മുരളി ദേവ്‌റയും പുറത്തേക്ക്‌

Tuesday 5 July 2011 10:27 pm IST

ന്യൂദല്‍ഹി: പെട്രോളിയം മന്ത്രാലയം ഏര്‍പ്പെട്ട ചില എണ്ണ പര്യവേഷണ കരാറുകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന്‌ കമ്പ്ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയതിന്‌ പിന്നാലെ മുന്‍ പെട്രോളിയം മന്ത്രിയും ഇപ്പോള്‍ കേന്ദ്ര കോര്‍പ്പറേറ്റ്‌ കാര്യ മന്ത്രിയുമായ മുരളി ദേവ്‌റ രാജിവെക്കുന്നു.
ദേവ്‌റ പെട്രോളിയം മന്ത്രിയായിരിക്കെ 2006-08 വര്‍ഷങ്ങളില്‍ മന്ത്രാലയം ഏര്‍പ്പെട്ട ഖാനന കരാറുകള്‍ നടപ്പാക്കുന്നതില്‍ ഗുരുതരമായ ഒട്ടേറെ പാളിച്ചകള്‍ ഉണ്ടായിട്ടുണ്ടെന്ന്‌ സിഎജിയുടെ കരട്‌ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോര്‍ട്ട്‌ പുറത്തുവന്നതിന്‌ പിന്നാലെയാണ്‌ മുരളി ദേവ്‌റ രാജിക്ക്‌ ഒരുങ്ങിയിരിക്കുന്നത്‌. 2006 മുതല്‍ 2011 ജനുവരിവരെ ദേവ്‌റ പെട്രോളിയം മന്ത്രിയായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ നടന്ന മന്ത്രിസഭാ പുനഃസംഘടനയിലാണ്‌ അദ്ദേഹം കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയത്തിലേക്ക്‌ മാറിയത്‌.
പെട്രോളിയം മന്ത്രാലയത്തിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടുന്ന സിഎജി റിപ്പോര്‍ട്ട്‌ മാധ്യമങ്ങള്‍ക്ക്‌ വിശദീകരിച്ചുകൊടുത്ത ജയ്പാല്‍ റെഡ്ഡിയുടെ നടപടിയില്‍ ദേവ്‌റ അസ്വസ്ഥനായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ദേവ്‌റ പെട്രോളിയം മന്ത്രിയായിരിക്കെ കൃഷ്ണ ഗോദാവരി തടത്തില്‍ റിലയന്‍സ്‌ ഇന്‍ഡസ്ട്രീസിനും രാജസ്ഥാന്‍ ബ്ലോക്കില്‍ കീയേണ്‍ ഇന്ത്യ, പന്നമുക്ത ഗ്രൂപ്പിനും തപ്തി എണ്ണപ്പാടത്ത്‌ ബിജി ഗ്രൂപ്പിനും എണ്ണ പര്യവേഷണത്തിന്‌ അനുമതി നല്‍കിയതില്‍ ക്രമക്കേടുള്ളതായി സിഎജിയുടെ കരട്‌ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. ക്രമക്കേടുകളുടെയെല്ലാം ഉത്തരവാദിത്തം ദേവ്‌റക്കാണെന്ന്‌ പിന്‍ഗാമിയായ ജയ്പാല്‍ റെഡ്ഡി വാര്‍ത്താസമ്മേളനത്തില്‍ പരോക്ഷമായി വ്യക്തമാക്കിയതിന്റെ പേരില്‍ യുപിഎ മന്ത്രിസഭയില്‍ കടുത്ത ഭിന്നതയും രൂപപ്പെട്ടിരുന്നു.
ആരോഗ്യകാരണങ്ങളാലാണ്‌ രാജിയെന്ന്‌ ദേവ്‌റ അവകാശപ്പെടുന്നുണ്ടെങ്കിലും സിഎജി റിപ്പോര്‍ട്ടും തുടര്‍ന്ന്‌ മന്ത്രിസഭയിലുണ്ടായ ചേരിതിരിവും തന്നെയാണ്‌ രാജിക്ക്‌ വഴിയൊരുക്കിയതെന്ന്‌ പേര്‌ വെളിപ്പെടുത്താന്‍ വിസ്സമ്മതിച്ച ഒരു മുതിര്‍ന്ന കോണ്‍ഗ്രസ്‌ ഭാരവാഹി സൂചിപ്പിച്ചു. ദേവ്‌റക്ക്‌ പാര്‍ട്ടി പദവികളില്‍ ഏതെങ്കിലും അനുവദിക്കുമെന്നും ഇദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിക്ക്‌ രാജിക്കത്ത്‌ നല്‍കിയ ദേവ്‌റ മകനും തെക്കന്‍ മുംബൈയില്‍ രണ്ടാമതും എംപിയായ മിലിന്ദ്‌ ദേവ്‌റയെ സഹമന്ത്രിയാക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്തുവത്രെ. എന്നാല്‍, കേന്ദ്രമന്ത്രിസഭയില്‍നിന്ന്‌ രാജിവെക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും മറ്റൊന്നും താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ദേവ്‌റ ഇന്നലെ വാര്‍ത്താ ഏജന്‍സിയോട്‌ പറഞ്ഞു. താന്‍ രാജിവെച്ചിട്ടില്ലെന്നും കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയത്തിന്റെ ചുമതല ഒഴിയാന്‍ 'വാക്കാല്‍' സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നുമാണ്‌ അദ്ദേഹത്തിന്റെ വിശദീകരണം. 'കേന്ദ്രമന്ത്രിയെന്ന നിലയില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ട്‌. ഇനി താഴെയിറങ്ങുന്നതാണ്‌ ഉചിതമെന്ന്‌ കരുതുന്നു'. കൂടുതല്‍ വിശദീകരിക്കാതെ അദ്ദേഹം പറഞ്ഞു. ദേവ്‌റയുടെ രാജി നീക്കത്തോട്‌ സോണിയയുടെ പ്രതികരണമെന്തെന്ന്‌ വ്യക്തമല്ല.
സിഎജി റിപ്പോര്‍ട്ടിന്റെ പേരില്‍ ദേവ്‌റയെ പുറത്ത്‌ ചാടിക്കാനുള്ള ഊര്‍ജിത നീക്കവും കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നതായി സൂചനയുണ്ട്‌. അദ്ദേഹം രാജിക്കത്ത്‌ നല്‍കിയെന്ന്‌ ഒരു മുതിര്‍ന്ന ഭാരവാഹിതന്നെ പറഞ്ഞത്‌ ഇതിന്‌ തെളിവാണ്‌. രാജി വാഗ്ദാനം നല്‍കുക മാത്രമാണ്‌ ചെയ്തതെന്ന്‌ ദേവ്‌റയും പറയുന്നു.
ഹൈദരാബാദില്‍നിന്ന്‌ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ മടങ്ങിയെത്തിയാലുടന്‍ മന്ത്രിസഭാ പുനഃസംഘടന നടക്കുമെന്നും പറയപ്പെടുന്നു. ഇതിന്‌ മുമ്പ്‌ ദേവ്‌റയെ പുറത്ത്‌ ചാടിക്കാനാണ്‌ നീക്കം.