റോഡിന്റെ അശാസ്ത്രീയനിര്‍മാണം അപകടക്കെണിയാകുന്നു

Friday 22 July 2016 12:29 pm IST

പരവൂര്‍: പരവൂര്‍-ചാത്തന്നൂര്‍ റോഡില്‍ മീനാട് ക്ഷേത്രത്തിനും മീനാട് എല്‍പിഎസ് സ്‌കൂളിനും മുന്‍വശത്തായി നിര്‍മിച്ച അശാസ്ത്രീയമായ ഹമ്പും പകുതി ടാര്‍ ചെയ്ത റോഡും പരിസര വാസികളുടെ ജീവന് ഭീഷണിയാകുന്നു. പകലും രാത്രിയുമായി നിരവധി വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡില്‍ യാതൊരു മുന്നറിയിപ്പ് ബോര്‍ഡുകള്‍ പോലും ഇല്ലാത്തത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. എല്‍കെജി മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുരുന്നുകള്‍ പഠിക്കുന്ന മീനാട് സ്‌കൂളിനു മുന്നിലെ ഇത്തരമൊരു അശാസ്ത്രീയ നിര്‍മാണം പൊതുമരാമത്ത് വകുപ്പ് കണ്ടില്ലെന്ന് നടിക്കുകയാണ്. കുറച്ചുദിവസങ്ങളായി റോഡിന്റെ ഉയര്‍ന്ന ഭാഗത്ത് നിന്നും വാഹനങ്ങള്‍ തെന്നിമാറി നിയന്ത്രണം നഷ്ടമാകുന്നത് നിത്യസംഭവമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കുട്ടികളും അദ്ധ്യാപകരും ഭയപ്പാടോടെയാണ് സ്‌കൂളില്‍ കഴിയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തുടങ്ങിയ റോഡ് നിര്‍മാണം ഏതാനും ദിവസങ്ങള്‍ക്കകം നിലച്ചു. ഉയര്‍ന്ന ഹമ്പ് നീക്കം ചെയുകയോ അനിവാര്യമായ സിഗ്‌നല്‍ ബോര്‍ഡുകളോ മുന്നറിയിപ്പുകളോ സ്ഥാപിക്കുകയും അശാസ്ത്രീയമായി നിര്‍മിച്ച റോഡിന്റെ ബാക്കിയുള്ള ഭാഗം കൂടി പൂര്‍ത്തിയാക്കി തിരുമുക്ക് മീനാട് ക്ഷേത്രം റോഡിന്റെ നിര്‍മാണം എത്രയുംവേഗം പൂര്‍ത്തിയാക്കണമെന്ന് ബിജെപി മീനാട് വാര്‍ഡ് കമ്മറ്റി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.