സ്വാതന്ത്ര്യദിനം പ്രവൃത്തിദിനമാക്കണം: എന്‍ജിഒ സംഘ്

Friday 22 July 2016 10:41 pm IST

തിരുവനന്തപുരം: ദേശീയ പ്രധാന്യമുള്ള സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ദിനവും ഗാന്ധിജയന്തിയും പൊതു അവധി ഒഴിവാക്കി പ്രവര്‍ത്തിദിനമാക്കണമെന്ന് എന്‍ജിഒ സംഘ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യ ദിനത്തിനും റിപ്പബ്ലിക് ദിനത്തിനും എല്ലാ ജീവനക്കാരും ഓഫീസുകളില്‍ ഹാജരായി പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുക്കണമെന്നാണ് നിലവിലുള്ള ചട്ടം. എന്നാല്‍ ഇത്തരം ദിവസങ്ങള്‍ ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകളായി മാറിയിരിക്കുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ മിക്കവാറും വാച്ച്മാനേയോ, ഓഫീസ് അസിസ്റ്റന്റിനേയോ പതാക ഉയര്‍ത്തുന്ന ചുമതല ഏല്‍പ്പിച്ച ശേഷം ബാക്കിയുള്ളവര്‍ ഒരു പങ്കാളിത്തവും വഹിക്കാതെ വീട്ടിലിരുന്ന് അവധി ആഘോഷിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. ആചാര പൂര്‍വ്വം ഉയര്‍ത്തേണ്ട ദേശീയപതാക ചെറിയ മരക്കൊമ്പില്‍ കെട്ടിവയ്ക്കുന്ന രീതിയും തുടര്‍ന്നു വരുന്നു. ദേശീയ പതാക തലകീഴായി കെട്ടിവയ്ക്കുന്ന ഓഫീസുകളുമുണ്ട്. ഗാന്ധിജയന്തിദിനത്തില്‍ പൊതു സ്ഥലങ്ങളും കുളങ്ങളും ശുചീകരിച്ചുകൊണ്ട് വിദ്യാര്‍ത്ഥികളില്‍ ശുചിത്വബോധം സൃഷ്ടിക്കുവാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇതും ഒരു അവധിദിനമായി മാറിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയ സ്വച്ഛ്ഭാരത്മിഷന്‍ ഭാരതമാകെ ആവേശമായി മാറിക്കഴിഞ്ഞു. ഇത്തരത്തില്‍ ദേശീയ പ്രധാന്യമുള്ള ദിവസങ്ങളിലെ പൊതു അവധി ഒഴിവാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് പി.സുനില്‍കുമാര്‍, ജനറല്‍സെക്രട്ടറി കെ.പി.രാജേന്ദ്രന്‍, ട്രഷറര്‍ സി.സുരേഷ്‌കുമാര്‍, വൈസ്പ്രസിഡന്റ് എ.അനില്‍കുമാര്‍, സംസ്ഥാന സെക്രട്ടറി എസ്.കെ.ജയകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.