ആവിഷ്‌കാര സ്വാതന്ത്ര്യത്തിലെ ഫാസിസം

Thursday 21 July 2016 10:11 pm IST

  ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന വേലിക്കെട്ടിനുള്ളില്‍ സുരക്ഷിതമായിനിന്ന് ആര്‍ക്കും ആരെയും എന്തും പറയാമെന്ന ധാരണയല്ലെ യഥാര്‍ത്ഥ ഫാസിസം. വിശ്വാസം ഹനിക്കപ്പെടുന്ന സാഹചര്യത്തില്‍ മുറിവേല്‍ക്കുന്ന മനസ്സുകള്‍ അതിനെതിരായി പ്രതികരിക്കുമ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരുപറഞ്ഞ് ന്യായീകരിക്കാനും രക്ഷപ്പെടാനുമാണ് ചിലര്‍ ശ്രമിക്കുന്നത്. വിദ്യാദേവതയായ സരസ്വതീ ദേവിയെ നഗ്നയാക്കി ചിത്രീകരിച്ച എം.എഫ്. ഹുസൈനും നൂറ്റാണ്ടുകള്‍ക്കു മുമ്പുണ്ടായിരുന്ന ഒരാചാരത്തെ വികലമായി ചിത്രീകരിച്ച് ഹൈന്ദവ ആരാധനയെയും വിശ്വാസത്തെയും അവഹേളിച്ച പെരുമാള്‍ മുരുകനുമെല്ലാം രക്ഷപ്പെടുന്നത് ഈ 'സ്വാതന്ത്ര്യത്തിന്റെ' പേരിലാണ്. മറ്റുള്ളവര്‍ക്ക് വിഷമമുണ്ടാക്കുന്ന തരത്തില്‍ പെരുമാറിയ ശേഷം അതെന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്ന് പറഞ്ഞ് ചെയ്ത തെറ്റിനെ ന്യായീകരിക്കാനാണ് ഇവരെല്ലാം ശ്രമിക്കുന്നത്. എന്നാല്‍ ആത്യന്തികമായി ഇവര്‍ ലക്ഷ്യമിടുന്നത് സാഹിത്യത്തിലായാലും ചിത്രമെഴുത്തിലായാലും നെറികെട്ട പ്രചരണത്തിലൂടെ ലഭിക്കുന്ന സാമ്പത്തിക നേട്ടത്തെയാണ്. കാമ്പില്ലാത്ത കലാസൃഷ്ടികളെ വിവാദത്തില്‍പ്പെടുത്തി ചര്‍ച്ചയാക്കിയശേഷം വിറ്റഴിക്കുന്ന വിലകുറഞ്ഞ തന്ത്രമാണ് പെരുമാള്‍ മുരുകനും പയറ്റിയത്. വിവാദത്തിനായി ഇവരെല്ലാം ഇരയാക്കുന്നത് ഹൈന്ദവ വിശ്വാസങ്ങളെ മാത്രമാണ്. ഒരാളും മുസ്ലിം സമുദായത്തിന്റെയോ ക്രൈസ്തവ സമൂഹത്തിന്റെയോ വിശ്വാസങ്ങള്‍ക്കെതിരായി ഒന്നുമെഴുതുന്നില്ല, ഒന്നും വരയ്ക്കുന്നുമില്ല, അതൊന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഗണത്തില്‍ ആരും പെടുത്തുന്നുമില്ല. അങ്ങനെയാരെങ്കിലും ചെയ്തുപോയാല്‍ അതിനെതിരായി രംഗത്തുവരുന്നവരെ പിന്തുണയ്ക്കാന്‍ രാഷ്ട്രീയക്കാരും അധികാരവര്‍ഗ്ഗവും വരിനില്‍ക്കുന്ന കാഴ്ച പലപ്പോഴും നമുക്കു കാണാനുമായിട്ടുണ്ട്. പ്രമുഖ നാടക വേദിയായ കെപിഎസി അവതരിപ്പിച്ച രണ്ടു നാടകങ്ങള്‍ വിവാദമാകുകയും വിവാദത്തില്‍ നിന്നുനേടിയ പ്രശസ്തിയിലൂടെ വന്‍ വിജയമാകുകയും ചെയ്ത ചരിത്രമുണ്ട്. ഭഗവാന്‍ കാലുമാറുന്നു, വിഷ സര്‍പ്പത്തിനു വിളക്കുവയ്ക്കരുത് എന്നീ രണ്ടു നാടകങ്ങളായിരുന്നു അത്. ഹൈന്ദവ ആരാധനാ സമ്പ്രദായത്തെയും വിശ്വാസത്തെയും വളരെയധികം ഇകഴ്ത്തിക്കെട്ടുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രമേയമായിരുന്നു രണ്ടു നാടകങ്ങള്‍ക്കുമുണ്ടായിരുന്നത്. 