ഞങ്ങളോടു കളിക്കേണ്ട; അക്രമത്തിന് ആഹ്വാനം ചെയ്ത് കോടിയേരി

Monday 25 July 2016 12:33 am IST

കണ്ണൂര്‍: പ്രതികാരക്കൊലയെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായിക്കു പിന്നാലെ, പാര്‍ട്ടി അണികളോട് ആയുധം കൈയിലെടുക്കാനും ആക്രമണം നടത്താനും ആഹ്വാനം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വേണ്ടിവന്നാല്‍ പോലീസ് സ്‌റ്റേഷനിലും ബോംബുണ്ടാക്കുമെന്ന പഴയ പ്രസ്താവനയെ കടത്തിവെട്ടിയാണ് ഇന്നലെ പയ്യന്നൂരില്‍ ഭരണകക്ഷിയുടെ സംസ്ഥാന സെക്രട്ടറി കൊലവിളി നടത്തിയത്. പയ്യന്നൂരില്‍ നടന്ന പാര്‍ട്ടി പരിപാടിയിലായിരുന്നു നിയമവ്യവസ്ഥയെ പരസ്യമായി വെല്ലുവിളിച്ച് കോടിയേരിയുടെ പ്രസ്താവന. പയ്യന്നൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ അജ്ഞാതസംഘം സിപിഎമ്മുകാരനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പേരില്‍ ബിഎംഎസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തുകയും പ്രദേശത്തും തൊട്ടടുത്ത പഞ്ചായത്തുകളിലുമായി നിരവധി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും സ്ഥാപനങ്ങളും പൂര്‍ണമായി സിപിഎം അക്രമികള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ സ്ഥലത്തുവെച്ചു തന്നെയാണ് വീണ്ടും അക്രമം നടത്താനുള്ള പാര്‍ട്ടി സെക്രട്ടറിയുടെ ആഹ്വാനമുണ്ടായത്. വീടുകള്‍ക്കും കടകള്‍ക്കും നേരെ അക്രമം പാടില്ലെന്ന് പറഞ്ഞ കോടിയേരി നയം പ്രഖ്യാപിച്ചു: ആക്രമിക്കാന്‍ ആരു വരുന്നുവോ അവരോടു കണക്കുതീര്‍ക്കണം. വന്നാല്‍ വന്നതുപോലെ തിരിച്ചുവിടില്ല എന്ന് പാര്‍ട്ടി ഗ്രാമങ്ങള്‍ തീരുമാനിക്കണം. അക്രമം കണ്ട് സ്തംഭിച്ചു നിന്നിട്ടു കാര്യമില്ല. പ്രതിരോധിക്കണം. വയലില്‍ പണിതന്നാല്‍ വരമ്പത്തു കൂലി കിട്ടും. അതുകൊണ്ട് സിപിഎമ്മിനോട് കളിക്കണ്ട, കോടിയേരി പറഞ്ഞു. പാര്‍ട്ടിയിലെ യുവജനങ്ങള്‍ക്ക് കായിക പരിശീലനം നല്‍കണമെന്നും കൂട്ടിച്ചേര്‍ത്തു. പയ്യന്നൂരില്‍ സിപിഎമ്മുകാരന്‍ കൊല്ലപ്പെട്ട കേസില്‍ ആര്‍എസ്എസ്-ബിജെപി നേതാക്കളെ പെടുത്തണമെന്ന് പ്രസംഗത്തില്‍ കോടിയേരി പോലീസിനോട് നിര്‍ദ്ദേശിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന മുന്നറിയിപ്പും കോടിയേരി നല്‍കിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.