ഐഎസ്: ഖുറേഷിയുടെ സഹായിയും അറസ്റ്റില്‍

Sunday 24 July 2016 9:52 am IST

കൊച്ചി: മലയാളികളടക്കമുള്ളവരെ ഐഎസില്‍ ചേരാന്‍ നിര്‍ബന്ധിച്ച കേസില്‍ അറസ്റ്റിലായ ആര്‍ഷി ഖുറേഷിയുടെ സഹായിയായ ഒരാളെക്കൂടി മഹാരാഷ്ട്രാ ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ സഹായത്തോടെ കേരള പോലീസ് അറ്‌സറ്റ് ചെയ്തു. റിസ്വാന്‍ ഖാന്‍ എന്നായാളെയാണ് ഇന്നലെ മുംബൈയില്‍ നിന്ന് അറ്റസ്റ്റ് ചെയ്തത്. ഖുറേഷിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് റിസ്വാന്‍ ഖാനെ കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ മുംബൈയിലെ കല്യാണില്‍ നിന്നും ഇയാളെ പിടികൂടുകയായിരുന്നു. ആലുവ ഡിവൈഎസ്പി: വൈ. ആര്‍. റസ്തമാണ് മുംബൈയിലുള്ള കേരള പോലീസ് സംഘത്തലവന്‍. ഇരുവരെയും മുംബൈയില്‍ ചോദ്യം ചെയ്ത് വരികയാണ്. ഐഎസുമായി നേരിട്ട് ബന്ധമുള്ളതായി ചോദ്യം ചെയ്യലില്‍ സൂചന ലഭിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ കേരളത്തില്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോയിലെയും എന്‍ഐഎയിലെയും ഉന്നത ഉദ്യോഗസ്ഥര്‍ മുംബൈയില്‍ ഇവരെ ചോദ്യം ചെയ്‌തേക്കും. ഐഎസിലേക്ക് യുവതി യുവാക്കളെ റിക്രൂട്ട്‌ചെയ്യുന്നവരില്‍ പ്രധാനിയാണ് റിസ്വാന്‍ ഖാന്‍ എന്നാണ് സൂചന. ഇയാള്‍ മലയാളിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനിലെ മൂന്ന് പേര്‍ കൂടി പൊലീസ് നിരീക്ഷണത്തിലാണ്. കേരളത്തിലെ മൂന്നു സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. രാജ്യത്ത് നൂറുക്കണക്കിന് പേരെ സാക്കീര്‍ നായിക്കിന്റെ സ്ഥാപനത്തില്‍ കൊണ്ടുവന്ന് മതപരിവര്‍ത്തനം നടത്തിയെന്നും വ്യക്തമായിട്ടുണ്ട്. മതപരിവര്‍ത്തനത്തിനായി യുവതി യുവാക്കളെ ആകര്‍ഷിക്കുന്നതിനായി വന്‍ ശ്യംഖല തന്നെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നതായി അറിയുന്നു. ലൗജിഹാദ് ഉള്‍പ്പടെയുള്ള ഇതര മാര്‍ഗ്ഗങ്ങളിലൂടെയാണ് ഇവര്‍ മതപരിവര്‍ത്തനം നടത്തിയിരുന്നത്. ഇരുവര്‍ക്കും മതതീവ്രവാദ പ്രഭാഷകന്‍ സക്കീര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമായും ഭകീര പ്രവര്‍ത്തനങ്ങളുമായും ബന്ധമുണ്ടെന്ന് വ്യക്തമായി. ഫൗണ്ടേഷനുമായി സഹകരിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. മതപരിവര്‍ത്തനത്തില്‍ അര്‍ഷി ഖുറേഷിക്ക് ബന്ധമുള്ളതായി വ്യക്തമായ തെളിവുകളാണ് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുള്ളത്. നിരവധി തവണ ഖുറേഷി കേരളത്തില്‍ എത്തിയിരുന്നു. മത പഠനത്തിനും മത പരിവര്‍ത്തനത്തിനും നേതൃത്വം നല്‍കിയിട്ടുള്ള ഖുറേഷി ഇന്റലിജന്‍സ് വൃത്തങ്ങളുടെ ശ്രദ്ധയില്‍പ്പെടാതിരുന്നതിന്റെ കാരണവും അന്വേഷിക്കും. ഇവര്‍ക്ക് കേരളത്തിലെ ഉദ്യോഗസ്ഥരില്‍ നിന്നോ മറ്റ് സംഘടനകളില്‍ നിന്നോ സഹായം ലഭിച്ചിട്ടുണ്ടോയെന്നതും പരിശോധിച്ചുവരികയാണ്. തമ്മനം സ്വദേശിനി മെറിന്‍ എന്ന മറിയത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് മെറിന്റെ സഹോദരന്‍ എബിന്‍ ജേക്കബ് പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയത്. മെറിന്റെ ഭര്‍ത്താവ് പാലക്കാട് സ്വദേശി യഹിയ, മുംബൈയിലെ മതപണ്ഡിതന്‍ ഖുറേഷി എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിനും നിര്‍ബന്ധിച്ച് മതംമാറ്റുന്നതിനും ശ്രമിച്ചുവെന്ന കുറ്റത്തിനാണ് കേരള പോലീസ് ഖുറേഷിയെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തത്്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.