സൈനികര്‍ക്കായി പ്രാര്‍ത്ഥനയോടെ രണ്ട് ഗ്രാമങ്ങള്‍

Saturday 23 July 2016 11:39 pm IST

കാണാതായ  വിമല്‍,കാണാതായ വ്യോമസേനാ വിമാനത്തില്‍ ഉണ്ടായിരുന്ന സജീവന്‍ ഭാര്യ ജസിത, മകള്‍ ദിയ എന്നിവര്‍ക്കൊപ്പം

കോഴിക്കോട്: കാണാതായ വ്യോമസേനാ വിമാനത്തിലെ സൈനികരായ വിമലിനെയും സജീവ്കുമാറിനെയും കാത്ത് രണ്ട് ഗ്രാമങ്ങള്‍ മുഴുവനും. കക്കോടിക്കടുത്ത് മക്കട കോട്ടൂപാടം ചെറിയാറമ്പത്ത് പരേതനായ വാസുനായരുടെയും പത്മജയുടെയും മകനായ വിമല്‍ (30), കാക്കൂര്‍ നെല്ലിക്കുന്നുമ്മല്‍ തട്ടൂര്‍ അപ്പു നിവാസില്‍ രാജന്റെയും ചന്ദ്രമതിയുടെയും മകന്‍ സജീവ്കുമാര്‍ (38) എന്നിവരടക്കം 29 പേരടങ്ങുന്ന സംഘം യാത്രചെയ്ത വ്യോമസേനാ വിമാനമാണ് വെള്ളിയാഴ്ച കാണാതായത്.

കഴിഞ്ഞദിവസം ചെന്നൈ താമ്പരത്ത് നിന്നും പോര്‍ട്ട്‌ബ്ലെയറിലേക്ക് പറന്ന വ്യോമസേനയുടെ എന്‍ 32 വിമാനത്തിലായിരുന്നു ഇരുവരും.
നാട്ടുകാര്‍ക്ക് പ്രിയങ്കരനാണ് കുഞ്ഞുണ്ണിയെന്ന വിളിപ്പേരിലറിയപ്പെടുന്ന വിമല്‍. 12 വര്‍ഷം മുമ്പ് ശിപായിയായി സൈനിക സേവനമനുഷ്ഠിച്ചു തുടങ്ങിയ വിമല്‍ മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പില്‍ ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയിലാണിപ്പോള്‍. കഴിഞ്ഞ മാസമാണ് ഇദ്ദേഹത്തിന് പ്രമോഷന്‍ കിട്ടിയത്. രണ്ടുമാസം മുമ്പാണ് ഭാര്യ രേഷ്മയെ വീട്ടിലാക്കി വിമല്‍ പോര്‍ട്ട്ബ്‌ളെയറിലേക്ക് തിരിച്ചത്. രണ്ട് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.

കോട്ടൂപാടത്തെ യുവാക്കള്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും ഏറെ പ്രിയങ്കരനാണ് വിമല്‍. ഫുട്‌ബോള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന വിമല്‍ ഫുട്‌ബോള്‍ പരിശീലനത്തിനും നാട്ടില്‍ നേതൃത്വം കൊടുത്തിരുന്നു.
കുരുവട്ടൂരില്‍ നിന്നും താമസം മാറ്റിയ കണ്ണങ്കണ്ടാരി രാജന്റെയും ചന്ദ്രന്റെയും രണ്ടാമത്തെ മകനാണ് സജീവ്. 17 വര്‍ഷമായി സജീവ് സേനയില്‍ ചേര്‍ന്നിട്ട്. കവരത്തിയില്‍ ഹോട്ടല്‍ നടത്തിയിരുന്ന രാജന്‍ നാട്ടിലേക്ക് തിരിച്ചുപോരുകയായിരുന്നു. കവരത്തിയില്‍ വെച്ചാണ് സജീവ് വ്യോമസേനയില്‍ ചേര്‍ന്നത്.

കൂട്ടാലിട സ്വദേശിയായ ജിജിഷയാണ് ഭാര്യ. ആറ് വയസായ ദിയക്കൊപ്പം കുടുംബസമേതം പോര്‍ട്ട്ബ്‌ളെയറിലാണ് ഇവര്‍ താമസിക്കുന്നത്. ഒന്നരമാസം മുമ്പ് വൃക്കയിലെ കല്ല് നീക്കംചെയ്യാനായി സജീവ് ബെഗംളൂരിലെത്തിയിരുന്നു. എന്നാല്‍ ലീവ് കുറവായതിനാല്‍ വീട്ടിലേക്ക് വരാതെ തിരിച്ചുപോവുകയായിരുന്നു. സജീവിന്റെ മൂത്ത സഹോദരന്‍ രാജീവ് സേനയില്‍ സേവനമനുഷ്ഠിച്ചിരുന്നു. സജീവന്റെ അനുജന്‍ അജി നാവികസേനാ കാന്റീനില്‍ ജോലി ചെയ്യുകയാണ്.

സംഭവം അറിഞ്ഞതോടെ വീട്ടില്‍ മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധിപേര്‍ എത്തികൊണ്ടിരിക്കുകയാണ്. മന്ത്രി ഏ.കെ ശശീന്ദ്രന്‍, എം.കെ രാഘവന്‍ എം.പി, ബിജെപി ഉത്തരമേഖല പ്രസിഡണ്ട് വി.വി രാജന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട്് അഡ്വ. കെ.പി പ്രകാശ്ബാബു, തുടങ്ങിയവര്‍ വീട്ടിലെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.