ശബരിമല തീര്‍ത്ഥാടനം: അയ്യപ്പന്‍താരയോട് അവഗണനതന്നെ

Monday 25 July 2016 10:40 am IST

എരുമേലി: ലക്ഷക്കണക്കിനു വരുന്ന ശബരിമല തീര്‍ത്ഥാടകരുടെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായ പരമ്പരാഗത കാനന പാതയിലെ 'അയ്യപ്പന്‍ താര' യോടുള്ള അവഗണന തുടരുന്നു. എരുമേലി പേട്ട കൊച്ചമ്പലം മുതല്‍ നേര്‍ച്ചപ്പാറ റബ്ബര്‍തോട്ടം വഴി പേരൂര്‍ത്തോട്ടിലെത്തിയിരുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള അയ്യപ്പന്‍താരയാണ് അധികൃതരുടെ കടുത്ത അനാസ്ഥയില്‍ തുറക്കാനാകാതെ കിടക്കുന്നത്. പഞ്ചായത്ത് റോഡ് രജിസ്റ്ററില്‍ പത്താംനമ്പറായി കിടന്നിരുന്ന പാത സമീപത്തെ എസ്‌റ്റേറ്റ് മുതലാളിമാര്‍ കയ്യേറിയതോടെയാണ് അയ്യപ്പന്‍ താര ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഉപയോഗിക്കാനാകാതെ പോയത്. ഇതിനിടെ അയ്യപ്പന്‍താര തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി യുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചതോടെയാണ് അയ്യപ്പന്‍താര പാതയെക്കുറിച്ച് പുറംലോകം അറിയുന്നത്. എന്നാല്‍ പാത കയ്യേറി കൃഷി നടത്തിയ ഭൂമി തിരിച്ചുനല്‍കാന്‍ കയ്യേറ്റക്കാര്‍ സമ്മതിച്ചിട്ടും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ല. എട്ടടി വീതിയില്‍ ഒന്നര കിലോമീറ്ററോളം ദൂരമുള്ള പാതയുടെ വ്യക്തമായ രേഖയും കണക്കും പഞ്ചായത്തിലുണ്ടങ്കിലും പാത അളന്ന് തിരിച്ച് മരങ്ങള്‍ വെട്ടിമാറ്റാന്‍ തയ്യാറാകാത്തതാണ് പ്രധാന കാരണം. അയ്യപ്പന്‍ താരയിലെ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ റവന്യൂ വകുപ്പ് രണ്ടു വര്‍ഷം മുന്‍പ് നിര്‍ദ്ദേശം നല്‍കിയെങ്കിലും വനംവകുപ്പിന്റേയും, പഞ്ചായത്തിന്റേയും അവഗണന മൂലം ഒന്നും ചെയ്യാനായില്ലെന്ന് ബി.ജെ.പി. പൂഞ്ഞാര്‍ നിയോക പ്രസിഡന്റ് വി.സി. അജികുമാര്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനന പാതയായ അയ്യപ്പന്‍താര തുറക്കണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്ന് റവന്യൂ വകുപ്പും, ബി.ജെ. പി യും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും നാട്ടുകാരുടേയും നേതൃത്വത്തില്‍ കാടുകള്‍ വെട്ടിതെളിച്ചെങ്കിലും മരങ്ങള്‍ വെട്ടിമാറ്റി പാത സഞ്ചാര യോഗ്യമാക്കാന്‍ കഴിഞ്ഞില്ല. അയ്യപ്പന്‍താര റോഡ് സ്വകാര്യ വ്യക്തികള്‍ കയ്യേറിയതോടെ ശബരിമല തീര്‍ത്ഥാടകരുടെ യാത്ര കടുത്ത ദുരിതത്തിലാണ്. നൂറു കണക്കിനു വാഹനങ്ങള്‍ സര്‍വ്വീസ് നടത്തുന്ന എരുമേലി പേരൂര്‍ത്തോട് വരെയുള്ള സംസ്ഥാന പാതയില്‍ കൂടിയുള്ള തീര്‍ത്ഥാടകരുടെ യാത്രയാണ് ജീവനുപോലും ഭീഷണിയായിരിക്കുന്നത്. ശബരിമല തീര്‍ത്ഥാടനമാരംഭിക്കാന്‍ രണ്ടു മാസം മാത്രം ബാക്കി നില്‍ക്കെ പാത തുറക്കുന്നതു സംബന്ധിച്ച് പഞ്ചായത്തും ഇരുട്ടില്‍ തപ്പുകയാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലെ പൊതുമരാമത്ത് മന്ത്രി നേരിട്ടെത്തി അയ്യപ്പന്‍താര പാത നവീകരിച്ച് മറ്റ് ദേശീയ പാതകളുമായി ബന്ധിപ്പിക്കുമെന്നു പറഞ്ഞുവെങ്കിലും ഒന്നുമുണ്ടായില്ല. പഞ്ചായത്തിന്റെ അധീനതയിലുള്ള അയ്യപ്പന്‍താര പാത തുറക്കുന്നതു സംബന്ധിച്ച് ഉടനെ തീരുമാനം എടുക്കുമെന്ന് എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ് കൃഷ്ണകുമാര്‍ പറഞ്ഞു. എന്നാല്‍ കയ്യേറിയ തീര്‍ത്ഥാടകരുടെ പാത തിരിച്ചു നല്‍കാന്‍ തയ്യാറായിട്ടും നടപടി സ്വീകരിക്കാനോ ഉന്നതാധികാരികളുടെ സഹായം തേടാനോ പഞ്ചായത്ത് ഭരണ സമിതി തയ്യാറായില്ലെന്ന് പൊതു പ്രവര്‍ത്തകനായ ലൂയിസ് ഡേവിഡ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.