ആദ്യം സമാധാനം; പിന്നെ ചര്‍ച്ച: രാജ്‌നാഥ് സിങ്

Monday 25 July 2016 12:38 am IST

ന്യൂദല്‍ഹി: കശ്മീര്‍ പ്രശ്‌ന പരിഹാരത്തിന് മൂന്നാംകക്ഷിയുടെ ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് പറഞ്ഞു. കാശ്മീരിലെ ദ്വിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘര്‍ഷത്തില്‍ പാക്കിസ്ഥാന്റെ പങ്കിനെതിരെ രൂക്ഷ വിമര്‍ശനം രാജ്‌നാഥ്‌സിങ് നടത്തി. കശ്മീര്‍ യുവാക്കളെ ആയുധം എടുക്കാന്‍ പ്രേരിപ്പിക്കുന്നത് പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്ന് രാജ്‌നാഥ്‌സിങ് പറഞ്ഞു. ഏതെങ്കിലും ആവശ്യങ്ങള്‍ക്കായുള്ള ബന്ധമല്ല കശ്മീരുമായിട്ട് ഭാരതത്തിനുള്ളത്, അതു വൈകാരികമാണ്. ഭീകരരെ കൊലപ്പെടുത്താന്‍ ലാല്‍മസ്ജിദില്‍ കയറി നടപടിയെടുത്ത പാക്കിസ്ഥാന്‍, കശ്മീരി യുവാക്കളെ ഭീകരവാദത്തിനായി പ്രോത്സാഹിപ്പിച്ച് ആയുധമെടുക്കുകയാണ്. പാക്കിസ്ഥാനില്‍ ഭീകരവാദമെന്ന് കണക്കാക്കുന്നത് കശ്മീരിലെത്തുമ്പോള്‍ എങ്ങനെ വിശുദ്ധമാകുമെന്നും രാജ്‌നാഥ്‌സിങ് ചോദിച്ചു. കശ്മീരില്‍ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനായി എല്ലാ നടപടികളും കൈക്കൊള്ളും. സുരക്ഷാ സൈനികര്‍ക്ക് നേരേ കല്ലെറിയരുതെന്ന് കശ്മീരി യുവാക്കളോട് അഭ്യര്‍ത്ഥിച്ച ആഭ്യന്തരമന്ത്രി, കഴിവതും പെല്ലറ്റ് ഗണ്ണുകള്‍ പ്രതിഷേധക്കാര്‍ക്ക് നേരേ ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശിച്ചു. പെല്ലറ്റ് ഗണ്ണുകള്‍ക്ക് പകരം മറ്റേതെങ്കിലും തരത്തിലുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയ കാര്യവും രാജ്‌നാഥ്‌സിങ് ആവര്‍ത്തിച്ചു. സമാധാനാന്തരീക്ഷം ആദ്യം പുനഃസ്ഥാപിക്കപ്പെടട്ടെയെന്നും ഇതിനു ശേഷം വിഘടനവാദികള്‍ ഉള്‍പ്പെടെയുള്ള ഗ്രൂപ്പുകളുമായി ചര്‍ച്ച വേണോയെന്ന് തീരുമാനിക്കാമെന്നും രാജ്‌നാഥ്‌സിങ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.