പൊതു സിവില്‍ നിയമം നടപ്പാക്കുകതന്നെ വേണം

Saturday 23 July 2016 10:29 pm IST

ഈയടുത്ത ദിവസം കേന്ദ്രസര്‍ക്കാര്‍ നിയമ കമ്മീഷനോട് പൊതുസിവില്‍ നിയമം നടപ്പാക്കുന്നതിനെപ്പറ്റി ആരാഞ്ഞ് അതിന്റെ സാദ്ധ്യതാ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ഇതിനെത്തുടര്‍ന്ന് കപടമതേതരകക്ഷികളും മുസ്ലിം മതമൗലികവാദികളും പ്രകോപനപരമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കയാണ്. ഹിന്ദു ആചാരാനുഷ്ഠാനങ്ങളോ, വ്യക്തിനിയമങ്ങളോ പൊതുസിവില്‍ നിയമത്തിന്റെപേരില്‍ ആരുടെയുംമേല്‍ അടിച്ചേല്‍പ്പിക്കണമെന്ന് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഒരവസരത്തിലും ആവശ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ജനങ്ങള്‍ക്ക് പൊതുവായ ഒരു നിയമക്രമം ഉണ്ടാകണമെന്ന് മതേതര ഭാരതം ശഠിക്കുന്നത് ഭരണഘടനയുടെ കല്‍പ്പന ഉള്‍ക്കൊള്ളുന്നതിനാലാണ്. ഭരണഘടനാ നിര്‍മ്മാണസഭയില്‍ ഡോ: അംബേദ്കറും ജവഹര്‍ലാല്‍ നെഹ്‌റുവും എല്ലാം ചേര്‍ന്ന് പാസാക്കിയെടുത്ത 44-ാം അനുഛേദം നടപ്പാക്കുന്നതിനെപ്പറ്റി ആലോചിക്കുന്നതുപോലും ചിലര്‍ കുറ്റകരമായി കാണുകയാണ്. ഈ അപകടകരമായ പോക്കില്‍ കോണ്‍ഗ്രസും ഇടതുകക്ഷികളും അണിചേര്‍ന്നിരിക്കുന്നു. ബ്രിട്ടീഷുകാരുടെ കാലംമുതല്‍ മതനിയമങ്ങള്‍ ഏകീകരിച്ച് പൊതുനിയമങ്ങള്‍ രൂപവല്‍ക്കരിച്ച ചരിത്രമുള്ള നാടാണ് നമ്മുടേത്. ഭാരതത്തില്‍ നിലവിലുള്ള ക്രിമിനല്‍ നിയമങ്ങള്‍ ശരീയത്തിന് അനുസരിച്ചുള്ളതല്ലെന്ന് മാത്രമല്ല പലതും അതിന്റെ നേരെ എതിര്‍ദിശയിലുള്ളതുമാണ്. മുന്‍കാലങ്ങളില്‍ ഇത്തരം മാറ്റങ്ങളെ ആരും എതിര്‍ക്കാറുണ്ടായിരുന്നില്ല. മുസ്ലിം വ്യക്തിനിയമത്തിലെ ഭൂരിപക്ഷം വ്യവസ്ഥകളും ഭാരതത്തില്‍ പൊതുനിയമങ്ങള്‍ക്കായി വഴിമാറിയിട്ടുമുണ്ട്. ഇത്തരം മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ മുസ്ലിം സമൂഹം തയ്യാറായിട്ടുണ്ടെങ്കിലും സ്വതന്ത്ര മതേതര ഭാരതത്തിലിപ്പോള്‍ മാറ്റങ്ങളെയെല്ലാം ഒരുവിഭാഗം മതശക്തികള്‍ എതിര്‍ക്കുകയാണ്. 