വയനാട് കാലാവസ്ഥാ വ്യതിയാനത്തിലേക്ക്

Sunday 24 July 2016 8:49 pm IST

കല്‍പ്പറ്റ: വയനാട് വന്‍ കാലാവസ്ഥാ വ്യതിയാനത്തിലേക്ക്. ഈ വര്‍ഷം വയനാട്ടില്‍ 35 ശതമാനം മഴക്കുറവുണ്ട്. മണ്‍സൂണ്‍കാലത്ത് കേരളത്തില്‍ ഏറ്റവും കുറവ് മഴ ലഭിച്ച ജില്ലയും വയനാടാണ്. 2016 ജനുവരി മുതല്‍ ജൂലൈ 24 വരെ വയനാട്ടില്‍ ലഭിച്ചത് 982 മില്ലീമീറ്റര്‍ മഴയാണ്. ഇക്കാലയളവില്‍ ലഭിക്കേണ്ട ശരാശരി മഴ 1400 മില്ലിമീറ്ററാണ്. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് കാലവര്‍ഷം ശക്തമാകേണ്ടത്. ജുലൈ അവസാനമായതോടെ ഇനി മണ്‍സൂണ്‍ മഴ കാര്യമായി പ്രതീക്ഷിക്കേണ്ടതില്ല. ഇടമുറിയാതെ മഴ ലഭിക്കേണ്ട തിരുവാതിര ഞാറ്റുവേല ഇത്തവണ തീര്‍ത്തും ദുര്‍ബലമായിരുന്നു വയനാട്ടില്‍. ഇത് കനത്ത തിരിച്ചടിയായിരിക്കുന്നത് നെല്ല്, കുരുമുളക് കൃഷികള്‍ക്കാണ്. ഞാറ്റുവേല സമയത്ത് തുടര്‍ച്ചയായി മഴ പെയ്താലേ കുരുമുളക് ചെടികളില്‍ പരാഗണം നടക്കുകയുള്ളു. മഴ പെയ്യാത്തത് ഉല്‍പാദനക്കുറവിന് കാരണമാകും. നെല്‍വയലുകള്‍ ഉഴുത് പാകമാക്കണമെങ്കിലും മഴക്കാലം സമൃദ്ധമാകണം. കാലവര്‍ഷം ദുര്‍ബലമായത് വരുംവര്‍ഷം വയനാടന്‍ സമ്പദ് വ്യവസ്ഥയില്‍ പ്രതിഫലിക്കും. 2015 ല്‍ വയനാട്ടില്‍ 1800 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ആ വര്‍ഷം ജനുവരി മുതല്‍ ജൂലെ 21 വരെയുള്ള കാലയളവില്‍ 1340 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. 2014ല്‍ മൊത്തത്തില്‍ 2048 മില്ലീമീറ്റര്‍ മഴ ലഭിച്ചപ്പോള്‍ ജനുവരി മുതല്‍ ജൂലൈ 21വരെയുള്ള കാലയളവില്‍ 1448 മില്ലിമീറ്റര്‍ മഴ പെയ്തു. ജൂണ്‍ മാസത്തില്‍ ശരാശരി 500 മില്ലിമീറ്റര്‍ മഴയാണ് പെയ്യേണ്ടത്. 2015 ല്‍ ജൂണില്‍ മാത്രം വയനാട്ടില്‍ 500 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഈ വര്‍ഷം അത് 350 ആയി കുറഞ്ഞു. ജൂണില്‍ 30 ശതമാനം മഴയുടെ കുറവുണ്ട്. മണ്‍സൂണാണ് മഴയുടെ അളവില്‍ സിംഹഭാഗവും സംഭാവന ചെയ്യുന്നത്.ഒരു വര്‍ഷം ശരാശരി ലഭിക്കേണ്ടത് 2000 മില്ലിമീറ്റര്‍ മഴയും. കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം പുറത്തുവിട്ട കണക്കുപ്രകാരവും ഏറ്റവും കുറവ് മഴ ലഭിച്ച ജില്ലയാണ് വയനാട്. ജൂണ്‍ ഒന്നിന് ആരംഭിച്ച് 22ന് അവസാനിച്ച മൂന്നാഴ്ച്ചക്കിടയില്‍ 66 ശതമാനം മഴയുടെ കുറവാണ് വയനാട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ വയനാടിന് ലഭിക്കേണ്ടിയിരുന്നത് 427 മില്ലിമീറ്റര്‍ മഴയായിരുന്നു. എന്നാല്‍ 146.7 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ജൂണ്‍ 15 മുതല്‍ 22 വരെയുള്ള കാലയളവില്‍ 76 ശതമാനം മഴയുടെ കുറവുണ്ടായി. കാലവര്‍ഷം ശക്തമാകേണ്ടിയിരുന്ന ജൂണ്‍ 16 മുതല്‍ 22 വരെയുള്ള ആഴ്ച്ചയില്‍ വയനാട്ടില്‍ 76 ശതമാനം കുറവാണുണ്ടായത്. 171.3 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിയിരുന്ന സ്ഥാനത്ത് 40.3 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.