1980കളില്‍ ഏറെ ചര്‍ച്ച ചെയ്‌പ്പെട്ട ഈ നാടകങ്ങള്‍ക്കെതിരെ വിശ്വാസിസമൂഹം ശക്തമായി രംഗത്തുവന്നു. അക്കാലത്ത് ക്ഷേത്ര ഉത്സവങ്ങളായിരുന്നു നാടകാവതരണത്തിനുള്ള പ്രധാനവേദി. ക്ഷേത്രങ്ങളുടെ വേദി ഉപയോഗിച്ച് ആരാധനയെയും വിശ്വാസങ്ങളെയും പരിഹസിക്കുന്നതിനെതിരായിട്ടായിരുന്നു പ്രതിഷേധം കൂടുതല്‍ ശക്തമായത്. എന്നാല്‍ അന്ന് വിശ്വാസികളുടെ പക്ഷം ചേരാന്‍ അധികാരികളോ രാഷ്ട്രീയക്കാരോ ഉണ്ടായിരുന്നില്ല. നാടകത്തിനെതിരായ പ്രതിഷേധം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമാണെന്നാണ് അവരെല്ലാം വാദിച്ചത്. എന്നാല്‍ ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെ അപ്രീതിക്ക് ഇരയായ ആലപ്പുഴ സൂര്യകാന്തി തീയറ്റേഴ്‌സിന്റെ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകത്തിന്റെ വിധി മറ്റൊന്നായിരുന്നു. ബിഷപ്പിന്റെ നേതൃത്വത്തില്‍ വൈദികരും കന്യാസ്ത്രീകളും നാടകകൃത്തും സംവിധായകനുമായ പി.എം. ആന്റണിക്കെതിരെ വിമോചന സമരകാലത്തെന്നപോലെ പ്രകടനം നയിച്ച് തെരുവിലിറങ്ങിയപ്പോള്‍ സര്‍ക്കാരിനും രാഷ്ട്രീയക്കാര്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരുപറഞ്ഞ് നാടകത്തിനൊപ്പം നില്‍ക്കാനായില്ല. റോമന്‍ അധിനിവേശത്തിനെതിരെയുള്ള ഇസ്രായേലിന്റെ പോരാട്ടത്തില്‍ ക്രിസ്തു എടുത്ത നിലപാട് അനാവാരണം ചെയ്യുന്നതായിരുന്നു നാടകം. വിഖ്യാത ഗ്രീക്ക് സാഹിത്യകാരന്‍ കസാന്‍ദ് സാക്കിസിന്റെ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം എന്ന കൃതിയില്‍നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടായിരുന്നു രചന. എന്നാല്‍ ക്രിസ്തുവിനെയും ക്രൈസ്തവ വിശ്വാസങ്ങളെയും ഹനിക്കുന്നതാണ് നാടകമെന്നാരാപിച്ചായിരുന്നു പ്രതിഷേധം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഭഗവാന്‍ കാലുമാറുന്നു എന്ന നാടകത്തിനൊപ്പംനിന്നവര്‍ പക്ഷേ, ക്രിസ്തുവിന്റെ ആറാം തിരുമുറിവിന് അത്തരത്തിലൊരു സംരക്ഷണം നല്‍കാന്‍ തയ്യാറായില്ല. വിശ്വാസം ഹനിച്ചു എന്ന പേരുപറഞ്ഞ് നാടകം നിരോധിച്ചു. സാഹചര്യങ്ങള്‍ ഒന്നായിരിക്കെ ആവിഷ്‌കാര സ്വാതന്ത്ര്യം വ്യത്യസ്ത തലത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു ഇത്. ചിത്രകാരനായിരുന്ന എം.എഫ്.ഹുസൈന്‍ സരസ്വതീ ദേവിയെ നഗ്നയാക്കി ചിത്രംവരച്ചപ്പോഴും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ സംരക്ഷണം അദ്ദേഹത്തിനും ലഭിച്ചു. ഹൂസൈന്റെ നടപടി കോടിക്കണക്കിന് ഹൈന്ദവരുടെ വിശ്വാസങ്ങളെയാണ് ഹനിച്ചത്. എന്നാല്‍ ഹുസൈനുവേണ്ടി വാദിക്കാനും, ഹുസൈന് എതിരായി ഉയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍ക്കെതിരായി ശബ്ദിക്കാനും നിരവധിപേര്‍ രംഗത്തുവന്നു. എല്ലാവര്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നതായിരുന്നു ആവശ്യം. എന്നാല്‍ എം.