മാസങ്ങള്‍ക്ക് മുന്‍പ് ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കരിങ്കല്‍ഭിത്തി തകര്‍ന്നു: പെരുവംപറമ്പ് പാലം അപകടത്തില്‍

Monday 25 July 2016 10:12 pm IST

ഇരിട്ടി: മാസങ്ങള്‍ക്ക് മുന്‍പ് ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കരിങ്കല്‍ ഭിത്തിയിടിഞ്ഞു പെരുവംപറമ്പ് പാലം വീണ്ടും അപകടാവസ്ഥയിലായി. കഴിഞ്ഞ കാലവര്‍ഷത്തോടെ യായിരുന്നു ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന പാതയിലെ ഈ പാലം പാലത്തിന്റെ തൂണുകളോട് ചേര്‍ന്ന കരിങ്കല്‍ ഭിത്തി തകര്‍ന്നതിനെ തുടര്‍ന്ന് അപകടത്തിലായത്. തുടര്‍ന്ന് മാസങ്ങളോളം പാലത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. ഇരിട്ടി പാലത്തില്‍ ഗതാഗതനിയന്ത്രണം വന്നതോടെ മൈസൂര്‍, കുടക് തുടങ്ങിയ കര്‍ണ്ണാടകത്തിന്റെ വിവിധ മേഖലകളില്‍ നിന്നുമുള്ള ഭാരവാഹനങ്ങള്‍ ഈ പാലത്തിലൂടെയാണ് വര്‍ഷങ്ങളായി കടന്നു പോകുന്നത്. അതുകൊണ്ട് തന്നെ പാലം ഭിത്തി തകര്‍ന്നു അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് ഈ പാലത്തിലും ഭാരനിയന്ത്രണം ഏര്‍പ്പെടുത്തുകയും പാലത്തിനു ഇതിനായി കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. അന്നത്തെ എംഎല്‍എയും പൊതുമരാമത്ത് വകുപ്പും ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനെത്തുടര്‍ന്നു ലക്ഷങ്ങള്‍ മുടക്കി പാലത്തിന്റെ ഭിത്തി കരിങ്കല്ലുകള്‍ കെട്ടി ബലപ്പെടുത്തി ഇതിലെ വാഹനനിയന്ത്രണം ഒഴിവാക്കുകയായിരുന്നു. ഈ ഭിത്തിയാണ് ഇപ്പോള്‍ തകര്‍ന്നു വീണിരിക്കുന്നത്. പഴശ്ശി റിസര്‍വോയറിലേക്ക് ഒഴുകുന്ന ഒരു കൈത്തോടിന് കുറുകെ യാണ് ഈ പാലം നിര്‍മ്മിച്ചിരിക്കുന്നത്. പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചാല്‍ ഇരുവശവും വെള്ളംകയറി തടാകസമാനമാകുന്ന പ്രദേശമാണ് ഇത്. കരിങ്കല്‍ഭിത്തി കെട്ടിയതിനു ശേഷം അഞ്ചു മാസത്തിലേറെ ഈ ഭിത്തി വെള്ളത്തില്‍ മുങ്ങിക്കിടന്നിരുന്നു. കാലവര്‍ഷം ശക്തി പ്രാപിക്കുമ്പോള്‍ ജലത്തിന്റെ ശക്തമായ കുത്തൊഴുക്കും ഈ തോടിലൂടെ ഉണ്ടാവാറുണ്ട്. അതുകൊണ്ടുതന്നെ ഭിത്തി കെട്ടിയുയര്‍ത്തുമ്പോള്‍ ഇതൊന്നും പരിഗണിക്കാത്ത രീതിയിലുള്ള നിര്‍മ്മാണം നടന്നതാവാം ഭിത്തി ഇടിയാന്‍ കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.