44-ാം അനുഛേദമനുസരിച്ച് ഹിന്ദുകോഡ് ഹിന്ദുക്കള്‍ക്കായി നിര്‍ബന്ധപൂര്‍വ്വം ഏകീകരിച്ച ഭാരതത്തില്‍ മുസ്ലിംങ്ങള്‍ക്ക് ഇതൊന്നും പാടില്ലെന്ന് വാദിക്കുന്നവരുടെ മനസിലിരിപ്പ് നീതിപരമോ രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് ഗുണകരമോ അല്ല. മുസ്ലിം വ്യക്തിനിയമ ബോര്‍ഡും മറ്റും യോഗം ചേര്‍ന്ന് ശരീയത്ത് നിയമങ്ങളില്‍ സര്‍ക്കാരും കോടതികളും കൈകടത്താന്‍ പാടില്ലെന്ന് ആവശ്യപ്പെടുകയും പ്രകോപനപരമായി വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തിരിക്കയാണ്. മുസ്ലിം വ്യക്തിനിയമങ്ങളുടെ കാര്യത്തിലും അതിന്റെ വ്യാഖ്യാനത്തിലും ഭാരതത്തിലെ ഒരു കോടതിക്കും അധികാരപരിധിയില്ലെന്നും അതൊക്കെ നിശ്ചയിക്കേണ്ടത് ഇസ്ലാമിക പണ്ഡിതന്മാരമാണെന്ന പിന്തിരിപ്പന്‍ കാഴ്ചപ്പാടാണ് ഇക്കൂട്ടരുയര്‍ത്തുന്നത്. ഷബാനുബീഗം കേസ് മുതല്‍ ഇപ്പോഴത്തെ ഷയറാബാനു കേസില്‍വരെ ഒരു വിഭാഗം മുസ്ലിം പണ്ഡിതന്മാര്‍ ഇപ്രകാരം വാദിക്കുകയും ശരീയത്ത് കോടതികള്‍ സ്ഥാപിക്കുകയും ചെയ്യുന്നു. മതാധിഷ്ഠിതവ്യാഖ്യാനാവശ്യത്തെ നിരാകരിച്ചുകൊണ്ട് സുപീംകോടതി ഒട്ടേറെ വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതെല്ലാം പൊതുസിവില്‍ കോഡ് നടപ്പാക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നു. അതിന്റെയെല്ലാം കടയ്ക്കല്‍ കത്തിവെയ്ക്കാന്‍ വോട്ടുബാങ്ക് ലക്ഷ്യമിട്ട് കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് കക്ഷികള്‍ ഇത്തരം മതവാദക്കാര്‍ക്കൊപ്പം ഇറങ്ങിപ്പുറപ്പെട്ടിരിക്കയാണ്. തുല്യപരിഗണനയും തുല്യനീതിയുമെന്ന ഭാരത ഭരണഘടനയുടെ അടിസ്ഥാന സങ്കല്‍പ്പങ്ങളെ അട്ടിമറിച്ച് ലിംഗനീതി എന്ന ആശയത്തെ കീഴ്‌മേല്‍ മറിക്കുന്ന മതമൗലികവാദികള്‍ക്കൊപ്പം അവരുടെ കൂടാരങ്ങളില്‍ അഭയം തേടുന്ന കോണ്‍ഗ്രസ്-സിപിഎം നിലപാട് ദൗര്‍ഭാഗ്യകരവും സാമൂഹ്യനീതിക്ക് നിരക്കാത്തതുമാണ്. ഭാരത ഭരണഘടനയുടെ 44-ാം അനുഛേദത്തില്‍ ഇപ്രകാരം വ്യവസ്ഥ ചെയ്തിരിക്കുന്നു: ''ഭാരതത്തിന്റെ ഭൂപ്രദേശത്തൊട്ടാകെയുള്ള പൗരന്‍മാര്‍ക്കായി ഏകീകൃത രൂപമായ ഒരു സിവില്‍ നിയമസംഹിത ലഭ്യമാക്കുവാന്‍ രാഷ്ട്രം ശ്രമിക്കേണ്ടതാണ്.'' നിര്‍ഭാഗ്യവശാല്‍ അതിനുള്ള ശ്രമമോ ചുവടുവെയ്പ്പുകള്‍പോലുമോ ഇവിടെ ഉണ്ടായിട്ടില്ല. ഭരണഘടന നിലവില്‍വന്ന് ആറര പതിറ്റാണ്ടുകള്‍ക്കുശേഷവും ഈ മഹത്തായ ലക്ഷ്യത്തിനായുള്ള ഉദ്യമങ്ങള്‍ മുളച്ചില്ലെന്നു മാത്രമല്ല ഇതാവശ്യമെന്നു പറയുന്നവനെ വച്ചുപൊറുപ്പിക്കില്ലെന്ന നിലയില്‍ കാര്യങ്ങള്‍ വഷളാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ നിലനില്‍പ്പും പരമാധികാരവും ചോദ്യംചെയ്യുന്ന നിലയിലേക്കാണ് ചിലര്‍ കാര്യങ്ങളെകൊണ്ടുപോകുന്നത്. ഭരണഘടനാ നിര്‍മ്മാണ സഭ ഒന്നടങ്കമാണ് 44-ാം അനുഛേദം പാസ്സാക്കി നിയമമാക്കിയിട്ടുള്ളത്. എതിര്‍ത്ത് അവതരിപ്പിച്ച ഒരു മുസ്ലിം അംഗത്തിന്റെ ഭേദഗതി ബില്‍ ഡോ. അംബേദ്കറുടെ വിശദീകരണത്തെ തുടര്‍ന്ന് പിന്‍വലിക്കുകയാണുണ്ടായത്. ഭരണഘടനയുടെ നിര്‍ദ്ദേശക തത്വങ്ങളിലാണ് 44-ാം അനുഛേദം ഉള്‍പ്പെടുത്തിയത്. സുപ്രീംകോടതിതന്നെ നിര്‍ദ്ദേശകതത്വങ്ങള്‍ നടപ്പിലാക്കേണ്ട സുപ്രധാന കാര്യങ്ങളാണെന്ന് നിഷ്‌കര്‍ഷിച്ചുകൊണ്ട് വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഷബാനുബീഗം കേസ്, സരളാ മുദ്ഗല്‍ കേസ് ഉള്‍പ്പെടെ അരഡസനോളം കേസുകളില്‍ പൊതുസിവില്‍ നിയമം നടപ്പാക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. 1961 ല്‍ ഗോവയില്‍ പൊതു സിവില്‍ നിയമം നടപ്പാക്കിയിട്ടുണ്ട്. ലക്ഷദ്വീപില്‍ സ്വത്തുകാര്യത്തില്‍ മരുമക്കത്തായമാണ് മുസ്ലിങ്ങള്‍ക്ക് ബാധകമായിട്ടുള്ളത്. ഇതെല്ലാമായിട്ടും സിവില്‍കോഡിനെ വിവാദമാക്കി മുതലെടുക്കുന്നതിനപ്പുറം കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇക്കാര്യത്തില്‍ താല്‍പ്പര്യമില്ലെന്നതാണ് സത്യം. നമ്മുടെ രാജ്യത്ത് ക്രിമിനല്‍ നിയമങ്ങള്‍ മതങ്ങള്‍ക്കുപരി ഏകനിയമ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്. ആരും അക്കാര്യത്തില്‍ ശരീയത്ത് ആവശ്യപ്പെടുന്നില്ല. അങ്ങേയറ്റം വൈവിധ്യവും വൈരുധ്യവും നിലനിന്ന ഹിന്ദു ആചാരക്രമങ്ങള്‍ നിര്‍ബന്ധിച്ച് ഏകീകരിച്ച് ഹിന്ദു കോഡ് ഇവിടെ പാസ്സാക്കിയിരുന്നു. അത് പാസ്സാക്കുന്നതിനെ അന്നത്തെ രാഷ്ട്രപതിയും വിവിധ ഹൈന്ദവ നേതാക്കളും പരസ്യമായി എതിര്‍ത്തിട്ടുള്ളതാണ്. ആദ്യം ഹിന്ദുകോഡും പിന്നീട് മറ്റ് മതങ്ങളുടെ വ്യക്തി നിയമങ്ങളും ഏകീകരിക്കുമെന്നുള്ള ഉറപ്പ് അന്നത്തെ പ്രധാനമന്ത്രി രാഷ്ട്രത്തിന് നല്‍കിയിരുന്നതാണ്. എന്നാലിപ്പോള്‍ നെഹ്‌റുവിന്റെ കോണ്‍ഗ്രസ് തന്നെ മറുകണ്ടം ചാടിയിരിക്കുന്നു. സംഘടിത ന്യൂനപക്ഷ വോട്ടുകള്‍ക്കുവേണ്ടി കോണ്‍ഗ്രസ് ഏകീകൃത സിവില്‍ കോഡ് എന്ന ആശയത്തെ അട്ടിമറിക്കയാണുണ്ടായിട്ടുള്ളത്. മുസ്ലിംജനസാമാന്യത്തെ കപടമതേതര പാര്‍ട്ടികളും മതമൗലികവാദികളും ചേര്‍ന്ന് തെറ്റിദ്ധരിപ്പിക്കുകയും മുതലെടുക്കുകയുമാണ്. രാജ്യത്തിന്റെ ഉദ്ഗ്രഥനത്തിനും ഏതകയ്ക്കും നീതിയുടെ നിലനില്‍പ്പിനുംവേണ്ടി ഒരു പൊതു