ഹൗസ് ബോട്ട് ടൂറിസത്തിന് 25 വയസ്സ്

Saturday 23 July 2016 10:47 pm IST

ആലപ്പുഴ: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിലെ വികസനത്തിന് വന്‍കുതിപ്പ് പകര്‍ന്ന ഹൗസ്‌ബോട്ട് ടൂറിസത്തിന് 25 വയസ്സാകുന്നു. കേരളത്തിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ ഏറ്റവും പ്രധാന ആകര്‍ഷണമാണ് കായല്‍ടൂറിസവും ഹൗസ് ബോട്ടിലെ സഞ്ചാരവും. 25 ആണ്ട് പിന്നിടുമ്പോള്‍ ഈ മേഖല കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. അനാരോഗ്യകരമായ മത്സരവും മലിനീകരണവുമാണ് പ്രധാന പ്രശ്‌നം. ആലപ്പുഴയാണ് കായല്‍ ടൂറിസത്തിന്റെ പ്രത്യേകിച്ച് ഹൗസ് ബോട്ട് മേഖലയുടെ തലസ്ഥാനം. പഴയ കെട്ടുവള്ളങ്ങളാണ് ഹൗസ്‌ബോട്ടുകളായി രൂപാന്തരപ്പെട്ടത്. പിന്നീട് ഭാവപകര്‍ച്ചയിലൂടെ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഒഴുകുന്ന കൊട്ടാരങ്ങള്‍ വരെയായി ഹൗസ് ബോട്ടുകള്‍ ആധുനിക കാലത്തുമാറി. ഇന്ന് ഹൗസ്‌ബോട്ടുകള്‍ മറ്റു ജില്ലകളിലേക്കും അയല്‍ സംസ്ഥാനങ്ങളിലേക്കും വരെ ചേക്കേറിത്തുടങ്ങി. ആലപ്പുഴ നഗരത്തിലെ കനാലുകളില്‍ പണ്ടുകാലത്ത് കൊപ്രയും മറ്റു സാധനങ്ങളും ശേഖരിച്ചിരുന്ന കെട്ടുവള്ളങ്ങളാണ് പിന്നീട് ഹൗസ്‌ബോട്ടുകളായി മാറിയത്. കശ്മീരിലെ ശിക്കാരവള്ളങ്ങളുടെ രൂപവും ഇതിന് പ്രചോദനമായി മാറിയെന്ന് പറയപ്പെടുന്നു. നൂറുകണക്കിന് ശിക്കാര വള്ളങ്ങളും ഇന്ന് ആലപ്പുഴയിലെ കായല്‍ വിനോദ സഞ്ചാരമേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ ആരാണ് ആദ്യം ഹൗസ്‌ബോട്ട് രംഗത്തിറക്കിയതെന്ന കാര്യത്തില്‍ രജതജൂബിലി വര്‍ഷത്തിലും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തമ്മില്‍ ഭിന്നത തുടരുകയാണ്. എടിഡിസിയുടെ ടി.ജി. രഘു, ടൂര്‍ ഇന്ത്യയുടെ ബാബു വര്‍ഗീസ് എന്നിവരെ ചുറ്റിപ്പറ്റിയാണ് തര്‍ക്കം നിലനില്‍ക്കുന്നത്. 1991 നവംബറില്‍ തന്റെ ഹൗസ്‌ബോട്ട് സഞ്ചാരികളുമായി യാത്രനടത്തിയതിന്റെ തെളിവ് രഘു ഹാജരാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൗസ്‌ബോട്ട് ടൂറിസത്തിന്റെ രജതജൂബിലി ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍. ടോമി പുലിക്കാട്ടില്‍ എന്ന വ്യവസായിയാണ് ഈ മേഖലയിലെ ആധുനികവത്കരണത്തിന് തുടക്കം കുറിച്ചത്. ഇന്ന് ഇരുനിലയിലുള്ളവയും നൂറുകണക്കിന് ആളുകള്‍ക്ക് പങ്കെടുക്കാവുന്ന വിശാലമായ കോണ്‍ഫറന്‍സ് ഹാള്‍ സൗകര്യങ്ങളുള്ള ഹൗസ്‌ബോട്ടുകളും നിരവധിയാണ്. ആഡംബരങ്ങള്‍ക്കും ഒട്ടും കുറവില്ല. ആയിരത്തിലേറെ ഹൗസ്‌ബോട്ടുകളാണ് ആലപ്പുഴയില്‍ മാത്രം പ്രവര്‍ത്തിക്കുന്നത്. സിനിമാ താരങ്ങളും വന്‍ വ്യവസായികളുമൊക്കെ ഹൗസ് ബോട്ടുകളുടെ ഉടമകളായുണ്ട്. ആയിരങ്ങളും പതിനായിരങ്ങളുമാണ് ഒരു രാത്രിയും പകലും ചെലവഴിക്കുന്നതിന് സഞ്ചാരികളില്‍ നിന്ന് ഹൗസ് ബോട്ടുകാര്‍ ഈടാക്കുന്നത്. കോടികളുടെ നികുതി വരുമാനമാണ് ഈ മേഖലയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്നത്. എന്നാല്‍ ഇതിനനുസരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. അനാരോഗ്യകരമായ മത്സരവും സംഘര്‍ഷവും ഈ മേഖലയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. ഇതുകൂടാതെ രൂക്ഷമായ ജലമലിനീകരണവും പ്രശ്‌നമാണ്. ആര്‍ക്കും വരാം എത്രനാള്‍ വേണമെങ്കിലും കഴിയാം എന്ന അവസ്ഥയുള്ളതിനാല്‍ സുരക്ഷാ ഭീഷണിയും ഉയര്‍ത്തുന്നു. തീപ്പിടുത്തം, യാത്രക്കാര്‍ വെള്ളത്തില്‍ വീണ് മരിക്കുന്നത് അടക്കമുള്ള അപകടങ്ങള്‍ വര്‍ദ്ധിച്ചതും തിരിച്ചടിയായി. അയല്‍സംസ്ഥാനങ്ങളും ശ്രീലങ്കയടക്കമുള്ള രാജ്യങ്ങളും കായല്‍ ടൂറിസം രംഗത്ത് സജീവമാകുന്നത് കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് ഭീഷണിയാണ്. എങ്കിലും പ്രകൃതിഭംഗിയും കുട്ടനാടും സാംസ്‌കാരിക കേന്ദ്രങ്ങളുമൊക്കെ ആലപ്പുഴയുടെ മാത്രം പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ഇവിടേക്ക് സഞ്ചാരികള്‍ കൂടുതലായി ഒഴുകിയെത്തുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.