എഫ്. ഹുസൈന്‍ എന്തുകൊണ്ട് ഹൈന്ദവ ദേവതയുടെ നഗ്നചിത്രം വരയ്ക്കുന്നു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ ആരും തയ്യാറായില്ല. എന്തുകൊണ്ട് പ്രവാചകന്റെയോ ക്രിസ്തുവിന്റെയോ ചിത്രം അദ്ദേഹത്തിനു വരയ്ക്കാന്‍ പാടില്ലായിരുന്നു? അങ്ങനെ ചെയ്താല്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വേലിക്കെട്ടിനുള്ളില്‍ നില്‍ക്കാന്‍ അദ്ദേഹത്തിനാകുമായിരുന്നില്ല. തൊടുപുഴയിലെ കോളേജധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ വിധി ആരും മറന്നിട്ടുണ്ടാകില്ല. പ്രവാചകനെ അവഹേളിക്കുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ചോദ്യപ്പേപ്പറില്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ചാണ് താലിബാന്‍ രീതിയില്‍ ഒരു സംഘം ആളുകള്‍ അദ്ദേഹത്തിന്റെ കൈ വെട്ടി മാറ്റിയത്. അപ്പോഴും പ്രൊഫ. ജോസഫിനെ കുറ്റപ്പെടുത്താനായിരുന്നു ചിലരെങ്കിലും മുന്നില്‍ നിന്നത്. തമിഴ് സാഹിത്യകാരനായ പെരുമാള്‍ മുരുകനും ഇതേ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണ് വിവാദ നായകനായതും എഴുത്തുകാര്‍ക്കിടയിലെ രക്തസാക്ഷിയായതും. മുരുകനും അവഹേളിക്കാന്‍ തെരഞ്ഞെടുത്തത് ഹൈന്ദവ ആചാരത്തെയും. വിവാദമാക്കി നായകനാകുക എന്ന തന്ത്രമായിരുന്നു മുരുകന്റെതും. ഹൈന്ദവാചാരത്തെ അവഹേളിച്ചതിനാല്‍ മുരുകന്റെ ഒപ്പം നില്‍ക്കാന്‍ 'പുരോഗമന വാദികളായ' കുറെയാളുകള്‍ കേരളത്തിലുമുണ്ടായി. 'മാതൊരു ഭാഗന്‍' എന്ന നോവലിലൂടെയാണ് അദ്ദേഹം തന്റെ ലക്ഷ്യം സാക്ഷാത്കരിച്ചത്. തമിഴ്‌നാട്ടിലെ നാമക്കലിനടുത്തുള്ള തിരുച്ചെങ്കോട്ട് അര്‍ധനാരീശ്വര ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിലാണ് നോവല്‍ എഴുതിയത്. നൂറു കൊല്ലങ്ങള്‍ക്കു മുമ്പ് ഇവിടെ നിലനിന്നിരുന്ന ചില ആചാരങ്ങളുടെ കഥയാണ് ഈ പുസ്തകം പറയുന്നത്. നോവലിലെ പ്രധാന കഥാപാത്രമായ 'പൊന്ന'യ്ക്ക് മക്കളില്ല. ഭര്‍ത്താവിന് താല്‍പര്യമില്ലാഞ്ഞിട്ടും വൈകാശി വിശാഖം രഥോത്സവത്തിന്റെ അന്ന് പരപുരുഷനെ പ്രാപിക്കുന്ന അനുഷ്ഠാനത്തില്‍ പങ്കെടുക്കാന്‍ പോകുന്നു എന്നതാണ് 'മാതൊരുഭാഗ'ന്റെ ഇതിവൃത്തം. 2010 ലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പുസ്തകം വിശ്വാസികളെ വ്രണപ്പെടുത്തിയപ്പോള്‍ പ്രതിഷേധവുമായി ഹിന്ദുസംഘടനകള്‍ രംഗത്തെത്തി. ഇതിനെതുടര്‍ന്ന് നാമയ്ക്കല്‍ ഭരണകൂടം ഒത്തുതീര്‍പ്പു ചര്‍ച്ചനടത്തി. അങ്ങനെ, തന്റെ തെറ്റ് മനസ്സിലാക്കി 2015 ജനുവരി 12ന് പുസ്തകത്തിലെ വിവാദഭാഗം നീക്കം ചെയ്യാമെന്നും വിപണിയില്‍ ബാക്കിയുള്ള പുസ്തകങ്ങള്‍ പിന്‍വലിക്കാമെന്നും മാപ്പ് പറയാമെന്നും പെരുമാള്‍ മുരുകന്‍ സമ്മതിക്കുകയും പ്രതിഷേധം അവസാനിക്കുകയും ചെയ്തു. എന്നാല്‍, ഇതിനുപിന്നാലെയാണ് താന്‍ എഴുത്തുനിര്‍ത്തുകയാണെന്ന് പെരുമാള്‍ മുരുകന്‍ പ്രഖ്യാപിച്ചത്. അതില്‍നിന്നുകിട്ടുന്ന പ്രശസ്തിയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഇതേതുടര്‍ന്നാണ് മുരുകനുവേണ്ടി ചിലര്‍ കോടതിയിലെത്തിയതും ഇപ്പോള്‍ വിധിയായതും. വിശ്വാസങ്ങളെയും വിശ്വാസികളുടെ വികാരത്തെയും മാനിക്കാതെ കോടതിയില്‍ നിന്നുണ്ടായ വിധിയെ ആണ് ഇപ്പോള്‍ ചിലര്‍ വാഴ്ത്തുന്നത്. എം.