ബിഎംഎസ് സ്ഥാപനദിനം 650 കേന്ദ്രങ്ങളില്‍ ആഘോഷിച്ചു

Sunday 24 July 2016 11:48 pm IST

കൊല്ലം താമരക്കുളം റെഡ്യാര്‍ കമ്യൂണിറ്റി ഹാളില്‍ നടന്ന യോഗം സംസ്ഥാന പ്രസിഡന്റ്
കെ.കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: 1955 ജൂലൈ 23ന് ലോകമാന്യ ബാലഗംഗാധരതിലകന്റെ ജന്മദിനത്തില്‍ സ്ഥാപിക്കപ്പെട്ട ബിഎംഎസ് 62-ാമത് സ്ഥാപനദിനം രാജ്യവ്യാപകമായി ആഘോഷിച്ചു. സ്ഥാപനദിനഭാഗമായി കേരളത്തില്‍ 650ല്‍ പരം സ്ഥലങ്ങളിലായിരുന്നു പൊതുയോഗങ്ങള്‍ നടന്നത്. സമൂഹ നന്മക്കായി തൊഴിലാളി ശക്തി എന്ന സന്ദേശമാണ് ബിഎംഎസ് നല്‍കുന്നത്.

തൊഴിലാളികളുടെ ഉന്നതിയിലൂടെ രാജ്യപുരോഗതിയാണ് ബിഎംഎസിന്റ ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ പറഞ്ഞു. കൊല്ലം താമരക്കുളം റെഡ്യാര്‍ കമ്യൂണിറ്റി ഹാളില്‍ നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആനുകൂല്യങ്ങള്‍ നേടിയെടുക്കാനും നേടിയെടുത്തവ നിലനിര്‍ത്താനും ആഗോളതലത്തില്‍ തന്നെ തൊഴിലാളികള്‍ നിരന്തര പ്രക്ഷോഭത്തിന് തയ്യാറാകേണ്ട സമയമാണ് വര്‍ത്തമാനകാലഘട്ടം. കേന്ദ്ര സര്‍ക്കാരില്‍ നിന്നും സാധാരണ ജനങ്ങളുടെ ക്ഷേമത്തെ ലാക്കാക്കിയുളള കൂടുതല്‍ നടപടികള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അക്രമത്തില്‍ കൂടി ഒരു ആദര്‍ശത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും കടുത്ത വെല്ലുവിളികളെ അതിജീവിച്ചാണ് ബിഎംഎസ് ഭാരതത്തിലെ ഒന്നാം സ്ഥാനത്ത് നില്‍കുന്ന യൂണിയനായി മാറിയതെന്നും ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍ കണ്ണൂര്‍ സ്ഥാപനദിന യോഗത്തില്‍ പങ്കെടുത്തു കൊണ്ട് പറഞ്ഞു.

ബിഎംഎസ് ദക്ഷിണേന്ത്യാ സംഘടനാ സെക്രട്ടറി എന്‍.എം. സുകുമാരന്‍ തിരുവനന്തപുരത്തും ദേശീയ സഹ സംഘടനാ സെക്രട്ടറി ബി. സുരേന്ദ്ര റാഞ്ചിയിലും സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി.രാജേഷ് മലപ്പുറത്തും സംസാരിച്ചു.
സംസ്ഥാന നേതാക്കളായ എം.പി. ഭാര്‍ഗവന്‍ കോട്ടയത്തും കെ.ഗംഗാധരന്‍ കോഴികോട്ടും വി. രാധാകൃഷ്ണന്‍ തൃശൂരും ബി.ശിവജി സുദര്‍ശന്‍ പാലക്കാട്ടും പി. ശശിധരന്‍ തിരുവനന്തപുരത്തും വി.വി.ബാലകൃഷ്ണന്‍ വയനാട്ടിലും ആര്‍. രഘുരാജ് കാസര്‍കോട്ടും അഡ്വ. ആശാമോള്‍ എറണാകുളത്തും അഡ്വ.ടി.പി. സിന്ധുമോള്‍ ആലപ്പുഴയിലും ജി.കെ. അജിത്ത് പത്തനംതിട്ടയിലും സംസാരിച്ചു. സ്ഥാപനദിനത്തില്‍ വിവിധ സ്ഥലങ്ങളില്‍ സേവനപ്രവര്‍ത്തനങ്ങളും നടത്തി.

നാഗര്‍കോവിലിലെ തൊഴിലാളി റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മുന്‍ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ അഡ്വ.സി.കെ.സജിനാരായണനും ഹൈദ്രാബാദില്‍ തൊഴിലാളികളെ അഭിസംബോധന ചെയ്തുകൊണ്ട് ബിഎംഎസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിര്‍ജേഷ് ഉപാധ്യായയും സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.