കോടിയേരിക്കെതിരെ കേസെടുക്കണം: ബിജെപി

Tuesday 26 July 2016 12:38 am IST

തിരുവനന്തപുരം: സായുധ കലാപത്തിന് പരസ്യമായി ആഹ്വാനം ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന് ബിജെപി പ്രതിനിധി സംഘം ഡിജിപിയോട് ആവശ്യപ്പെട്ടു. പയ്യന്നൂരിലെ പ്രസംഗത്തിലാണ് കോടിയേരി പ്രകോപനപരമായി സംസാരിച്ചത്. ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡിജിപിയെ സന്ദര്‍ശിച്ച് പരാതി നല്‍കിയത്. സംസ്ഥാന ഉപാദ്ധ്യന്‍ ജോര്‍ജ്ജ് കുര്യന്‍, വക്താവ് അഡ്വ.ജെ.ആര്‍. പത്മകുമാര്‍ എന്നിവരും സംഘത്തില ുണ്ടായിരുന്നു. അണികളോട് ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്യുന്ന രാജ്യത്തെ ഏക രാഷ്ട്രീയ നേതാവാണ് കോടിയേരിയെന്ന് കൃഷ്ണദാസ് പറഞ്ഞു. അക്രമത്തിന് പ്രേരിപ്പിച്ചതിന് ഐപിസി 108 പ്രകാരം കോടിയേരിക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിശോധിച്ച് നടപടിയെടുക്കാമെന്ന് ഡിജിപി ഉറപ്പു നല്‍കിയതായി നേതാക്കള്‍ അറിയിച്ചു. കോടിയേരി സായുധ കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സിപിഎം നടത്താന്‍ ഉദ്ദേശിക്കുന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നാവശ്യപ്പെട്ട് േപാലീസിനെ കോടിയേരി ഭീഷണിപ്പെടുത്തുകയാണെന്നും കുമ്മനം ആരോപിച്ചു. പുതിയ കെട്ടിടത്തിലേക്ക് മാറിയ ബിജെപി സംസ്ഥാന കാര്യാലയം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുമ്മനം. സിപിഎം പ്രവര്‍ത്തകരെ പൊലീസ് സഹായിക്കുന്നില്ലെന്ന കോടിയേരിയുടെ പരാതി പോലീസിനെ ഭീഷണിപ്പെടുത്താനാണ്. ഈ പ്രസ്താവന ആഭ്യന്തര വകുപ്പ് ഭരിക്കുന്ന പിണറായി വിജയന് നേരെയുള്ള ഒളിയമ്പ് കൂടിയാണ്. പിണറായിയെ വിശ്വാസമില്ലെന്ന് പറയാതെ പറയുകയാണ് കോടിയേരി. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ആയുധമെടുക്കണമെന്ന പാര്‍ട്ടി സെക്രട്ടറിയുടെ ആഹ്വാനം അക്രമത്തിന് ലൈസന്‍സ് നല്‍കല്‍. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ അക്രമിക്കുന്നവര്‍ക്ക് പാര്‍ട്ടി എല്ലാ പിന്തുണയും നല്‍കുമെന്നാണ് കോടിയേരിയുടെ പ്രസംഗം നല്‍കുന്ന സൂചന. ഇത് നടപ്പാക്കാന്‍ അണികള്‍ ഇറങ്ങിത്തിരിച്ചാല്‍ കേരളം കുരുതിക്കളമാകുമെന്ന് ഉറപ്പാണ്. കോടിയേരിക്കെതിരെ കേസെടുക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. കോടിയേരി കലാപത്തിനു ആഹ്വാനം ചെയ്യുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കൂലി വരമ്പത്തെന്ന കോടിയേരിയുടെ പ്രസ്താവന ഇതിനുള്ള തെളിവാണ്. ഒരു രാഷ്ട്രീയ നേതാവിനു ചേരുന്ന വാക്കുകളല്ല കോടിയേരിയുടേത്. ചെന്നിത്തല പറഞ്ഞു. ആക്രമിക്കാന്‍ വരുന്നവരോടു കണക്കുതീര്‍ക്കണമെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കണമെന്നു കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. പരസ്യമായി അക്രമത്തിന് ആഹ്വാനം ചെയ്യുന്നതു ക്രിമിനല്‍ കുറ്റമാണ്. കോടിയേരിയുടെ നടപടി നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും സുധീരന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.