പാര്‍ക്കിംഗ് സൗകര്യവും ദിശാസൂചികകളും ഇല്ലാത്ത നഗരകേന്ദ്രം

Monday 25 July 2016 11:38 am IST

രഞ്ജിത്ത് എബ്രാഹം തോമസ് പെരിന്തല്‍മണ്ണ: ആനയെ വാങ്ങാം; തോട്ടി വാങ്ങാന്‍ കഴിയില്ല. അതാണ് പെരിന്തല്‍മണ്ണയുടെ അവസ്ഥ. രണ്ട് സ്വകാര്യ ബസ്റ്റാന്‍ഡുകളും അതിനോട് ചേര്‍ന്ന് വ്യാപാര സമുച്ചയവും. എന്നാല്‍ കട്ടപ്പുറത്തായ വണ്ടിയുടെ അവസ്ഥയാണ് ഈ സ്റ്റാന്‍ഡുകള്‍ക്ക്. ആര്‍ക്കും വേണ്ടാതെ ദീര്‍ഘശ്വാസം വലിച്ച് കിടക്കുന്നു. ഫലമോ, സ്റ്റാന്‍ഡിനുള്ളില്‍ പ്രവേശിക്കേണ്ട സ്വകാര്യ ബസുകള്‍ തോന്നിയതുപോലെ നിര്‍ത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നു. ഇതുമൂലം നഗരത്തില്‍ എവിടെയും എപ്പോള്‍ വേണമെങ്കിലും ഗതാഗതക്കുരുക്ക് ഉണ്ടായേക്കാം. പെരിന്തല്‍മണ്ണയിലെ അഴിയാക്കുരുക്കുകള്‍ തേടി ജന്മഭൂമി നടത്തുന്ന അന്വേഷണം തുടരുന്നു. എവിടെ നോക്കിയാലും നോ പാര്‍ക്കിംഗ് നഗരത്തിലെത്തുന്ന ഡ്രൈവര്‍മാര്‍ പാര്‍ക്കിംഗിന് സ്ഥലം നോക്കി പരക്കം പായുന്നത് സ്ഥിരം കാഴ്ചയാണ്. എവിടെ നോക്കിയാലും ''നോ പാറ്ക്കിംഗ് '' ബോറ്ഡുകള്‍. കേരളത്തില്‍ തന്നെ ഇത്രയധികം നോ പാര്‍ക്കിംഗ് ബോര്‍ഡുകളുള്ള സ്ഥലം വേറെയുണ്ടോയെന്നും സംശയിച്ചു പോകും. അതുകൊണ്ട് തന്നെ കിട്ടുന്ന സ്ഥലത്ത് പാര്‍ക്ക് ചെയ്യുക എന്നതാണ് ഇവിടത്തെ രീതി. ഇത് വലിയ ഗതാഗതക്കുരുക്കിനാണ് വഴി തെളിക്കുന്നത്. ബൈപ്പാസ് ജംഗ്ഷന്‍-മാനത്തുമംഗലം റോഡിലും ടൗണ്‍ മുതല്‍ ജില്ലാ ആശുപത്രിവരെയും കുരുക്ക് ഉണ്ടാകാന്‍ പ്രധാന കാരണവും ഈ അനിയന്ത്രിത പാര്‍ക്കിംഗാണ്. ഈ വിഷയത്തില്‍ നിരവധി പരാതികള്‍ ഉയരുന്നുണ്ടെങ്കിലും നഗരസഭ മൗനം പാലിക്കുകയാണ്. ടൗണിലെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഉണ്ടാക്കി കൊടുക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കൃത്യനിര്‍വഹണത്തിലെ ഈ ഉദാസീനത മാറ്റിയാല്‍ പാര്‍ക്കിംഗ് പ്രശ്‌നം നിസാരമായി പരിഹരിക്കാവുന്നതെയുള്ളു. പെരിന്തല്‍മണ്ണ മനഴി സ്റ്റാന്‍ഡ് പരിസരത്തും പോലീസ് സ്റ്റേഷന്‍ റോഡിലും കൂട്ടിയിട്ടിരിക്കുന്ന നൂറ്കണക്കിന് തൊണ്ടി വാഹനങ്ങള്‍ എടുത്തു മാറ്റിയാല്‍ ഇവിടെ പാര്‍ക്കിംഗിന് ഉപകരിക്കാവുന്നതാണ്. നിശ്ചിത ഫീസ് ഈടാക്കിയാല്‍ അത് അധിക വരുമാനവുമാകും. ഒന്നോ രണ്ടോ ആളുകള്‍ക്ക് തൊഴിലും നല്‍കാം. ടൗണിലെത്തിയാല്‍ പിന്നെ ചോദിച്ച് ചോദിച്ച് പോകണം വഴിയറിയാതെ പെരിന്തല്‍മണ്ണ ടൗണിലെത്തിയാല്‍ നട്ടം തിരിയാനാണ് ഡ്രൈവര്‍മാരുടെ വിധി. നാല് റോഡുകള്‍ സംഗമിക്കുന്ന സ്ഥലങ്ങളില്‍ പോലും ദിശാസൂചികകളില്ല. നഗരത്തിന്റെ ഹൃദയഭാഗത്ത് നിര്‍ത്തി വഴി ചോദിക്കുകയാണ് ഒരേയൊരു വഴി. ആ സമയം കൊണ്ട് തൊട്ടുപുറകില്‍ വാഹനങ്ങളുടെ നിര തന്നെ രൂപപ്പെട്ടിട്ടുണ്ടാകും. കേവലം ഒരു ദിശാസൂചിക സ്ഥാപിച്ചാല്‍ ഈ ബുദ്ധിമുട്ടും കുരുക്കും ഒഴിവാക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.