എഫ്. ഹുസൈന്‍ ഹിന്ദുദേവതയായ സരസ്വതി ദേവിയെ നഗ്നയാക്കി വരയ്ക്കുന്നതിനനുകൂലമായി വിധി പറഞ്ഞ അതേ ജഡ്ജിയാണ് പെരുമാള്‍ മുരുകന്റെയും രക്ഷക്കെത്തിയത്. ഹുസൈന്‍ വരച്ചോട്ടെ എന്നു വിധി പറഞ്ഞ അതേ ജഡ്ജി തന്നെ മുരുകന്‍ എഴുതിക്കോട്ടെ എന്നും വിധിയെഴുതി. കാമസൂത്രയുടെ നാടായ ഭാരതത്തില്‍ ഹൈന്ദവ ആരാധനാമൂര്‍ത്തിയായ സരസ്വതിയെ നഗ്നയാക്കി വരച്ച് തെരുവില്‍ പതിക്കട്ടെ എന്നായിരുന്നു വിധിയുടെ ചുരുക്കം. മുരുകന്റെ എഴുത്തില്‍ ഹൈന്ദവീകതയെ വികലമാക്കി ചിത്രീകരിച്ചോട്ടെയെന്നും. ഇത്തരത്തിലൊരു ന്യായം പ്രവാചകന്റെ കാര്യത്തില്‍ ഉണ്ടാകില്ല. ഇത്തരത്തിലൊന്ന് ക്രിസ്തുവിന്റെ കാര്യത്തിലുമുണ്ടാകില്ല തീര്‍ച്ച. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ആര്‍ക്കും കുതിരകയറാനുള്ളതാണ് ഹൈന്ദവാചാരങ്ങള്‍. അതിനു കൂട്ടുനില്‍ക്കുന്നവരുടെ കൂട്ടത്തില്‍ പുരോഗമനവാദികളായി വേഷം കെട്ടിനടക്കുന്നവര്‍ മാത്രമല്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. എന്തെല്ലാം പരസ്യമാക്കാം, എന്തെല്ലാം രഹസ്യമാക്കണമെന്നും പരസ്യമായി ചെയ്യരുതെന്നും സമൂഹം ചില നിര്‍ദ്ദേശങ്ങളും വിലക്കുകളും കല്‍പ്പിച്ചിട്ടുണ്ട്. ഇതെല്ലാം എഴുതിവച്ചിരിക്കുന്നനിയമങ്ങളായല്ല പാലിച്ചു പോരുന്നത്. അല്ലാതെതന്നെ സമൂഹത്തിന്റെ നേരായവഴിക്കുള്ള സഞ്ചാരത്തിന് ആവശ്യമായതിനാല്‍ സമൂഹം സ്വയം പാലിച്ചു പോരുന്ന കാര്യങ്ങളാണ്. സ്വാതന്ത്ര്യവും ജനാധിപത്യവുമാണ് ഭാരതത്തിന്റെ മുഖമുദ്രയെങ്കിലും ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാളിന്റെ മൂക്കിന്‍തുമ്പില്‍ അവസാനിക്കുന്നു എന്നതാണ് സത്യം. എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യമൊന്നും ആര്‍ക്കും അനുവദിച്ചു തന്നിട്ടില്ല. സമൂഹത്തിന് ഹിതമല്ലാത്തത് ചെയ്യുന്നതല്ല ആവിഷ്‌കാര സ്വാതന്ത്ര്യം. അത് സാഹിത്യമായാലും സിനിമയായാലും ചിത്രമെഴുത്തായാലും അനുവദിക്കാന്‍ പാടില്ല. സമൂഹം നിലനിര്‍ത്തിപ്പോരുന്ന ഇത്തരം വിലക്കുകളാണ് സമാധാനത്തിന് കാവലായി മാറുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിലായാലും കാണിക്കരുതാത്തത് കാണിക്കാതിരിക്കുകയും പറയാന്‍ പാടില്ലാത്തത് പറയാതിരിക്കുകയും ചെയ്യുന്നതാണ് സമൂഹത്തിന്റെ സമാധാന നടപ്പിന് നല്ലത്.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.