നിലവറ തുറന്നതില്‍ ആചാരലംഘനം ഉണ്ടോയെന്ന്‌ പരിശോധിക്കും: തന്ത്രി

Tuesday 5 July 2011 10:26 pm IST

ഇരിങ്ങാലക്കുട: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ തുറന്ന്‌ സ്വത്ത്‌ കണ്ടെത്തിയതില്‍ ആചാരലംഘനമുണ്ടോയെന്ന്‌ പരിശോധിക്കുമെന്ന്‌ ക്ഷേത്രം തന്ത്രി കുടുംബാംഗം നെടുമ്പിള്ളി തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട്‌ പറഞ്ഞു.
ഭഗവാന്‌ ചാര്‍ത്താറുള്ള ആഭരണങ്ങള്‍ സൂക്ഷിക്കുന്ന അറകള്‍ തുറക്കുന്നതിനു മുന്‍പ്‌ തങ്ങളോട്‌ കോടതിയോ പരിശോധനയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോ അഭിപ്രായം ആരാഞ്ഞിരുന്നില്ല. ആവശ്യമായിരുന്നുവെങ്കില്‍ തങ്ങളുടെ അഭിപ്രായം രേഖപെടുത്തുമായിരുന്നു. ഭഗവാന്‌ ചാര്‍ത്തുന്നതിന്‌ അറകളില്‍ നിന്ന്‌ മുതലുകള്‍ എടുക്കുമ്പോള്‍ ഇതുവരെ തന്ത്രിമാരുടെ സാന്നിദ്ധ്യം ആവശ്യമുണ്ടായിട്ടില്ല. മുമ്പൊന്നും കേട്ടുകേള്‍വി പോലും ഇല്ലാത്തതിനാല്‍ ആചാരലംഘനം ഉണ്ടോയെന്ന്‌ പിന്നീടേ പറയാന്‍ കഴിയൂവെന്നും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിലെ ആചാരക്രമങ്ങള്‍ ഇന്നും പഴയ രീതിയില്‍ തന്നെ തുടരുന്നതായും പരമേശ്വരന്‍ നമ്പൂതിരിപ്പാട്‌ പറഞ്ഞു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ കണ്ടെത്തിയത്‌ ക്ഷേത്രത്തിന്റെ സ്വത്തുക്കളാണെന്നും അത്‌ ക്ഷേത്രത്തില്‍ തന്നെ അതീവ സുരക്ഷയോടുകൂടി സംരക്ഷിക്കണമെന്നും ക്ഷേത്രം തന്ത്രികുടുംബാംഗം പറഞ്ഞു. ഇനി ക്ഷേത്ര മുതലുകള്‍ ക്ഷേത്രത്തില്‍ തന്നെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്കാണ്‌ ഉള്ളത്‌ അത്‌ അവര്‍ നിറവേറ്റണം.
നിയമവാഴ്ചയെ അംഗീകരിക്കുന്നതിനാല്‍ കോടതി നിര്‍ദ്ദേശപ്രകാരം നടന്ന പരിശോധനയില്‍ അഭിപ്രായം പറയുന്നില്ലെന്നും തന്ത്രി പറഞ്ഞു. രാജഭരണത്തിന്‍ കീഴിലുള്ള ക്ഷേത്രത്തില്‍ കാര്യങ്ങളെല്ലാം പരമ്പരാഗതമായ രീതിയില്‍ ഭംഗിയായാണ്‌ നടന്നിരുന്നത്‌. ക്ഷേത്ര സംബന്ധിയായ കാര്യങ്ങളില്‍ വേണ്ട സമയത്ത്‌ തങ്ങളോട്‌ അഭിപ്രായം ആരായാറുണ്ട്‌. ഭരണകാര്യങ്ങളില്‍ തന്ത്രിമാര്‍ ഇതുവരെ ഇടപെടുന്ന അവസ്ഥയും ഉണ്ടായിട്ടില്ല.
ക്ഷേത്രത്തിന്റെ താന്ത്രിക അവകാശം ഇരിങ്ങാലക്കുടയിലുള്ള നെടുമ്പിള്ളി തരണനെല്ലൂര്‍ കുടുംബത്തിനാണ്‌. അഞ്ചു നൂറ്റാണ്ടിന്റെ എഴുതപ്പെട്ട ചരിത്രം മനയിലുണ്ട്‌. ആചാര സവിശേഷതകള്‍ കൊണ്ട്‌ വ്യത്യസ്തമായ കേരളത്തിലെ പത്തു പദ്ധതി ക്ഷേത്രങ്ങളിലൊന്നായ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ ആറു തവണകളായി 60 ദിവസമാണ്‌ തന്ത്രിയുടെ സാന്നിദ്ധ്യം ഉണ്ടാകാറുള്ളത്‌.
-കെ. മനോജ്‌