160 സ്ഥാപനങ്ങളില്‍ പരിശോധന: മൂന്നു സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

Saturday 23 July 2016 11:17 am IST

കോഴിക്കോട്: കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ 160 സ്ഥാപനങ്ങള്‍ പരിശോധിക്കുകയും ആരോഗ്യകരമല്ലാത്ത സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയെന്നും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അന്‍പത് വഴിയോര കച്ചവടക്കാരെ നീക്കം ചെയ്തിട്ടുണ്ട്. പിഴയിനത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി 21000 രൂപ ഈടാക്കിയിട്ടുണ്ട്. ലൈസ ന്‍സില്ലാതെ ഒരു കടപോലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷ്യ സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കടപ്പുറത്തെ തട്ടുകടകള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ഉന്തുവണ്ടി കച്ചവട തൊഴിലാളി യൂണിയനുകളുടെ യോഗം 26 ന് രാവിലെ പത്തര മണിക്ക് വിളിച്ചുചേര്‍ത്തിട്ടുണ്ട്. വഴിയോര കച്ചവടത്തിനുള്ള നിബന്ധനകള്‍ പൂര്‍ണമായും പാലിക്കണം. 2011 തെരുവു കച്ചവടക്കാരാണ് നഗരത്തിലുള്ളത്. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച എന്‍എല്‍യുഎം പദ്ധതി പ്രകാരം ഇവരെ പുനരധിവസിപ്പിക്കാനുള്ള സര്‍വേ പൂര്‍ത്തിയായിട്ടുണ്ട്. നഗരത്തിലെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ആരോഗ്യ സുരക്ഷ കാര്‍ഡുകള്‍ ഏര്‍പ്പെടുത്തും. നഗരത്തിലെ 18 സര്‍ക്കിളുകളിലായി പരിശോധന നിരന്തരം നടത്തും. കടകളില്‍ ഉപയോഗിക്കുന്ന ഐസ് ശുദ്ധമാണെന്ന് ഉറപ്പു വരുത്താന്‍ അവയുടെ ബില്ല് സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഭക്ഷണ സാധനങ്ങള്‍ ഭദ്രമായ രീതിയില്‍ അടച്ചു സൂക്ഷിക്കാനുള്ള സംവിധാനവും ഒരുക്കണം. രാത്രി കാലങ്ങളില്‍ പ്രത്യേക സ്‌ക്വാഡിന്റെ പരിശോധന പുനരാരംഭിക്കും. നഗരത്തില്‍ പ്ലാസ്റ്റിക് നിയന്ത്രിക്കാന്‍ അടിയന്തര നടപടികളെടുക്കും. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ഉപയോഗം തടയും. പ്ലാസ്റ്റിക് മാലിന്യം നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികളെ ക്കുറിച്ച് ആലോചിക്കാന്‍ 29ന് രാവിലെ 10.30ന് കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ടെന്ന് മേയര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ. വി. ബാബുരാജ്, ടി.വി. ലളിതപ്രഭ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.