ചവറ: ക്ഷേത്രത്തിലെ വഞ്ചി കുത്തിതുറന്ന് മോഷണം. ക്ഷേത്രത്തിനുള്ളിലെ മുറിയില്‍ സൂക്ഷിച്ചിരുന്ന വിളക്കുകള്‍, ഉരുളി, ശ്രീകോവിലിന് മുന്നില്‍ തൂക്കിയിരുന്ന കുത്തുവിളക്ക് എന്നിവ കവര്‍ന്നു. ചവറ പുത്തന്‍കോവില്‍ ശാസ്തമംഗലം ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ഞായറാഴ്ച പുലര്‍ച്ചെ നട തുറക്കാനെത്തിയ ശാന്തിമാരായ ലാല്‍, സജി എന്നിവരാണ് വഞ്ചി കാണാതായതോടെ നടത്തിയ തിരച്ചിലില്‍ മോഷണവിവരം അറിയുന്നത്. ക്ഷേത്രത്തിന് മുന്നിലെ ആല്ത്തറയില്വെച്ചിരുന്ന കാണിക്കവഞ്ചി അന്‍പത് മീറ്റര്‍ അകലെ പൂട്ട് തകര്‍ത്ത് പണം കവര്‍ന്നശേഷം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പിന്നീട് നടത്തിയ പരിശോധനയിലാണ് വിളക്കുകളും പാത്രങ്ങളും പോയതറിയുന്നത്. നാലു മാസങ്ങള്‍ക്ക് മുന്‍പാണ് കാണിക്കവഞ്ചി അവസാനമായി തുറന്നത്. ക്ഷേത്രഭരണ സമിതിയുടെ പരാതിയില്‍ ചവറ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: