കൊച്ചി: ഹൈക്കോടതി പരിസരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അഭിഭാഷകര്‍ നടത്തിയ ആക്രമണം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്നും സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.ഇതു സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണം അതിന്റെ വഴിക്ക് നടക്കും.
മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിന് അഡ്വക്കേറ്റ് ജനറലിന്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മാധ്യമപ്രതിനിധികളുടെയും അഭിഭാഷകരുടെയും മൂന്ന് വീതം അംഗങ്ങള്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷങ്ങള്‍ ഇരുവിഭാഗങ്ങള്‍ക്കും ഏതെങ്കിലും വിധത്തില്‍ അഭിമാനിക്കാന്‍ കഴിയുന്നതല്ല. ഇത്തരം ഏറ്റുമുട്ടലുകള്‍ സമൂഹം അംഗീകരിക്കില്ല. ഇതെല്ലാം മനസിലാക്കി സൗഹൃദത്തിന്റെ അന്തരീക്ഷത്തില്‍ മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.പ്രശ്നം പരിഹരിക്കുന്നതിന് കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: