ആറന്മുള വിമാനത്താവള പദ്ധതിക്ക് ഇനി അനുമതിയില്ല: ഭാരതപ്പുഴയില്‍ പാരിസ്ഥിതിക പഠനം നടത്താന്‍ കേന്ദ്രം

Monday 25 July 2016 10:19 pm IST

ന്യൂദല്‍ഹി: കേരളത്തിലെ പ്രധാന നദിയായ ഭാരതപ്പുഴയില്‍ പാരിസ്ഥിതിക പഠനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നദിയുടെ നിലവിലെ അവസ്ഥ, മാലിന്യപ്രശ്‌നം, മണല്‍ഖനനം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി പഠനം നടത്താന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അറിയിച്ചു. ആറന്മുളയിലെ വിവാദ വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് ഇനിയൊരിക്കലും പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് അനുമതികള്‍ നല്‍കില്ലെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഭാരതത്തിലെ പ്രധാന 40 നദികളെക്കുറിച്ച് നടത്തുന്ന സമഗ്ര പഠനത്തിന്റെ ഭാഗമായാണ് ഭാരതപ്പുഴയെക്കുറിച്ചുള്ള പഠനവും നടത്തുക. നദിയുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും അനില്‍ മാധവ് ദവെ പറഞ്ഞു. ഭാരതപ്പുഴയുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനുമായി പ്രവര്‍ത്തിക്കുന്ന നിള വിചാരവേദിയുടെ സെക്രട്ടറി വിപിന്‍ കൂടിയേടത്ത്, പ്രവര്‍ത്തക സമിതിയംഗം പ്രദീപ് നമ്പ്യാര്‍ എന്നിവര്‍ക്കാണ് കേന്ദ്ര പരിസ്ഥിതി മന്ത്രി ഉറപ്പ് നല്‍കിയത്. ഭാരതപ്പുഴയുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യങ്ങളെപ്പറ്റി തയ്യാറാക്കിയ ഡോക്യുമെന്ററിയും നിള വിചാരവേദി കേന്ദ്രമന്ത്രിയെ കാണിച്ചു. നിളവിചാര വേദിയുടെ ആഭിമുഖ്യത്തില്‍ രണ്ടു വര്‍ഷം മുമ്പ് നടത്തിയ നിള പരിക്രമയില്‍ അന്ന് എംപിയായിരുന്ന അനില്‍ മാധവ് ദവെയും ദിവസങ്ങളോളം പങ്കെടുത്തിരുന്നു. പാരിസ്ഥിതിക വിഷയങ്ങളുമായി ബന്ധപ്പെട്ട സമരങ്ങളിലൂടെ ഉയര്‍ന്നു വന്ന അനില്‍ മാധവ് ദവെ വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതലയിലെത്തിയത് രാജ്യത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെല്ലാം ആവേശമായിട്ടുണ്ട്. നര്‍മ്മദാ സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയാണ് അനില്‍ മാധവ് ദവെ ശ്രദ്ധേയനായത്. ആറന്മുളയിലെ വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി അപ്രൈസല്‍ കമ്മറ്റി ഈ മാസം 29ന് കെജിഎസ് ഗ്രൂപ്പിന്റെ അപേക്ഷ പരിഗണിക്കാനിരിക്കെ ആറന്മുള വിമാനത്താവള പദ്ധതി അടഞ്ഞ അധ്യായമാണെന്ന് വനം-പരിസ്ഥിതി മന്ത്രി ആവര്‍ത്തിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.