ബൈപാസ് നിര്‍മ്മാണം ദ്രുതഗതിയില്‍; രണ്ടാംഘട്ട മെറ്റല്‍ നിരത്തല്‍ ആരംഭിച്ചു

Monday 25 July 2016 1:02 pm IST

അഭിലാഷ് പെരുമണ്‍ അഞ്ചാലുംമൂട്: ജില്ലയുടെ സ്വപ്‌നപദ്ധതിയായ കൊല്ലം ബൈപാസിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുരീപ്പുഴ-കടവൂര്‍ ഭാഗത്ത് റോഡിനായി മെറ്റില്‍ നിരത്തി തുടങ്ങി. നീണ്ട കാത്തിരിപ്പുകള്‍ക്ക് വിരാമമെന്നോണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നു വരികയാണ്. മേവറം മുതല്‍ കല്ലുംതാഴം വരെ പണി പൂര്‍ത്തികരിച്ച് ഗതാഗത യോഗ്യമായെങ്കിലും കാടുകയറി മാലിന്യം തള്ളല്‍ കേന്ദ്രമായി മാറിയ കല്ലുംതാഴം മുതല്‍ കടവൂര്‍ -കാവനാട് വരെയുള്ള ഭാഗത്താണ് റോഡില്‍ മെറ്റില്‍ നിരത്തല്‍ ജോലികള്‍ നടന്നു വരുന്നത്. കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പിടിച്ചിട്ടിരുന്ന വാഹനങ്ങള്‍ ഇനിയും മാറ്റിയിട്ടില്ല. വാഹനങ്ങള്‍ മാറ്റാതെ മങ്ങാട് ഭാഗത്ത് മണ്ണിട്ട് നിരപ്പാക്കുന്ന ഭാഗവും നിര്‍ത്തി വച്ചിരിക്കുകയാണ്. രണ്ട് വര്‍ഷത്തിനകം ബൈപാസ് പൂര്‍ത്തിയാകുമെന്നാണ് കണക്കു കൂട്ടലുകള്‍. ഇതിന്റെ'ഭാഗമായി ജില്ലയുടെ ഏറ്റവും വലിയ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ ആരംഭിച്ചു. അഷ്ടമുടി കായലിന് കുറുകെ 876 മീറ്റര്‍ നീളമുള്ള കണ്ടച്ചിറ മങ്ങാട് കായല്‍വാരം മുതല്‍ തൃക്കടവൂര്‍ കോട്ടയ്ക്കകം പാലമാണ് ദ്രുതഗതിയില്‍ നിര്‍മാണം നടക്കുന്നത്. പാലത്തിന്റെ പൈലിങ് ജോലികളുടെയും തൂണുകളുടെയും അവസാനഘട്ടത്തിലാണ്. ഇതര സംസ്ഥാന തൊഴിലാളികളടക്കം നൂറുകണക്കിന് തൊഴിലാളികളാണ് രാവും പകലും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. ഇതേ സമയം തന്നെ തൃക്കടവൂര്‍ കുരീപ്പുഴയില്‍ നിന്നും കാവനാട് ആല്‍ത്തറമൂടിന് സമീപം കണിയാംകടവ് വരെയുള്ള അരവിള പാലത്തിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. 575 മീറ്ററാണ് അരവിള പാലത്തിന്റെ നീളം. ഇതിനു പുറമേ കടവൂരില്‍ നൂറുമീറ്റര്‍ നീളത്തില്‍ മറ്റൊരു പാലം കൂടി ഉണ്ടാകും. ഒന്നര വര്‍ഷമാണ് പാലങ്ങളുടെ നിര്‍മ്മാണത്തിനായി കരാര്‍ ഏജന്‍സി ആവശ്യപ്പെട്ടിരിക്കുന്നത്. പാലങ്ങള്‍ പൂര്‍ത്തിയായാല്‍ റോഡിന്റെ നിര്‍മ്മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകും. വെള്ളക്കെട്ടായ പ്രദേശങ്ങള്‍ മണ്ണിട്ട് നികത്തുന്ന ജോലികളും പുരോഗമിക്കുന്നു. കൊല്ലം ദേശീയപാതയില്‍ കാവനാട് മുതല്‍ മേവറം വരെ വരുന്ന 13 കിലോമീറ്റര്‍ പാതയാണ് 277 കോടി രൂപയില്‍ പൂര്‍ത്തിയാക്കുന്നത്. നിലവില്‍ 12 മീറ്റര്‍ വീതിയിലാണ് പാലത്തിന്റെ നിര്‍മ്മാണം. ദേശീയപാത വികസനത്തിനു കേന്ദ്രവും സംസ്ഥാനവും തുല്യമായി പണം ചെലവഴിക്കുന്ന രാജ്യത്തെ ആദ്യപദ്ധതിയാണ് കൊല്ലം ബൈപാസ്. 2015 ഏപ്രില്‍ പത്തിന് കാവനാട് ആല്‍ത്തറമൂട്ടില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയാണ് കൊല്ലം ബൈപാസിന്റെ അവസാനഘട്ട നിര്‍മാണപ്രവര്‍ത്തന പദ്ധതി ഉദ്ഘാടനം ചെയ്തത്. ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍ കമ്പനിയും ആര്‍ഡിഎസും ചേര്‍ന്നാണു കരാര്‍ എടുത്തിരിക്കുന്നത്. മേവറം-അയത്തില്‍, അയത്തില്‍-കല്ലുംതാഴം, കല്ലുംതാഴം-കടവൂര്‍, കടവൂര്‍-കാവനാട് എന്നിങ്ങനെ നാലു റീച്ചുകളിലായി 13.141 കിലോമീറ്ററാണ് ബൈപാസിന്റെ ആകെ ദൈര്‍ഘ്യം. അയത്തില്‍ മുതല്‍ മേവറം വരെ 1996ലും കല്ലുംതാഴം മുതല്‍ അയത്തില്‍ വരെ 1999ലും ഉള്‍പ്പെടെ 4.650 കിലോമീറ്റര്‍ നിര്‍മാണം പൂര്‍ത്തിയായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.