മത്സ്യത്തൊഴിലാളികള്‍ ദേശീയപാത ഉപരോധിച്ചു

Sunday 24 July 2016 9:11 pm IST

ആലപ്പുഴ: മത്സ്യബന്ധനത്തിനിടെ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടുകിട്ടാഞ്ഞതിനെ തുടര്‍ന്നു മത്സ്യത്തൊഴിലാളികള്‍ ദേശീയപാത ഉപരോധിച്ചു. ദേശീയപാതയില്‍ തുമ്പോളിയില്‍ ഇന്നലെ വൈകിട്ട് നാലരയോടെ ആരംഭിച്ച ഉപരോധം രണ്ടുമണിക്കൂറോളം നീണ്ടുനിന്നു. തുടര്‍ന്ന് കൊച്ചിയില്‍നിന്നും നേവിയുടെ ഹെലികോപ്റ്റര്‍ എത്തി കടലില്‍ തിരച്ചില്‍ പുനരാരംഭിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. ഉപരോധത്തെ തുടര്‍ന്നു ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. കഴിഞ്ഞ 22നു ഉച്ചയ്ക്കു 12.30ഓടെയാണ് കടലില്‍ മത്സ്യബന്ധനത്തിനിടെ മാരാരിക്കുളം തെക്ക് ഓമനപ്പുഴ പുത്തന്‍പറമ്പില്‍ ആന്റണി(ആന്റോ-46)യെ കാണാതായത്. തുടര്‍ന്നു മത്സ്യത്തൊഴിലാളികളുടെ 25 വള്ളങ്ങളോളം തെരച്ചില്‍നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല. അറിയിച്ചതനുസരിച്ചു ഫിഷറീസിന്റെ നാലു മത്സ്യത്തൊഴിലാളികളുമായി എത്തിയ ബോട്ടും തെരച്ചില്‍നടത്തി. പിന്നീട് വൈകുന്നേരം 5.30ഓടെ നേവിയുടെ മുങ്ങല്‍വിദഗ്ധര്‍ എത്തിയെങ്കിലും ആഴക്കൂടുതല്‍ ഉള്ളതിനാല്‍ മുങ്ങിനോക്കുന്നതു പ്രായോഗികമല്ലെന്നു കണ്ടു തിരികെ പോകുകയായിരുന്നു. എന്നാല്‍ രാത്രി വൈകിയും ഇന്നലെ രാവിലെ മുതലും മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ തെരച്ചില്‍ നടത്തുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം വിലയിരുത്താന്‍ എത്തിയ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി തോമസ് ഐസക് ഇന്നലെ രാവിലെ വീണ്ടും നേവിയുടെ ഹെലികോപ്ടര്‍ എത്തുമെന്നു അറിയിച്ചെങ്കിലും വൈകുന്നേരമായിട്ടും എത്താഞ്ഞതിനെ തുടര്‍ന്നു കാണാതായ ആന്റണിയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നു ദേശീയപാത ഉപരോധിക്കുകയായിരുന്നു. കടലില്‍പോകുന്ന മത്സ്യത്തൊഴിലാളിയ്ക്കു വേണ്ടത്ര സുരക്ഷ ഒരുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. കോസ്റ്റല്‍ ഗാര്‍ഡിന്റെ ആകെയുള്ള മൂന്നുബോട്ടുകളില്‍ ഒന്ന് കത്തിപ്പോയെന്നും രണ്ടെണ്ണം കേടുപാടുകള്‍സംഭവിച്ചു മാറ്റിയിട്ടിരിക്കുകയുമാണെന്നും ഉപരോധത്തിനു നേതൃത്വം നല്കിയ ഓമനപ്പുഴ മുന്‍ഗ്രാമപഞ്ചായത്തംഗം ജാക്‌സണ്‍ ആരോപിക്കുന്നു. ഇത് ഉടനെയുള്ള തെരച്ചിലിനെയും ബാധിച്ചു. കഴിഞ്ഞ മൂന്നുദിവസമായി കടലില്‍ രാവുംപകലു തെരച്ചില്‍നടത്തുന്നത് മത്സ്യത്തൊഴിലാളികളാണെന്നും ഒരു വള്ളത്തിനു പതിനായിരക്കണക്കിനു രൂപ ഇന്ധനച്ചെലവ് ഉള്ളതായും അദ്ദേഹം പറഞ്ഞു. ഉപരോധം തുടങ്ങുന്നതിനു മിനിറ്റുകള്‍ക്കുമുമ്പുതന്നെ ഡിവൈഎസ്പി ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. തുടര്‍ന്നു എഡിഎം, തഹസീല്‍ദാര്‍, ആര്‍ഡിഒ തുടങ്ങിയ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ച നടത്തി. ഒടുവില്‍ നേവിയുടെ ഹെലികോപ്ടര്‍ തുമ്പോളി തീരദേശത്തു എത്തി തെരച്ചില്‍ പുനരാരംഭിച്ചതോടെയാണ് മത്സ്യത്തൊഴിലാളികള്‍ ഉപരോധം അവസാനിച്ചത്. രാത്രി വൈകിയും നേവിയുടെ ഹെലികോപ്ടര്‍ തെരച്ചില്‍ നടത്തുകയാണ്. കടലില്‍ നല്ല കാറ്റുള്ളതു തെരച്ചിലിനെ ബാധിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.