കര്‍ഷകസമിതികള്‍ സജീവം

Monday 25 July 2016 11:52 am IST

പാലക്കാട്: പച്ചക്കറി സമൃദ്ധി ലക്ഷ്യമിട്ട് കേരള വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലുളള സ്വാശ്രയ കര്‍ഷക സമിതികള്‍ നടത്തുന്ന പച്ചക്കറി ചന്തകള്‍ ജില്ലയില്‍ സജീവം. ജില്ലയിലാകമാനം 23 കര്‍ഷകസമിതികളാണ് വിപുലമായ പച്ചക്കറി വിപണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പുതുപ്പരിയാരം, മലമ്പുഴ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുളള സമിതികള്‍ കൂര്‍ക്കയും, നെന്മാറ കേന്ദ്രീകരിച്ചുളള സമിതികള്‍ പടവലം, പാവക്ക, പയര്‍, വടകരപതി, പെരുമാട്ടി, എലവഞ്ചേരി സമിതികള്‍ വെണ്ട, വഴുതന, മുളക് , തുടങ്ങി മറ്റു ഇതര ഇനങ്ങളാണ് വിപണിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മണ്ണാര്‍ക്കാട്, മച്ചംതോട്, കാഞ്ഞിരപ്പുഴ, കാരാകുറിശ്ശി, കോത്തോപാടം, അലനെല്ലൂര്‍, കരിമ്പുഴ, വാണിയംകുളം, വെള്ളിനേഴി, തൃക്കടേരി, മലമ്പുഴ, പുതുപ്പരിയാരം, കിഴക്കഞ്ചേരി എന്നിവിടങ്ങളില്‍ വിവിധ പച്ചക്കറി ഇനങ്ങള്‍ക്ക് പുറമെ നേന്ത്രക്കായ വിപണിയിലാണ് ശ്രദ്ധയൂന്നിയിരിക്കുന്നത്. ഇത്തരം സ്വാശ്രയ കര്‍ഷക സമിതികള്‍ മുഖേന വി.എഫ്.പി.സി.കെ ജില്ലയില്‍ ദിവസത്തില്‍ 150 ടണ്ണോളം പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നു. ആവശ്യം വരുന്ന മുറക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും എത്തിക്കുന്നു. ഓണക്കാലം ലക്ഷ്യമിട്ട് കര്‍ഷക സമിതികള്‍ മുഖേന വി.എഫ്.പി.സി.കെ പച്ചക്കറിവിപണി ഊര്‍ജ്ജിതമാക്കുന്നതാണ്. സജീവമായി കര്‍ഷകവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന 300-ഓളം കര്‍ഷകരാണ് ഒരു സമിതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഒരു സമിതിയുടെ കീഴില്‍ രണ്ടൊ മൂന്നോ പഞ്ചായത്തുകള്‍ ഉള്‍പ്പെടും. കര്‍ഷകസമിതികള്‍ക്ക് വി.എഫ്.പി.സി.കെ മുഖേന വായ്പാ സഹായമുള്‍പ്പെടെയുളള ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. വി.എഫ്.പി.സി.കെ വഴി സ്വാശ്രയ കര്‍ഷക സമിതികളെ പരിപോഷിപ്പിച്ച് കര്‍ഷക പരിരക്ഷയും ഒപ്പം തന്നെ കാര്‍ഷിക അഭിവൃദ്ധിയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.