ഭീംബേഡ്ക- ചരിത്രമുറങ്ങുന്ന ശിലാഗുഹകള്‍

Sunday 9 April 2017 5:07 pm IST

വിന്ധ്യപര്‍വതത്തിന്റെ താഴ്‌വാരത്തില്‍ കാണപ്പെടുന്ന ശിലായുഗ ഗുഹകളാണ് ഭീംബേഡ്ക ഗുഹകള്‍. ഭാരതത്തിന്റെ അതിപ്രാചീനമായ ചരിത്രത്തിന്റെ നേര്‍ സാക്ഷ്യമായി കരുതപ്പെടുന്ന ഭീംബേഡ്ക മധ്യപ്രദേശിലെ റായിസെന്‍ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. വനാന്തരത്തില്‍ ചരല്‍ക്കല്ലുകള്‍ നിറഞ്ഞ ഈ പ്രദേശത്ത് കണ്ടെത്തിയ ഗുഹകളിലെ ശിലാചിത്രങ്ങള്‍ ഭാരതത്തിലെ ആദിമനിവാസികളെക്കുറിച്ച് സൂചനകള്‍ നല്‍കുന്നു. പ്രാചീനശിലായുഗത്തിനും നവശിലായുഗത്തിനും മധ്യത്തിലുള്ള മെസോലിത്തിക് കാലഘട്ടത്തിലെ ശിലാചിത്രങ്ങളായാണ് ഇവ കണക്കാക്കപ്പെടുന്നത്. അക്കാലത്തെ ജനങ്ങളുടെ ജീവിതരീതിയുമായി സാമ്യമുള്ള ഈ ചിത്രങ്ങള്‍ നിഗൂഡമായ ചില തത്വങ്ങള്‍ സൂചിപ്പിക്കുന്നു എന്നും ചിലര്‍ വിശ്വസിക്കുന്നു. ചില ചിത്രങ്ങള്‍ക്ക് മുപ്പതിനായിരം വര്‍ഷത്തെ പഴക്കമുണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഈ ഗുഹകളില്‍ ചിലതില്‍ ഒരു ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹോമോഇറക്ടസുകള്‍ നിവസിച്ചിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഭീമന്റെ ഇരിപ്പിടം എന്ന അര്‍ത്ഥത്തിലാണ് ഭീംബേഡ്ക എന്ന പേര് ഈ പ്രദേശത്തിന് ലഭിച്ചിരിക്കുന്നത്. 1888 ല്‍ ഭീംബേഡ്കയെ ഒരു ബുദ്ധമതകേന്ദ്രമായി കരുതിയിരുന്നുവെങ്കിലും പിന്നീട് നടന്ന ഗവേഷണങ്ങളില്‍ ഈ പ്രദേശത്തിന്റെ ശിലായുഗബന്ധം വെളിപ്പെടുകയായിരുന്നു. 1957 ല്‍ വി. എസ്. വകങ്കറിന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തില്‍ പല തെളിവുകളും ലഭിച്ചു. ഗുഹാമനുഷ്യരുടെ ചിത്രങ്ങള്‍ക്കൊപ്പം പുരാണകഥാപാത്രങ്ങളെ സൂചിപ്പിക്കുന്ന ചിത്രങ്ങള്‍, അമ്പും വില്ലും ധരിച്ച് വേട്ട നടത്തുന്ന രംഗം, കുതിരസവാരിക്കാരുടെ ചിത്രം, ആനകള്‍, മയില്‍, പാമ്പ്, മാന്‍ എന്നീ മൃഗങ്ങളുടെ ചിത്രങ്ങള്‍ എന്നിവ കാണാം. ഇക്കൂട്ടത്തില്‍ ഭീമാകാരനായ കാട്ടുപന്നിയുടെ ചിത്രവും ശ്രദ്ധേയമാണ്. അക്കാലത്ത് അത്രയും വലിയ കാട്ടുപന്നി ഉണ്ടായിരിക്കാനുള്ള സാധ്യത അത് സൂചിപ്പിക്കുന്നു. ലഭ്യമായ അസ്ഥികൂടങ്ങളില്‍ നിന്നും മനുഷ്യരുടെ ഉയരം ഏഴു അടിയോളം ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അനേകം ചിത്രങ്ങള്‍ തേഞ്ഞു പോയിട്ടുണ്ട്. അവര്‍ നൃത്തം ചെയ്തിരുന്നു എന്ന് തെളിയിക്കുന്ന ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്. അത്തരം ഒന്നില്‍ ത്രിശൂലം ധരിച്ച നൃത്തം ചെയ്യുന്ന ഒരു പുരുഷന്റെം ചിത്രം പ്രാധാന്യമര്‍ഹി‍ക്കുന്നു. നടരാജനായ ശിവന്റെ ചിത്രമാണ് ഇതെന്നാണ് ഡോ. വകങ്കറിന്റെ അഭിപ്രായം. 2003 ല്‍ യുനെസ്കോ ഭീംബേഡ്കയെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റ് ആയി പ്രഖ്യാപിച്ചു. കൂടുതല്‍ ഗവേഷണം ഈ ഗുഹാകേന്ദ്രങ്ങളെ ആസ്പദമാക്കി നടക്കേണ്ടതുണ്ട്. ഭാരതത്തിന്‍റെ അറിയപ്പെടാത്ത ചരിത്രങ്ങള്‍ ഒരുപക്ഷേ ഈ ഗുഹാചിത്രങ്ങളില്‍ ഒളിച്ചിരിപ്പുണ്ടാകാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.