കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പദ്ധതി പ്രൊജക്ടുകളുടെ ഭാഗമായ നിര്‍മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാങ്കേതിക സഹായങ്ങള്‍ നല്കാന് പ്രത്യേക സംവിധാനം ആലോചിക്കുന്നതായി പ്രസിഡണ്ട് കെ.വി.സുമേഷ് അറിയിച്ചു. ജില്ലാതല വകുപ്പ് മേധാവികളുടെയും നിര്‍വഹണ ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമരാമത്ത് എഞ്ചിനീയറിങ്ങ്, ഇലക്ട്രിക്കല്‍ സാങ്കേതിക വിദഗ്ധരായ വിരമിച്ച ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള സഹായ സംവിധാനമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ വാര്‍ഷിക പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത കാണിക്കണം. പ്രൊജക്ടുകള്‍ രൂപീകരിക്കുന്ന ഘട്ടത്തില്‍ തന്നെ പ്രായോഗികത പരിശോധിച്ച് നടപ്പിലാക്കാനാവുന്നതാണെന്ന് ഉറപ്പാക്കണം. സാങ്കേതിക തടസ്സങ്ങള്‍ക്ക് സാധ്യതയുള്ളതാണെങ്കില്‍ അവ പരിഹരിച്ച് വേണം പ്രൊജക്ടുകള്‍ക്ക് അന്തിമ രൂപം നല്കാന്. അംഗീകരിച്ച പ്രൊജക്ടുകള്‍ ഭേദഗതി വരുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യേണ്ട സ്ഥിതി വരാതെ നോക്കണം. ഈ വര്‍ഷത്തെ പദ്ധതിയില്‍ ബഹുവര്‍ഷ പ്രൊജക്ടുകള്‍ അല്ലാതുളളവ സ്പില്‍ ഓവര്‍ ആകുന്ന നില ഒഴിവാക്കണമെന്നും പ്രസിഡണ്ട് നിര്‍ദേശിച്ചു.
പദ്ധതി പ്രവര്‍ത്തനം മികച്ച രീതിയില്‍ വിജയിപ്പിക്കാന്‍ ആസൂത്രണ-നിര്‍വഹണ ഘട്ടങ്ങളില്‍ കൃത്യമായ ഇടപെടല്‍ നിര്‍വഹണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ വി.കെ.സുരേഷ് ബാബു, കെ.പി.ജയബാലന്‍, ടി.ടി.റംല, കെ.ശോഭ, സെക്രട്ടറി എം.കെ.ശ്രീജിത്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: