രാഹുല്‍മോന്‍

Saturday 23 July 2016 10:31 pm IST

കൊല്ലത്തെ എംഎല്‍എയും നടനുമായ മുകേഷിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയത് മണ്ഡലത്തിലെ യൂത്ത്‌കോണ്‍ഗ്രസുകാരാണ്. പരാതി സ്വീകരിച്ച എസ്‌ഐയെ മുകേഷിന്റെ പാര്‍ട്ടിക്കാര്‍ ഇടപെട്ട് അപ്പോള്‍ത്തന്നെ സ്ഥലം മാറ്റിക്കുകയും ചെയ്തു. ദോഷം പറയരുതല്ലോ തെരഞ്ഞെടുപ്പിനുശേഷം അന്നാദ്യമായി മുകേഷ് കാല്‍നടയായി കൊല്ലം പട്ടണത്തിലിറങ്ങി. കളക്‌ട്രേറ്റ് വളപ്പില്‍ ബോംബ്‌പൊട്ടിയപ്പോള്‍ പോലും സ്ഥലത്തെത്താത്ത എംഎല്‍എയാണ് പരാതിക്കാരെ പരിഹസിക്കാനായി പട്ടണം നടന്നുകണ്ടത്. കൊല്ലം തീരത്ത് വന്നടിഞ്ഞ കപ്പലും കണ്ട് കപ്പലണ്ടിയും കൊറിച്ച് നടന്‍ കോമഡി പറഞ്ഞു. പറയാന്‍ പോണത് കോമഡിയാണെന്നും കേട്ട് ചിരിച്ചോണം എന്നും മുന്നറിയിപ്പ് നല്‍കിയാണ് മുകേഷ് കോമഡി പറഞ്ഞത്. രാഹുല്‍ക്ലബില്‍ അംഗത്വം എടുക്കാന്‍ പോയതുകൊണ്ടായിരുന്നുവത്രെ തന്നെ മണ്ഡലത്തില്‍ ആരും കാണാതിരുന്നത്. ഇത്രയും മെനക്കെട്ട് പോയിട്ട് അംഗത്വം കിട്ടിയതുമില്ല. അവിടെ അംഗത്വം വേണമെങ്കില്‍ വീട്ടുകാരും നാട്ടുകാരും അറിയാതെ കുറഞ്ഞത് നാലഞ്ചുമാസമെങ്കിലും ഒളിച്ചുതാമസിക്കണമെന്ന് വ്യവസ്ഥയുണ്ടത്രെ. അതുകൊണ്ടാണ് താന്‍ അംഗത്വമെടുക്കാതെ മടങ്ങിപ്പോന്നതെന്നായിരുന്നു മുകേഷിന്റെ തമാശ. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പാവം മല്ലികാര്‍ജുന ഖാര്‍ഗെയും മറ്റും ഓരിയിട്ടുതിമിര്‍ക്കുമ്പോള്‍ താടിക്കുകൈയുംകൊടുത്ത് തലകീഴ്‌പോട്ടിട്ട് അഗാധനിദ്രയിലാണ്ടുപോയ കോണ്‍ഗ്രസിന്റെ യുവരാജാവ് സാക്ഷാല്‍ രാഹുല്‍ഗാന്ധിയെക്കുറിച്ചുതന്നെയാണ് മുകേഷ് കൊല്ലത്ത് കോമഡി പറഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പോടെ തനിയെ പെട്ടിയില്‍കയറിക്കിടപ്പായ പാര്‍ട്ടിയെ വല്ലവിധേനയും ഒന്ന് കുത്തിച്ചാരിനിര്‍ത്താന്‍ നേതാക്കന്മാര്‍ പെടാപ്പാടുപെടുമ്പോഴാണ് കോണ്‍ഗ്രസിന്റെ ശോഭനമായ ഭാവി ഇങ്ങനെ തലയുംകുത്തിക്കിടന്ന് ഉറങ്ങുന്നത്. ആ ആലസ്യം കണ്ടാല്‍ പെറ്റതള്ള സഹിക്കില്ലത്രെ.... സുപ്രീംകോടതി നേര്‍ക്കുനേരെനിന്ന് വിരട്ടിയതിന്റെ അടുത്തദിവസങ്ങളിലാണ് ഈ കാഴ്ച. വാസ്തവം പറഞ്ഞാല്‍ ഖദറിനുള്ളിലെ ജീവിതം രാഹുലിന് മടുത്തു. റിമോട്ടിലായിരുന്നെങ്കിലും നേരത്തെ വലിച്ചുകീറാനും കാറ്റില്‍പറത്താനും നോക്കിപ്പേടിപ്പിക്കാനുമൊക്കെ ആവുംവിധമൊരു പ്രധാനമന്ത്രി അടുക്കളപ്പുറത്തുതന്നെയുണ്ടായിരുന്നു. പ്രധാനമന്ത്രി ആവുന്നതിനേക്കാള്‍ സുഖമാണല്ലോ അമ്മാതിരി ഒരു പ്രധാനമന്ത്രിയെ വിരട്ടുന്ന ആളാവുന്നത്. അമ്മാതിരിയൊരു സുഖവാസകാലം മോഹിച്ച് കയറുംപൊട്ടിച്ച് നടക്കുന്നകാലത്താണ് മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ രാഹുല്‍ ആര്‍എസ്എസിന്റെ മെക്കിട്ടുകയറാന്‍ ഒരുമ്പെട്ടത്. മുതുമുത്തച്ഛന്‍ മുതല്‍ കുടുംബക്കാരൊന്നടങ്കം പറഞ്ഞുപഴകിയ പച്ചക്കള്ളം ഒരുളുപ്പുമില്ലാതെ വിളിച്ചുകൂവിയാണ് രാഹുല്‍ അരശുംമൂട്ടില്‍ അപ്പുക്കുട്ടനായത്. മഹാത്മാഗാന്ധിയെകൊന്നത് ആര്‍എസ്എസുകാരാണെന്നും അതിനുള്ള രേഖകള്‍ തന്റെ കൈവെള്ളയിലുണ്ടെന്നുമായിരുന്നു ബഡായി. രേഖകളെവിടെയെന്ന് നാട്ടുകാരും കോടതിയും ചോദിച്ചപ്പോല്‍ വിയറ്റ്‌നാംകോളനിയിലെ ശങ്കരാടിയുടെ പരുവത്തിലായി യുവരാജന്റെ കോലം. ആവേശം മൂത്ത് പലരും പറഞ്ഞ് വെടക്കായി മാപ്പുപറഞ്ഞ് തടിരക്ഷപ്പെടുത്തിയ ഒരു പതിവിനമാണ് പപ്പൂസ് ഭീവണ്ടിയില്‍ ഛര്‍ദ്ദിച്ചത്. മഹാത്മാഗാന്ധിയുടെ ആദര്‍ശത്തെയും ജീവിതത്തെയും വിറ്റ് കാശാക്കി, അദ്ദേഹത്തിന്റെ പേര് പോലും അടിച്ചുമാറ്റി രാഷ്ട്രീയ സുഖവാസം നയിച്ച ഒരു പാര്‍ട്ടിയുടെ നേതാവാണ് ഗാന്ധിവധം എന്ന കെട്ടുകഥ നീട്ടിപ്പാടുന്നത്. സംഗതി കോടതിയില്‍ കേസായി. മാനം വേണമെങ്കില്‍ ആര്‍എസ്എസിനോട് മാപ്പ് പറഞ്ഞേക്കാനായിരുന്നു കോടതിയുടെ ഉത്തരവ്. മാപ്പില്ലെങ്കില്‍ കോടതിമുറിക്കുള്ളില്‍കയറിനിന്ന് വിചാരണ നേരിടണമെന്ന് സുപ്രീംകോടതി രാഹുല്‍മോനെ ശാസിച്ചിരിക്കുന്നു. എല്ലാംകൂടി ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുന്ന പരുവത്തിലാണ് പാര്‍ലമെന്റിനുള്ളില്‍ സരിതാരാധ്യന്മാരായ വേണുഗോപാലിന്റെയും കൊടിക്കുന്നിലിന്റെയും ഒക്കെ ആക്രോശം. സാധാരണഗതിയില്‍ രാഹുല്‍മോനെ ഒന്നുഷാറാക്കാനാണ് മേല്‍പറഞ്ഞ നിലയവിദ്വാന്മാര്‍ പാര്‍ലമെന്റില്‍ ഒച്ചയിടാറുള്ളത്. മോന്‍ പ്രസംഗിക്കുമ്പോള്‍ പറയുന്ന ഓരോ വാക്കിനും അങ്ങേരുടെ മുഖത്തുനോക്കി ഇളിക്കുകയും ഡസ്‌കിലടിച്ച് ഒച്ചവെക്കുകയും ഒക്കെചെയ്യുന്ന പതിവുണ്ട് രണ്ട് മലയാളിമാമന്മാര്‍ക്കും. ഇക്കുറി മാമന്മാര്‍ ഇളകിയാടിയിട്ടും പപ്പുമോന്‍ തലയും കീഴ്‌പോട്ടിട്ട് ഉറങ്ങുകയായിരുന്നു. സംഭവം നാടാകെ പാട്ടായപ്പോഴാണ് ടണ്‍ കണക്കിന് ഫണ്‍ എന്നുപറഞ്ഞമാതിരി മാമന്മാരുടെ പാര്‍ട്ടി എമണ്ടന്‍ വിശദീകരണവുമായി രംഗത്തെത്തിയത്. തങ്ങളുടെ നേതാവ് ഉറങ്ങുകയായിരുന്നില്ലെന്നും അദ്ദേഹത്തിന് ഉറങ്ങാനേ അറിയില്ലെന്നും സദാസമയവും ചിന്തിക്കുകയാണെന്നും അത്തരത്തിലൊരു ചിന്തയുടെ ചിത്രമാണ് ജനങ്ങള്‍ കാണുന്നതെന്നുമായിരുന്നു പാര്‍ട്ടിയുടെ താത്വിക വിശദീകരണം. ഒന്നുകില്‍ മാപ്പുപറയുക അല്ലെങ്കില്‍ വിചാരണ നേരിടുക എന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശം വന്നയുടനെ രാഹുല്‍ മാപ്പ് പറയുന്ന പ്രശ്‌നമില്ലെന്ന് മാമന്മാര്‍ ഒറ്റസ്വരത്തില്‍ വിളിച്ചുപറഞ്ഞുകഴിഞ്ഞു. ആര്‍എസ്എസിനോട് മാപ്പ് പറഞ്ഞിട്ട് ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നാണ് അവരുടെ പക്ഷം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പാര്‍ലമെന്റിന്റെ ഒരു മൂലയിലൊതുങ്ങിയതിനുശേഷം അമ്മയും മോനും കോട്ടുവായിടാനല്ലാതെ വാതുറന്നിട്ടില്ല. പുറത്ത് എവിടെയെങ്കിലുംപോയി വല്ലതും വിളിച്ചുപറഞ്ഞാല്‍ അതെല്ലാം മണ്ടത്തരങ്ങളായി മാറുകയാണ് പതിവ്. കോളേജ് കാമ്പസുകള്‍ ബോക്‌സിങ് റിംഗുകളില്‍ വരെ മോദിയുടെ ആരാധകരാണ്. യുവാവാണ്, യുവരാജാവാണ്, ചെറുപ്പത്തിന്റെ പ്രതീകമാണ് എന്നൊക്കെ വെറുതെ പറഞ്ഞുനടന്നതുമാത്രം മിച്ചം. നാടെമ്പാടുമുള്ള ചെറുപ്പക്കാരെല്ലാം അറുപത് കഴിഞ്ഞ മോദിയുടെ ചെറുപ്പത്തിന് പിന്നാലെയാണ്. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ പിന്നെ എന്തിന് ഉറങ്ങാതിരിക്കണം എന്ന ഗാഢമായ ചിന്തയിലാണ് രാഹുല്‍മോന്‍ ഇത്ര വലിയ ബഹളത്തിനിടയിലും കൂര്‍ക്കംവലിക്കുന്നത്. ഇനി ആര്‍എസ്എസിനോട് മാപ്പ് പറയാതിരിക്കാന്‍ നാടുവിടുക എന്ന പതിവ് തന്ത്രം മാത്രമാണ് പോംവഴി. അടുത്ത വിനോദയാത്ര എവിടെവേണമെന്ന ആലോചനയിലാണ് ബ്രിട്ടീഷ് കമ്പനിയുടെ മുതലാളി. ഇമ്മാതിരി സുഖവാസത്തില്‍പൂതിമൂത്താണ് കൊല്ലത്തെ രാഹുല്‍ക്ലബുകാരന്റെ കറക്കം. എംഎല്‍എ ഷൂട്ടിങിലാണെന്ന് മറുപടി പറഞ്ഞ് കുഴഞ്ഞിരിക്കുകയാണ് പാര്‍ട്ടിക്കാര്‍. അതിനിടയിലാണ് കഴിഞ്ഞദിവസം അഞ്ചലില്‍ നടന്ന അഷറഫ് രക്തസാക്ഷിദിനത്തില്‍ പങ്കെടുക്കാതെ നടന്‍ നാടകം കാണാന്‍പെയെന്ന പരാതിയുമായി കുട്ടിസഖാക്കള്‍ രംഗത്തെത്തിയത്. പാര്‍ട്ടി ജില്ലാസെക്രട്ടറിയടക്കമുള്ളവരോട് തടിക്കാട് അഷറഫിന്റെ രക്തസാക്ഷിദിനത്തില്‍ പങ്കെടുത്തുകൊള്ളാമെന്ന് ഉറപ്പുകൊടുത്തതിനുശേഷമാണ് മഞ്ജുവാര്യര്‍ ശകുന്തളയായി നടിക്കുന്നത് തനിക്കുകണ്ടേ ഒക്കൂ എന്ന് കോമഡി പറഞ്ഞ് മുകേഷ് മുങ്ങിയത്. എന്‍ഡിഎഫുകാര്‍ കൊലപ്പെടുത്തിയ അഷറഫിന്റെ രക്തസാക്ഷിദിനാചരണം അലമ്പാക്കി മുങ്ങിയ എംഎല്‍എയ്‌ക്കെതിരെ നടപടി വേണമെന്ന പിടിവാശിയിലാണ് പാര്‍ട്ടിയിലെ ചെറുപ്പക്കാര്‍. പുതിയ ആളാണ്, പലതും പഠിച്ചുവരുന്നതേയുള്ളൂ, കുറച്ചൊക്കെ കണ്ടില്ലെന്നുനടിക്കണം എന്നൊക്കെയാണ് മുകേഷിനെക്കൊണ്ട് വലഞ്ഞ മൂത്ത സഖാക്കന്മാരുടെ സമാധാനം പറച്ചില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.