ചിട്ട് വര്‍ഷം ഒന്നു കഴിഞ്ഞു. സ്ഥലവും ആവശ്യത്തിനുണ്ട്, എന്നാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാത്രം യാഥാര്‍ത്ഥ്യമാകുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിന്റെ പരിസരത്ത് അഞ്ച് ഏക്കര്‍ സ്ഥലം അളന്നു ചുറ്റുമതില്‍ കെട്ടി സംരക്ഷിച്ചിട്ട് മൂന്നു വര്‍ഷം കഴിഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ടിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഡയറക്ടറേറ്റ് 34.25 കോടി രൂപയും അനുവദിച്ചു. 2015 ജൂണിലാണു തുക അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കേരളത്തില്‍ വ്യാപകമായും പ്രത്യേകിച്ച് ആലപ്പുഴ ജില്ലയിലും പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ 2009 മുതലാണ് ഇന്‍സ്റ്റിറ്റ്യൂട്ടിനായി ആലോചന തുടങ്ങിയത്. എല്ലാ പകര്‍ച്ചവ്യാധികളുടേയും പ്രഭവകേന്ദ്രമെന്ന നിലയിലും പരിസ്ഥിതിയുടെ പ്രത്യേകതയും മൂലം ആലപ്പുഴ ജില്ലയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ പുണെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 20 ജീവനക്കാരെ നിയമിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ കെട്ടിടത്തില്‍ താല്‍ക്കാലികമായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. കെട്ടിടത്തിന്റെയും ലാബുകളുടെയും സൗകര്യങ്ങളുടെ കുറവ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വൈറല്‍ രോഗങ്ങള്‍ വ്യാപകമാണ്. രോഗപ്രതിരോധത്തിനും പടര്‍ന്നു പിടിക്കുന്നതിനും എല്ലാവിധ സൗകര്യങ്ങളും ഉള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ആവശ്യമാണ്. ജില്ല സന്ദര്‍ശിച്ച കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുടെ നിര്‍ദ്ദേശപ്രകാരം പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പദ്ധതി പ്രകാരം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യത്തിലേക്കു മാറുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഇതോടൊപ്പമെങ്കിലും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.