സിവില്‍ കോഡ് ഭാരതത്തില്‍ ആവശ്യമാണ്. ഹിന്ദു കോഡ് മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല. സിവില്‍ കോഡ് നടപ്പാക്കാന്‍ കോടതി വിധികള്‍ക്കാവില്ല. അതിനായി നിയമ നിര്‍മ്മാണമാണുവേണ്ടത്. പാര്‍ലമെന്റിലും മറ്റ് സഭകളിലും ഈ ആവശ്യത്തിനായി ഭരണകക്ഷിയെ സഹായിക്കാനുള്ള ബാദ്ധ്യത കോണ്‍ഗ്രസ്-സിപിഎം കക്ഷികള്‍ക്കുണ്ട്. തുര്‍ക്കി എന്ന മുസ്ലിം ഭൂരിപക്ഷ രാജ്യവും, നേപ്പാള്‍ എന്ന ഹിന്ദുരാജ്യവും, ഇസ്രയേല്‍ എന്ന യഹൂദ നാടും മതാധിഷ്ഠിത വ്യക്തി നിയമങ്ങള്‍ക്കുപകരം പൊതുസിവില്‍ നിയമത്തെ സ്വീകരിച്ചിട്ടുണ്ട്. ഭാരതവും അതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കേണ്ടിയിരിക്കുന്നു. ഇസ്ലാമിക രാഷ്ട്രങ്ങളായ ഇറാന്‍, സിറിയ, ഇറാക്ക് തുടങ്ങിയ രാജ്യങ്ങള്‍ ശരീയത്ത് നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റംവരുത്താന്‍ തയ്യാറായിട്ടുണ്ട്. പാകിസ്ഥാനിലും ബംഗ്ലാദേശിലും ബഹുഭാര്യത്വം നടപ്പാക്കാന്‍ ചില വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മതാതീത തുല്യനീതിക്കായുള്ള പൗരന്റെ അവകാശം അലംഘനീയമായ ഒരു ഭരണഘടനാ കല്‍പ്പനയെന്നു കരുതപ്പെടുന്ന നാടാണ് നമ്മുടേത്. ഭരണഘടനയുടെ 14-ാം അനുഛേദം അനുസരിച്ച് ഭാരതത്തില്‍ യാതൊരാള്‍ക്കും നിയമത്തിന്റെ മുമ്പാകെ സമത്വമോ നിയമ സംരക്ഷണമോ നിഷേധിക്കാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുന്നു. രാഷ്ട്രനിര്‍മ്മിതിയില്‍ മനുഷ്യജീവിതത്തെ രൂപപ്പെടുത്തുന്ന സാമൂഹിക സാമ്പത്തിക രാഷ്ട്രീയ വികസന മേഖലകളില്‍ മതജാതിവര്‍ഗദേശഭാഷാ വിവേചനങ്ങള്‍ മാനദണ്ഡമായിക്കൂടെന്ന കാഴ്ചപ്പാടാണ് ഭരണഘടനയ്ക്കുള്ളത്. ഭരണഘടന ഉദ്‌ഘോഷിക്കുന്ന ലിംഗനീതിയും തുല്യനീതിയും അടിസ്ഥാനഘടകങ്ങളെന്ന നിലയില്‍ മാറ്റാന്‍ ആര്‍ക്കും അവകാശമില്ലാത്തതുമാണ്. ലിംഗവിവേചനത്തിനെതിരെ ശക്തമായ പരസ്യ നിലപാട് പ്രഖ്യാപിച്ചിട്ടുള്ള രാജ്യമാണ് ഭാരതം. എന്നിട്ടും കുടുംബസ്വത്തില്‍ പുരുഷനുള്ളതിന്റെ പകുതി സ്വത്തിനു മാത്രമേ സ്ത്രീക്ക് അവകാശമുള്ളൂ എന്ന നിയമം നിലനിര്‍ത്തണമെന്ന് ഇസ്സാം മതത്തിലെ ഭൂരിപക്ഷം മതനേതാക്കന്മാരും മതേതരത്തിന്റെ അപ്പോസ്തലന്‍മാരെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ നേതാക്കന്മാരും ശഠിക്കുന്നു. വിവാഹ ജീവിതം മുള്‍ക്കിരീടമാവുമ്പോള്‍ സ്ത്രീയ്ക്ക് ബന്ധം വേര്‍പെടുത്തുക പെട്ടെന്ന് സാദ്ധ്യമല്ല. എന്നാല്‍ വിവാഹം ചെയ്ത പെണ്ണിനെ കാരണം തെളിയിക്കാതെ ഒറ്റയിരുപ്പില്‍ മൂന്നുതവണ മൊഴിചൊല്ലി ഒഴിവാക്കാന്‍ മുസ്ലിം പുരുഷന് അവകാശമുണ്ട്. എന്നാല്‍ ഭാര്യയ്ക്ക് ഭര്‍ത്താവിനെ അങ്ങനെ ചെയ്യാന്‍ അനുവാദമില്ല. ദാമ്പത്യജീവിതത്തില്‍ പുരുഷന്‍ മരിച്ചാല്‍ ജീവിത പങ്കാളിയായ സ്ത്രീയ്ക്ക് തുല്യ ഓഹരിക്കവകാശമില്ല, മറിച്ച് ചെറിയ ഒരുഭാഗം മാത്രമേ പിന്തുടര്‍ച്ച സ്വത്തായി ലഭിക്കുകയുള്ളൂ. എന്നാല്‍ സ്ത്രീയാണു ഇതേപോലെ മരിക്കുന്നതെങ്കില്‍ അവളുടെ സമ്പാദ്യത്തിന്റെ പകുതി പുരുഷന് ലഭിക്കുന്നു. ഭരണഘടന ഉദ്ഘാഷിക്കുന്ന തുല്യനീതിയും ലിംഗനീതിയും കുഴിച്ചുമൂടപ്പെടുന്ന ഈ ദുരവസ്ഥ സംരക്ഷിക്കാനാണ് ശരീയത്ത് ഉദ്ധരിച്ചുകൊണ്ട് മതാചാര കുടുംബ നിയമങ്ങളുടെ വക്താക്കള്‍ ശ്രമിക്കുന്നത്. മതം എന്നതിന് കേവലം അഭിപ്രായം എന്നര്‍ത്ഥം നല്‍കിയ ചരിത്രമാണ് ഭാരതത്തിനുള്ളത്. ഭാസ്സില്‍ രതികണ്ടെത്തുന്ന സംസ്‌കാരമുള്ളവരാണ് നമ്മുടെ പൂര്‍വ്വികര്‍. വെളിച്ചത്തില്‍ ആനന്ദിക്കുന്നതിനുപകരം തല്ലിക്കെടുത്താന്‍ പഠിപ്പിക്കയല്ല വേണ്ടത്. സര്‍വ്വധര്‍മ്മ സമഭാവം അടിസ്ഥാനമാക്കി സാമൂഹ്യ സംരചന നടത്തിയ ചരിത്രമുള്ള ഒരു നാട്ടില്‍ സഖാവ് ലെനിന്‍ സോവിയറ്റ് യൂണിയനില്‍ നടപ്പാക്കിയ ബ്രാന്‍ഡ് മതേതരത്വമല്ല നടപ്പാക്കപ്പെടേണ്ടിയിരുന്നത്. മതനിഷേധത്തിനുപകരം എല്ലാ മതങ്ങളേയും ധര്‍മ്മാധിപത്യ സമൂഹസൃഷ്ടിക്കുള്ള ഇന്ധനമെന്ന നിലയില്‍ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഭാവാത്മക മതേതരത്വമാണ് സ്വതന്ത്രഭാരതം പിന്തുടരേണ്ടിയിരുന്നത്. ബ്രിട്ടീഷുകാരുടെ ആഗമന ശേഷമാണ് ഹിന്ദു എന്ന സംജ്ഞ മതമെന്ന ആശയത്തില്‍ ഒതുക്കിയത്. വൈവിധ്യത്തിലൂന്നിയ ഭാരതീയ ജനസമൂഹത്തില്‍ ജനജീവിതം വൈരുദ്ധ്യമാകാതിരിക്കാന്‍ ജനമനസ്സുകളെ ഏകീകരിക്കയാണുവേണ്ടത്. പൊതുസിവില്‍ കോഡ് ഏകതയെ ദൃഢമാക്കാന്‍ സഹായകമാണ്. തുല്യനീതിക്കും സാമൂഹ്യനീതിക്കും വേണ്ടിയുള്ള മനുഷ്യന്റെ മോഹത്തെ അത് സഹായിക്കും. സൗമ്യമായി ശാന്തമായി പൊതുസിവില്‍ നിയമം നടപ്പാക്കാന്‍ കൂട്ടായശ്രമം ഉണ്ടാവുകതന്നെ വേണം. ഇതിനായി സമസ്ത ഭാരതീയരുടെയും ഉള്‍തുടിപ്പുകളും വിശ്വാസപ്രമാണങ്ങളും ആചാരാനുഷ്ഠാനങ്ങളും കണക്കിലെടുക്കേണ്ടിയിരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.